ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന് വേണ്ടി സ്ഫോടകവസ്തുക്കൾ നിർമിക്കാനുള്ള രാസവസ്തുക്കൾ വാങ്ങിയത് ആമസോൺ മുഖാന്തിരമെന്ന് വെളിപ്പെടുത്തൽ. ഭീകരാക്രമണക്കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത വൈസുൽ ഇസ്ലാം, മൊഹമ്മദ് അബ്ബാസ് റാത്തർഎന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. പുൽവാമ ആക്രമണത്തിന് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ആണ് ഉപയോഗിച്ചത്. ഇത് നിർമിക്കുന്നതിനുള്ള രാസവസ്തുക്കളും, ബാറ്ററികളും മറ്റ് സാധനങ്ങളുമാണ് ഇ- കൊമേഴ്സ് സൈറ്റായ ആമസോണിൽ നിന്ന് വാങ്ങിയതെന്ന് ഇവർ പറയുന്നു. ഇത്തരത്തിൽ വാങ്ങിയ സാധനങ്ങൾ ഭീകരർക്ക് നേരിട്ട് കൊണ്ടുപോയി കൊടുത്തത് വൈസുൽ ഇസ്ലാമാണെന്ന് എൻഐഎ പറയുന്നു. മാത്രമല്ല 2018 ഏപ്രിൽ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ജെയ്ഷെ മുഹമ്മദ് ഭീകരനും ബോംബ് നിർമാണ വിദഗ്ധനുമായ മൊഹമ്മദ് ഉമറിന് വൈസുൽ ഇസ്ലാം തന്റെ വീട്ടിൽ താമസ സൗകര്യവും ഒരുക്കി നൽകിയെന്നും അധികൃതർ പറഞ്ഞു. ഇയാളെ കൂടാതെ ചാവേറായ അദിൽ അഹമ്മദ് ദറിനും ജെയ്ഷെ ഭീകരരായ സമീർ അഹമ്മദ് ദർ, കമ്രാൻ എന്നിവരെ പുൽവാമ ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് വരെ സ്വന്തം വീട്ടിൽ ഇയാൾ താമസിപ്പിച്ചിരുന്നു. ഇതിൽ ചാവേറായ ആദിലിനെ മറ്റൊരു ജെയ്ഷെ സഹായി ആയ താരിഖ് അഹമ്മദ് ഷായുടെ വീട്ടിൽ എത്തിച്ചതും വൈസുൽ ഇസ്ലാമാണ്. ഇവിടെ വെച്ചാണ് ഭീകരാക്രമണത്തിന് മുന്നോടിയായുള്ള വീഡിയോ സന്ദേശം ചിത്രീകരിച്ചതെന്നും എൻഐഎ പറയുന്നു. പുൽവാമ ആക്രമണത്തിന് അമോണിയംനൈട്രേറ്റ്, നൈട്രോ ഗ്ലിസറിൻ, ആർഡിഎക്സ് എന്നിവയുപയോഗിച്ചാണ് ഭീകരർ ബോംബ് നിർമിച്ചത്. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം നടന്നത്. പിന്നാലെ ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ബാലകോട്ടിൽ ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങളിൽ ബോംബിട്ടിരുന്നു. ഇന്ത്യാ- പാക് ബന്ധം വളരെ വഷളാക്കിയ സംഭവമായിരുന്നു പുൽവാമ ആക്രമണം. ഈ ആക്രമണത്തിൽ പങ്കെടുത്ത ഭീകരരെ സൈന്യം ഒന്നൊഴിയാതെ ഏറ്റുമുട്ടലുകളിൽ കൊലപ്പെടുത്തി. Content Highlights:Pulwama Attack, Man Bought Chemicals On Amazon To Make Bomb
from mathrubhumi.latestnews.rssfeed https://ift.tt/2xifjOZ
via
IFTTT