പത്തനംതിട്ട: കൊറോണവൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ യാത്രാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കും. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ നിർബന്ധമായും വിമാനത്താവളങ്ങളിലും മറ്റു കേന്ദ്രങ്ങളിലും സ്വയം റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കർശന നടപടി എടുക്കും. മനഃപൂർവ്വം പകർച്ചവ്യാധി പടർത്തുന്നതായി കണക്കാക്കി ഇത്തരക്കാർക്കെതിരെ കേസെടുക്കും. പിഴയും ശിക്ഷാ നടപടിയും ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ടയിലെ കുടുംബം വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരാകാത്തതിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്. ഇവർ രോഗം മറച്ചുവെച്ചത് മറ്റുള്ളവരിലേക്ക് പടരാൻ കാരണമായതായിപത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. മറച്ചുവെച്ചില്ലെന്നും നിർബന്ധിക്കാതെ തന്നെ ആശുപത്രിയിൽ പോയതെന്നുമുള്ള ഈ കുടുംബത്തിന്റെ അവകാശവാദവും കളക്ടർ തള്ളി. നാട്ടിലെത്തിയ ശേഷം ഇവർ പനിക്ക് മരുന്ന് വാങ്ങിയിരുന്നു. ബന്ധുക്കൾക്ക് രോഗലക്ഷണങ്ങൾ കണ്ട ശേഷം ആരോഗ്യ വകുപ്പ് നിർബന്ധിച്ചാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കളക്ടർ അറിയിച്ചു. രോഗം ബാധിച്ചവരുടെ പ്രായമായ മാതാപിതാക്കളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടെ പത്തനംതിട്ടയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. ബസിൽ ജോലി ചെയ്യുന്ന ജീവനക്കർക്ക് മാസ്ക് ധരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട കോടതിയിലെ സാധാരണ നടപടികൾ അഞ്ച് ദിവസത്തേക്ക് നിറുത്തിവെക്കുകയും ചെയ്തു. പത്തനംതിട്ടയിൽ 15 പേർ ആശുപത്രിയിലാണ്. ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾ കഴിയുമെങ്കിൽ രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ അഞ്ചും കൊച്ചിയിൽ മൂന്നു വയസുകാരനുമടക്കം നിലവിൽ സംസ്ഥാനത്ത് ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പത്തനംതിട്ടയിലെ മൂന്നുപേർ ഇറ്റലിയിൽ നിന്നെത്തിയവരായിരുന്നു. ഇവരിൽ നിന്നാണ് ബന്ധുക്കളായ മറ്റു രണ്ടു പേർക്ക് പകർന്നത്. കൊച്ചിയിൽ ഇറ്റലിയിൽ നിന്ന് തന്നെ എത്തിയ കുടുംബത്തോടൊപ്പമെത്തിയ മൂന്നു വയസുകാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ നിന്ന് തന്നെ ഈ കുഞ്ഞിന് രോഗലക്ഷണങ്ങൾ കണ്ടെത്താനായിരുന്നു. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ യോഗം ചേർന്ന് വിലയിരുത്തി. രോഗ ബാധിതർ ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. Content Highlights:Corona; Action will be taken against those who do not self-report travel information
from mathrubhumi.latestnews.rssfeed https://ift.tt/2VSXT5L
via
IFTTT