കോവളം: മറുനാടൻത്തൊഴിലാളിയെ ഓട്ടോറിക്ഷാ ഡ്രൈവർ നാട്ടുകാർ കാൺകെ റോഡിലിട്ട് മുഖത്തടിച്ചു. വിഴിഞ്ഞം മുക്കോല ഓട്ടോറിക്ഷാസ്റ്റാൻഡിലെ ഡ്രൈവറായ സുരേഷാണ് ഗൗതം മണ്ഡൽ എന്ന തൊഴിലാളിയെ മർദിച്ചത്. ശനിയാഴ്ച സന്ധ്യക്കാണ് സംഭവം. സുരേഷ് തന്റെ ഓട്ടോറിക്ഷ പിന്നിലേക്ക് എടുക്കുമ്പോൾ അത് വഴി വരുകയായിരുന്ന ഗൗതമിന്റെ ശരീരത്തിൽ തട്ടി. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ സുരേഷ് ഗൗതമിനെ അസഭ്യം പറയുകയും മുഖത്തടിക്കുകയുമായിരുന്നു. കണ്ടുനിന്ന നാട്ടുകാരാരും സംഭവത്തിൽ പ്രതികരിച്ചില്ല. മർദിച്ചശേഷം സുരേഷ്, ഗൗതമിന്റെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. അത് നൽകാൻ വിസമ്മതിച്ചപ്പോൾ വീണ്ടും മുഖത്തടിച്ചു. പിന്നീട് കാർഡ് വാങ്ങിയശേഷം പോലീസ് സ്റ്റേഷനിൽ നിന്ന് അത് തിരിച്ചുവാങ്ങാൻ പറഞ്ഞ് ഗൗതമിനെ വിരട്ടിയോടിച്ചു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ വിഴിഞ്ഞം പോലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തിൽ കേസെടുക്കുമെന്ന് വിഴിഞ്ഞം എസ്.ഐ. എസ്.എസ്. സജി അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2Pgxrik
via
IFTTT