വാഹനാപകടങ്ങളിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്ന നല്ല ശമരിയാക്കാരെ സംരക്ഷിക്കാൻ നിയമം ഭേദഗതിചെയ്യുന്നു. ഇവരെ നിർബന്ധിച്ച് ദൃക്സാക്ഷികളാക്കാൻ പോലീസ് ഓഫീസർക്ക് അധികാരമില്ല എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളുൾപ്പെടുത്തി കേന്ദ്ര മോട്ടോർ വാഹനച്ചട്ടത്തിൽ മാറ്റംവരുത്തും. പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിലെത്തിക്കുന്നയാളിനു വേണമെങ്കിൽ സ്വമേധയാ ദൃക്സാക്ഷിയാവാം. പോലീസ് ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ ഇവരെ നിർബന്ധിക്കാനാകില്ല. അടിയന്തരഘട്ടത്തിൽ ഉപകാരത്തിനെത്തുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുന്നതൊഴിവാക്കാനാണ് ചട്ടം ഭേദഗതിചെയ്യുന്നത്. പരിക്കേറ്റ് റോഡരികിൽ കിടക്കുന്നവരെ രക്ഷിക്കാൻ പോലീസ് നടപടികളും കേസും ഭയന്ന് പലരും ഇപ്പോൾ തയ്യാറാകുന്നില്ല. ഭേദഗതിനിർദേശത്തിന്റെ കരട് പുറത്തിറക്കിയിട്ടുണ്ട്. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഒരു മാസത്തിനുള്ളിൽ jspb-morth@gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കാം. നിയമനടപടി സുഗമമാക്കാൻ കേസിൽ ദൃക്സാക്ഷിയാകാൻ നല്ല സമരിയാക്കാരൻ സ്വമേധയാ സമ്മതിച്ചാൽ അയാളിൽനിന്ന് ഈ നിയമത്തിലെ വ്യവസ്ഥകൾക്കുവിധേയമായി മൊഴിയെടുക്കാം. ഇയാൾക്ക് സൗകര്യപ്രദമായ സ്ഥലത്തും സമയത്തുമായിരിക്കണം ചോദ്യംചെയ്യൽ. അന്വേഷണ ഉദ്യോഗസ്ഥൻ സാധാരണവേഷത്തിലായിരിക്കണം എത്തേണ്ടത്. പോലീസ് സ്റ്റേഷനിലെത്തി മൊഴിനൽകാൻ തയ്യാറായാൽ കാലതാമസംകൂടാതെ മൊഴിയെടുക്കണം. മൊഴിയെടുക്കൽ ഒറ്റത്തവണകൊണ്ടു പൂർത്തിയാക്കാൻ പരമാവധി ശ്രമിക്കണം. മൊഴിയെടുക്കൽ സമയബദ്ധമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിക്ക് കമ്മിഷനെ നിയോഗിക്കാം. നല്ല സമരിയാക്കാരൻ താത്പര്യപ്പെട്ടാൽ ക്രിമിനൽ നടപടിച്ചട്ടം 296-ാം വകുപ്പുപ്രകാരം തെളിവുകൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ അനുവദിക്കണം. Content Highlights:Motor Vehicle Act Amendment
from mathrubhumi.latestnews.rssfeed https://ift.tt/2wKXt6M
via
IFTTT