അമ്പലപ്പുഴ: സ്വന്തമായി മേൽവിലാസംപോലുമില്ലാത്ത മണിക്കുട്ടന്റെയും ബീനയുടെയും മകനാണ് ശ്യാം. എട്ടുവയസ്സുകാരനായ ഈ മൂന്നാം ക്ളാസുകാരന്റെ പഠനം മുടങ്ങിയിട്ട് ഒരുമാസമായി. അച്ഛനമ്മമാർക്കൊപ്പം അമ്പലപ്പുഴ പടിഞ്ഞാറേ നടപ്പന്തലിലെ കടത്തിണ്ണയിൽ കഴിയുകയാണ് അവനിപ്പോൾ. ആരുടെയെങ്കിലും മുന്നിൽ കൈനീട്ടി വാങ്ങുന്ന ഭക്ഷണം കഴിച്ച് പാതിയൊഴിഞ്ഞ വയറുമായാണ് ഈ മൂന്നംഗ കുടുംബത്തിന്റെ ജീവിതം. സുരക്ഷിതമായി കഴിയാൻ വാടകവീടിനായി പലയിടത്തുംപരതിയെങ്കിലും ആവശ്യപ്പെടുന്ന പണം നൽകാനില്ലാത്തതിനാൽ ഇവർക്ക് വീട് കിട്ടിയില്ല. ശംഖുമുഖം ഈന്തിവിളാകം എന്നാണ് മൂന്നുപേരുടെയും ആധാറിലെ മേൽവിലാസം. പക്ഷേ, അവിടെ സ്വന്തമായി വീടോ സ്ഥലമോ ഇല്ല. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ശുചീകരണത്തൊഴിലാളിയാണ് മണിക്കുട്ടൻ. ഒന്നരമാസം ജോലിചെയ്താൽ പിന്നെ മൂന്നുമാസം പുറത്തുനിൽക്കണമെന്നതാണ് വ്യവസ്ഥ. പലയിടത്തായി വാടകവീടുകളിൽ താമസിച്ചു. ഏതാനും വർഷം മുൻപ് ബീനയും മകനും ശംഖുമുഖത്തുള്ള അവരുടെ വീട്ടിൽ താമസം തുടങ്ങി. മകനെ അവിടെയുള്ള സ്കൂളിൽ ചേർത്തു. മൂന്നാംക്ലാസിലായിരുന്നു. ചില പ്രശ്നങ്ങളെത്തുടർന്ന് ഒരുമാസംമുൻപ് മണിക്കുട്ടൻ കുടുംബവുമായി അവിടം വിട്ടിറങ്ങുകയായിരുന്നു. അതോടെ ശ്യാമിന്റെ പഠനവും മുടങ്ങി. മണിക്കുട്ടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിക്കുപോകുമ്പോൾ ഭാര്യയെയും മകനെയും ഒപ്പംകൂട്ടും. രോഗിയായ ഭാര്യയെ തനിച്ചാക്കിയിട്ട് പോകാനാകില്ല. ജോലികഴിയുംവരെ ഭാര്യയേയും മകനെയും വാർഡുകളിൽ എവിടെയെങ്കിലും ഇരുത്തും. ഉച്ചയ്ക്ക് ആശുപത്രിയിൽ സംഘടനകൾ വിതരണംചെയ്യുന്ന പൊതിച്ചോറാണ് അന്നം. വൈകുന്നേരത്തെ ആഹാരത്തിന് ആരുടെയെങ്കിലും മുന്നിൽ കൈനീട്ടണം. ഭാര്യയും മകനുമൊത്തുള്ള കടത്തിണ്ണയിലെ ജീവിതത്തിന്റെ സുരക്ഷിതത്വമില്ലായ്മയാണ് മണിക്കുട്ടനെ അലട്ടുന്നത്. മകനെ ഏതെങ്കിലും സ്കൂളിലയച്ച് പഠനം തുടരണമെന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്കുമാറ്റിയ കാർഡിൽ റേഷൻ കിട്ടുന്നതിന് അധികൃതരെ സമീപിച്ചപ്പോൾ വാടകച്ചീട്ട് ഹാജരാക്കാനായിരുന്നു നിർദേശം. പിന്നെ സ്വന്തമായൊരു കൂര... അതിന് സർക്കാരോ സുമനസ്സുകളോ കനിയണം. വർഷങ്ങൾക്കുമുൻപ് ശബരിമലയിൽ ഹോട്ടൽ ജോലിക്കുപോയ അമ്പലപ്പുഴ സ്വദേശി നാട്ടിലേക്കുമടങ്ങിയപ്പോൾ അദ്ദേഹത്തിനൊപ്പം ഇവിടെയെത്തിയതാണ് മണിക്കുട്ടൻ. അച്ഛനും അമ്മയും ആരെന്നറിയാത്ത മണിക്കുട്ടന് ശബരിമലയിൽ എങ്ങനെയെത്തിയെന്നും ഓർമയില്ല. ഒൻപതുവർഷംമുൻപാണ് തിരുവനന്തപുരം ശംഖുമുഖം സ്വദേശിനി ബീനയെ മണിക്കുട്ടൻ വിവാഹം കഴിച്ചത്. Content Highlights: Shyam has No school to go
from mathrubhumi.latestnews.rssfeed https://ift.tt/32e82es
via
IFTTT