ശാസ്താംകോട്ട (കൊല്ലം) : നൂറുതികഞ്ഞ അനുജത്തിയുടെ കനകാഭിഷേകച്ചടങ്ങിന് കാർമികത്വം വഹിച്ച് 103 വയസ്സുള്ള ജ്യേഷ്ഠത്തി. നൂറും നൂറ്റിമൂന്നും ഒരു പ്രായമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്താംകോട്ട മനക്കര പദ്മാലയത്തിൽ എൽ.കമലാക്ഷിയമ്മാളും ജ്യേഷ്ഠത്തി ഭഗവതിയമ്മാളും. ബ്രാഹ്മണ ആചാരപ്രകാരം നടന്ന ചടങ്ങുകളുടെ മേൽനോട്ടം ഭഗവതിയമ്മാളിനായിരുന്നു. ഇരുവരും നടക്കുന്നത് പരാശ്രയമില്ലാതെ. രോഗം തളർത്താത്ത ശരീരം. ജീവിതക്രമമാണ് നൂറിലും ചുറുചുറുക്കിന് ആധാരമെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. കമലാക്ഷിയമ്മാളിന് എന്നും രാവിലെ മാതൃഭൂമി പത്രം വായിക്കണം. നന്നേ ചെറുപ്പത്തിൽ തുടങ്ങിയ ശീലമാണത്. നൂറിലും മുറിയാത്ത വായന. തമിഴും നല്ല വശമാണ്. പുനലൂരിലുള്ള മകൾ ശാരദയുടെ വീട്ടിൽനിന്നാണ് ഭഗവതിയമ്മാൾ അനുജത്തിയുടെ ശതാഭിഷേക, കനകാഭിഷേക ചടങ്ങുൾക്കെത്തിയത്. കമലാക്ഷിയമ്മാളിന്റെ പിതൃസഹോദര പുത്രന്റെ ഭാര്യയാണ് ഭഗവതിയമ്മാൾ. ഇരുവരും തമ്മിൽ അത്രയ്ക്ക് ആത്മബന്ധമാണ്. ആദ്യം സൂര്യചന്ദ്രാദി ഗ്രഹങ്ങളുടെ പ്രീതിക്കായി 12 കലശങ്ങൾ പൂജിച്ച് ശതാഭിഷേകച്ചടങ്ങ് നടത്തി. തുടർന്ന് കനകാഭിഷേകം. പുതുവസ്ത്രവും ഹാരങ്ങളുമണിഞ്ഞ് ഇരുന്ന കമലാക്ഷിയമ്മാളിന് മക്കളും ബന്ധുക്കളും സ്വർണം, വെള്ളി നാണയങ്ങൾകൊണ്ട് അഭിഷേകം നടത്തി. മന്ത്രോച്ചാരണങ്ങളും നാമജപങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു കനകാഭിഷേകം. ബ്രാഹ്മണ ആചാരപ്രകാരം പേരക്കുട്ടിക്ക് ആൺകുട്ടിയുണ്ടെങ്കിൽമാത്രമേ കനകാഭിഷേകം നടത്തൂവെന്ന് ബന്ധുക്കൾ പറഞ്ഞു. ബ്രിട്ടീഷ് പട്ടാളത്തിൽ ജോലിയായിരുന്നു കമലാക്ഷിയമ്മാളിന്റെ അച്ഛൻ ചന്ത്രക്കാരൻ സ്വാമി എന്ന പദ്മനാഭ അയ്യർക്ക്. അങ്ങനെ ഇവർ ബർമയിലായിരുന്നു. 1942-ൽ ഒന്നാം ലോകമഹായുദ്ധകാലത്താണ് ഈ കുടുബം ശാസ്താംകോട്ടയിലെത്തിയത്. അദ്ദേഹം 102-ാം വയസ്സിൽ മരിച്ചു. കമലാക്ഷിയമ്മാളിന്റെ മൂത്ത മകൻ രാമസുബ്ബ അയ്യർക്ക് 78 കഴിഞ്ഞു. നൂറിലും തളരാത്ത ആത്മവീര്യവുമായി കഴിയുന്ന കമലാക്ഷിയമ്മാളിനെ നാട്ടുകാരും പൗരാവലിയും പലതവണ ആദരിച്ചിട്ടുണ്ട്. നൂറുതികഞ്ഞപ്പോൾ ചടങ്ങുകൾ കനകാഭിഷേകമാക്കി മാറ്റുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും. നിറപുഞ്ചിരിയോടെ എല്ലാവർക്കും മധുരം വിളമ്പിയാണ് കമലാക്ഷിയമ്മാൾ ആഘോഷം കേമമാക്കിയത്. Content Highlights:103 year old Bagavathiyammal supervised her sisters centenarian celebration
from mathrubhumi.latestnews.rssfeed https://ift.tt/2ukg0Gh
via
IFTTT