Breaking

Friday, February 21, 2020

കുട്ടികളുമായി ഒളിച്ചോടിയ വീട്ടമ്മയും യുവാവും ബംഗ്ളാദേശ് അതിർത്തിയിൽ പിടിയിൽ

വിതുര: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവുമായി മക്കളോടൊപ്പം നാടുവിട്ട വീട്ടമ്മയെയും കാമുകനെയും പശ്ചിമബംഗാളിലെ മുർഷിദാബാദിലുള്ള ബംഗ്ലാദേശ് അതിർത്തി ഗ്രാമമായ ദംഗലിൽനിന്ന് പോലീസ് പിടികൂടി. തൊളിക്കോട് സ്വദേശിയായ 36-കാരിയെയും ഈരാറ്റുപേട്ട സ്വദേശി സുബൈർ എന്ന 32-കാരനെയുമാണ് 17-ന് വിതുര പോലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ഈ മാസം 6-ന് തൊളിക്കോട് സ്വദേശി തന്റെ ഭാര്യയെയും രണ്ടു മക്കളെയും കാണാനില്ല എന്ന പരാതി വിതുര സ്റ്റേഷനിൽ നൽകി. നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലർ സി.ഐ. എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷിച്ചപ്പോൾ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഈരാറ്റുപേട്ട സ്വദേശിയായ സുബൈർ എന്നയാളുമായി ബന്ധമുണ്ടെന്ന് മനസ്സിലായി. ടിക്-ടോക്കിലൂടെയാണ് ഇവർ പരിചയപ്പെട്ടത് എന്ന് പോലീസ് പറയുന്നു. തുടർന്ന് സുബൈറുമായി ഫോണിൽ ബന്ധപ്പെട്ടതോടെ വിജയവാഡയിലാണെന്ന വിവരം കിട്ടി. ഉടൻതന്നെ എസ്.ഐ. എസ്.എൽ.സുധീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അവിടേക്കു തിരിച്ചു. എന്നാൽ, അവിടെയെത്തുമ്പോഴേക്കും ഇരുവരും സ്ഥലം വിട്ടിരുന്നു. ഇതിനിടയിലാണ് പശ്ചിമബംഗാളിലുണ്ടെന്ന വിവരം ലഭിച്ചത്. ബംഗ്ലാദേശ് അതിർത്തിയിൽ മുർഷിദാബാദിൽ ഹൂഗ്ലി നദിയുടെ തീരത്തെ ഉൾഗ്രാമത്തിൽ സുബൈറിന്റെ കീഴിൽ കെട്ടിടം പണിചെയ്യുന്ന തൊഴിലാളിയായ റഹീമിന്റെ വീട്ടിലാണ് ഇരുവരും തങ്ങിയിരുന്നത്. ഗ്രാമീണർ സംഘടിച്ച് എതിർക്കാൻ ശ്രമിച്ചെങ്കിലും ദംഗൽ പോലീസ് ഇവരെ പിടികൂടി. ഇൻസ്പെക്ടർ ശൈലേന്ദ്രനാഥ് ബിശ്വാസിന്റെ നേതൃത്വത്തിൽ ദംഗൽ പോലീസ് നൽകിയ സഹായവും നിർണായകമായി. അന്വേഷണ സംഘത്തിൽ എസ്.ഐ. എസ്.എൽ.സുധീഷ്, സി.പി.ഒ.മാരായ ബിജു, ജവാദ്, സൈബർസെൽ അംഗങ്ങളായ ഹരിമോൻ, മനു എന്നിവർ ഉണ്ടായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2SLfuKT
via IFTTT