ഭോപ്പാൽ: മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി 18 എം.എൽ.എ.മാർ ബെംഗളൂരുവിലേക്ക് കടന്നതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുമായി ബന്ധപ്പെടാനാകാതെ പാർട്ടി നേതൃത്വം. സിന്ധ്യയുടെ നിർദേശ പ്രകാരമാണ് എംഎൽഎമാർ ബെംഗളൂരുവിലേക്ക് കടന്നത്. എന്നാൽ അനുരഞ്ജനത്തിനായി പാർട്ടി തലപ്പത്തുനിന്ന് തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സിന്ധ്യ ചർച്ചകൾക്ക് തയ്യാറാകുന്നില്ലെന്നാണ് റിപ്പോർട്ട്. തങ്ങൾ സിന്ധ്യയെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിന് പന്നിപ്പനിയാണെന്ന് പറയുന്നു. അതുക്കൊണ്ട് സംസാരിക്കാൻ കഴിയില്ലെന്നാണ് അറിയിച്ചത് പാർട്ടിയിലെ മുതിർന്ന നേതാവ് ദിഗ്വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശിലെ വോട്ടർമാരുടെ ഉത്തരവിനെ അവഹേളിക്കുന്നവർക്ക് ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ധർമ്മബോധമുള്ള ആളുകൾ പാർട്ടിയിൽ തുടരുമെന്നും ദിഗ് വിജയ് സിങ് വ്യക്തമാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസിനുള്ളിലെ പോര് മറനീക്കി പുറത്ത് വന്നിരിക്കുന്നത്. രണ്ടുതവണ മുഖ്യമന്ത്രിയായ ദിഗ്വിജയ് സിങ്ങിന്റെ രാജ്യസഭയിലെ കാലാവധി ഏപ്രിലിൽ അവസാനിക്കുകയാണ്. ഒഴിവുവരുന്ന ഈ സീറ്റിൽ ദിഗ്വിജയ്സിങ്ങും പി.സി.സി. അധ്യക്ഷസ്ഥാനം ലഭിക്കാത്തതിനാൽ കലാപക്കൊടിയുയർത്തുന്ന ജ്യോതിരാദിത്യ സിന്ധ്യയും അവകാശവാദമുന്നയിക്കുന്നുണ്ട്. സ്വതന്ത്രർ (നാല്), ബി.എസ്.പി. (രണ്ട്), എസ്.പി. (ഒന്ന്) എന്നിവയുടെ പിന്തുണയോടെ രണ്ടു രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസിന് വിജയിക്കാനാവും. ദിഗ്വിജയ്സിങ്ങിനും സിന്ധ്യയ്ക്കും ഇതു നൽകിയാൽ പി.സി.സി. അധ്യക്ഷനും മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് സീറ്റു ലഭിക്കാതാവും. അതിനാൽ പ്രിയങ്കാഗാന്ധിയെ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് കമൽനാഥിന്റെ ശ്രമം നടത്തിയിരുന്നു. ഇതിനിടയിലാണ് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരെ സിന്ധ്യ ബെംഗളൂരുവിലേക്ക് മാറ്റിയിരിക്കുന്നത്. ഇതിനിടെ സർക്കാരിനെ പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടുത്താൻ തന്ത്രങ്ങൾ പയറ്റുകയാണ് മുഖ്യമന്ത്രി കമൽനാഥ്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ കമൽനാഥ് വിളിച്ചു ചേർത്ത അടിയന്തരയോഗത്തിൽ പങ്കെടുത്ത 20 മന്ത്രിമാർ രാജിസമർപ്പിച്ചു. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം നിൽക്കുന്ന വിമതരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് കമൽനാഥിന്റെ നീക്കമെന്നാണ് സൂചന. 29 അംഗങ്ങളാണ് കമൽനാഥ് മന്ത്രിസഭയിലുണ്ടായിരുന്നത്. ഇവരിൽ യോഗത്തിൽ പങ്കെടുത്ത ഇരുപതുപേരാണ് രാജിസമർപ്പിച്ചിട്ടുള്ളത്. അതേ സമയം ജ്യോതിരാദിത്യ സിന്ധ്യയെബിജെപിയിലേക്ക് സ്വാഗതം ചെയ്ത് നരോത്തം മിശ്ര രംഗത്തെത്തി. സിന്ധ്യ വലിയ നേതാവാണ്. ബിജെപിയിലെ എല്ലാവരും അദ്ദേഹത്തെ സ്വാഗതം ചെയ്യും. എല്ലാവരേയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് തങ്ങളുടേതെന്നും നരോത്തം മിശ്ര പ്രതികരിച്ചു. Content Highlights:Jyotiraditya Scindia Not Speaking, Says Swine Flu- Digvijaya Singh
from mathrubhumi.latestnews.rssfeed https://ift.tt/39EfiTM
via
IFTTT