Breaking

Saturday, February 22, 2020

ആയുഷ് കോഴ്‌സുകൾക്കും ‘നീറ്റ്’ നിർബന്ധം -സുപ്രീംകോടതി

ന്യൂഡൽഹി: മെഡിക്കൽ കോഴ്സുകൾക്ക് മിനിമം നിലവാരം നിശ്ചയിച്ചില്ലെങ്കിൽ 'മുറിവൈദ്യന്മാ'രായ ഡോക്ടർമാരുണ്ടാകുമെന്ന് സുപ്രീംകോടതി. ആയുർവേദ, യുനാനി, ഹോമിയോ (ആയുഷ്) ബിരുദകോഴ്സുകൾക്കും നീറ്റ് (ദേശീയ യോഗ്യതാ പൊതുപരീക്ഷ) നിർബന്ധമാണെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. യോഗ്യതയുള്ളവരെ ആയുഷ് കോഴ്സുകൾക്ക് ലഭിക്കുന്നില്ലെന്നത് അടിസ്ഥാന നിലവാരം കുറയ്ക്കാൻ കാരണമല്ലെന്നും ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളുടെ അടിസ്ഥാനത്തിൽ 2019-20 അക്കാദമിക വർഷത്തേക്ക് ആയുഷ് ബിരുദ കോഴ്സുകൾക്ക് ചേർന്ന വിദ്യാർഥികൾക്കു പഠനം തുടരാം. ബിരുദ കോഴ്സുകൾക്ക് കഴിഞ്ഞ ഒക്ടോബർ 15-നും പി.ജി. കോഴ്സുകൾക്ക് ഒക്ടോബർ 31-നും മുൻപായി പ്രവേശനം നേടിയവർക്കാണ് പഠനം തുടരാനാവുക. ഇത് ഒറ്റത്തവണത്തേക്കു മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2019-'20 അക്കാദമികവർഷം മുതലുള്ള ബിരുദകോഴ്സുകൾക്ക് നീറ്റ് നിർബന്ധമാക്കിക്കൊണ്ട് സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിനും സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതിയും ഇറക്കിയ വിജ്ഞാപനങ്ങൾക്കെതിരേ കോളേജുകൾ നൽകിയ ഹർജിയിലാണ് വിധി. ആയുഷ് പി.ജി. പ്രവേശനപരീക്ഷ (എ.ഐ.എ.-ബി.ജി.ഇ.ടി.) സംബന്ധിച്ചും മിനിമം യോഗ്യതാമാർക്ക് സംബന്ധിച്ചും ഇറക്കിയ വിജ്ഞാപനവും കോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. നീറ്റിന് 50 ശതമാനം മാർക്കാണ് ബിരുദകോഴ്സുകൾക്ക് മിനിമം യോഗ്യത നിശ്ചയിച്ചത്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 40 ശതമാനവും. നീറ്റ് പരീക്ഷ എം.ബി.ബി.എസിനും ബി.ഡി.എസിനും മാത്രമാണു ബാധകമെന്ന് വിജ്ഞാപനങ്ങളെ എതിർത്ത വിവിധ കോളേജുകൾ വാദിച്ചു. 2018-ലെ വിജ്ഞാപനം ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ നിയമത്തിനു വിരുദ്ധമാണെന്നും അവർ വാദിച്ചു. മിനിമം യോഗ്യതാമാർക്ക് ഇല്ലാതെതന്നെ ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.യു.എം.എസ്. കോഴ്സുകൾക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ പഞ്ചാബ്-ഹരിയാണ ഹൈക്കോടതി കഴിഞ്ഞ സെപ്റ്റംബർ ആറിന് ഇടക്കാല ഉത്തരവിറക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ചില കോളേജുകളിൽ വിദ്യാർഥികൾ പ്രവേശനം നേടുകയും ചെയ്തു. അങ്ങനെ പ്രവേശനം നേടിയവർക്കാണ് തുടരാൻ സുപ്രീംകോടതി അനുമതി നൽകിയത്. content highlights;SC upholds validity of NEET for Ayush courses


from mathrubhumi.latestnews.rssfeed https://ift.tt/2PdlNF1
via IFTTT