കൊച്ചി: പാർട്ടി ഓഫീസ് ഒഴിയാൻ കുടികിടപ്പായി നൽകിയ പണം മുഴുവൻ കിട്ടിയില്ലെന്ന പരാതിയുമായി സി.പി.ഐ. എം.എൽ. (റെഡ്ഫ്ലാഗ്), സി.പി.എം. സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. ഇതേ തുടർന്ന് കാര്യങ്ങൾ അന്വേഷിക്കാൻ സി.പി.എം. പാർട്ടി കമ്മിഷനെ വെച്ചു. എറണാകുളത്ത് കാനൻ ഷെഡ്ഡ് റോഡിലുണ്ടായിരുന്ന മാരുതി ലോഡ്ജ്, വിജയ ബാങ്ക് ഏറ്റെടുത്ത ശേഷം പൊളിക്കുന്നതിനു മുമ്പായി അവിടെ വർഷങ്ങളായി പ്രവർത്തിച്ചുവന്നിരുന്ന കർഷക സംഘം, സി.പി.ഐ. എം.എൽ. (റെഡ്ഫ്ലാഗ്) അടക്കം 13 കക്ഷികളെ ഒഴിപ്പിക്കേണ്ടതായി വന്നു. സി.പി.എം. മുൻ ഏരിയ സെക്രട്ടറിയായിരുന്ന സി.ഐ.ടി.യു. സംസ്ഥാന നേതാവാണ് ചർച്ചകൾക്ക് മുൻകൈ എടുത്തത്. മറ്റുള്ളവർ നൽകിയ മുക്ത്യാറിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കു വേണ്ടിയും ചർച്ചകൾ നടന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഏകദേശം നാലരക്കോടിയോളം രൂപയുടെ ഇടപാടാണ് നടന്നത്. ഇതിൽ റെഡ്ഫ്ലാഗിന് നൽകാമെന്ന് ബാങ്ക് സമ്മതിച്ച തുക കുറവായതിനാൽ അവർ അത് അംഗീകരിക്കാൻ തയ്യാറായില്ല. അവർ നിയമ നടപടിയിലേക്ക് നീങ്ങാൻ ഒരുങ്ങി. ഇതോടെ മൊത്തം ഇടപാട് നടക്കില്ലെന്നായപ്പോൾ സി.പി.എം. ജില്ലാ നേതൃത്വം ഇടപെട്ട് റെഡ്ഫ്ലാഗിനെ അനുനയിപ്പിക്കുകയായിരുന്നു. സി.പി.എമ്മിനു കീഴിൽ വരുന്ന യൂണിയനുകൾക്കായി കിട്ടുന്ന തുകയിൽനിന്ന് ഒരു വിഹിതം റെഡ്ഫ്ലാഗിന് നൽകാമെന്നും ഇപ്പോൾ നൽകുന്ന തുക വാങ്ങണമെന്നുമായിരുന്നു വാഗ്ദാനം. അതുപ്രകാരം മുറി ഒഴിഞ്ഞ് റെഡ്ഫ്ലാഗ് കച്ചേരിപ്പടിക്കടുത്ത് പുതിയ ഓഫീസ് എടുത്തു. എന്നാൽ, സി.പി.എം. നൽകാമെന്നു പറഞ്ഞ തുക റെഡ്ഫ്ലാഗിന് കിട്ടിയില്ല. പണം കിട്ടുമെന്ന പ്രതീക്ഷയിൽ പാർട്ടി ഏറെനാൾ കാത്തിരുന്നു. ഏതാണ്ട് ഒരു വർഷത്തോളമായിട്ടും അനുകൂല തീരുമാനം ഉണ്ടായില്ല. ഇതോടെ റെഡ്ഫ്ളാഗ് പരാതിയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സമീപിക്കുകയായിരുന്നു. റെഡ്ഫ്ലാഗ് ഇപ്പോൾ ഇടതുമുന്നണിയുമായി സഹകരിച്ചാണ് നീങ്ങുന്നത്. അവരുടെ പരാതി കിട്ടിയപ്പോൾ കോടിയേരി ബാലകൃഷ്ണൻ, വേണ്ടത് ചെയ്യാൻ സി.പി.എം. ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. റെഡ്ഫ്ലാഗ് ജില്ലാ നേതൃത്വവുമായി കോടിയേരി കൂടിക്കാഴ്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ഏറ്റു. 'മാരുതി ഇടപാട്' പരിശോധിച്ച സി.പി.എം. നേതൃത്വത്തിന് അതിൽ ന്യായീകരിക്കാൻ കഴിയാത്ത ചില കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ അതു സംബന്ധിച്ച് വിശദമായി അന്വേഷിക്കാൻ ജില്ലയിലെ രണ്ട് മുതിർന്ന നേതാക്കളെ പാർട്ടി കമ്മിഷനായി ചുമതലപ്പെടുത്തിയിരിക്കുകയാണ്. രാഷ്ട്രീയ ചരിത്രത്തിൽ ഏറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള, എറണാകുളം ബോട്ട്ജെട്ടിക്കടുത്തുള്ള മാരുതി ലോഡ്ജിലാണ് ജില്ലയിലെ സി.പി.എമ്മിനെ വർഷങ്ങളോളം നയിച്ച് എ.പി. വർക്കി താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം മുറി കർഷകസംഘം ഓഫീസായി പ്രവർത്തിച്ചുവരികയായിരുന്നു. ലോഡ്ജിന്റെ നടത്തിപ്പുകാരായ രാഘവേന്ദ്ര പ്രഭു, വൈ.എസ്. ശാന്താറാം തുടങ്ങിയവരിൽനിന്ന് ദീർഘനാളത്തെ നിയമയുദ്ധത്തിനു ശേഷം വിജയ ബാങ്ക് സ്ഥലവും കെട്ടിടവും ഏറ്റെടുക്കുകയായിരുന്നു. പഴകിയ ലോഡ്ജ് പൊളിക്കുന്നതിന് ബാങ്ക് എത്തിയപ്പോഴാണ് അവിടെ വർഷങ്ങളായി കഴിഞ്ഞിരുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും ഒഴിപ്പിക്കുന്ന പ്രശ്നം ഉയർന്നത്. അവർ നിർദേശിച്ച ആളുമായി ചർച്ചകൾ നടത്തി, നഷ്ടപരിഹാരം നൽകി ബാങ്ക് സ്ഥലം ഏറ്റെടുത്ത് ലോഡ്ജ് പൊളിക്കുകയും ചെയ്തു. അവിടെയിപ്പോൾ ബാങ്കിന്റെ കെട്ടിട നിർമാണം നടക്കുകയാണ്. Content Highlights: Kodiyeri hold discussion
from mathrubhumi.latestnews.rssfeed https://ift.tt/2Il4zld
via
IFTTT