കോലഞ്ചേരി: അപകടത്തിന്റെ നടുക്കം വിട്ടുമാറാതെ ആൻമേരിക്ക് മണിക്കൂറുകൾ ശ്വാസംമുട്ടി, ശബ്ദമറ്റു പോയി. കോയമ്പത്തൂർ ബസ്സപകടത്തിൽ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലുള്ള തിരുവാണിയൂർ മംഗലത്ത് വർഗീസിന്റെ മകളാണ് ആൻമേരി (23). അപകടമുണ്ടായ ബസിലെ 48 പേരിൽ ഒരാൾ. അപകടത്തിനുശേഷം ദുരന്തമുഖത്തുനിന്ന് കോലഞ്ചേരിവരെ മറ്റൊരു ബസിലാണ് ആൻ മടങ്ങിയത്. ശബ്ദിക്കാൻപോലുമാകാത്തവിധം അപകടം അവളെ ഉലച്ചു. 'ഒരമ്മച്ചിയുടെ ശരീരം ആരോ വലിച്ചെറിഞ്ഞതുപോലെയാണ് ദേഹത്തുവന്നുവീണത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവന്ന ആ ശരീരം പിന്നീട് ബസിന്റെ ജനൽച്ചില്ലു തകർത്ത് പുറത്തേക്കുതെറിച്ചു- നടുക്കംമാറാതെ ആൻ പറഞ്ഞു. രക്ഷാപ്രവർത്തകരായെത്തിയവർ ആദ്യം എന്നെ കണ്ടില്ല. തകർന്ന് ചില്ലുമുഴുവൻ പൊട്ടിച്ചു നീക്കിയശേഷമാണ് അതിനിടയിലൂടെ എന്നെ അവർ പുറത്തെടുത്തത്. പിന്നാലെയെത്തിയ പത്തനംതിട്ടയിലേക്കു പോകുന്ന കെ.എസ്.ആർ.ടി.സി. ബസിലെ ജീവനക്കാരും യാത്രക്കാരും എന്നെ അടുത്തുള്ള ആശുപത്രിയിലാക്കാമെന്നു പറഞ്ഞു. അതോടെ കൂടെക്കയറി. അപ്പോൾ ചെറിയ തോതിൽ വിറയലോടെ സംസാരിക്കാൻ കഴിയുമായിരുന്നുവെങ്കിലും പിന്നീട് ശ്വാസം മുട്ടിത്തുടങ്ങി. ആസമയത്ത് എത്രയുംവേഗം വീട്ടിലെത്തണമെന്നും വീട്ടുകാരെക്കാണണമെന്നും തോന്നി. ഇതോടെ അടുത്ത ആശുപത്രിയിലിറങ്ങാതെ കുറച്ചുകൂടി പോകട്ടെ, അടുത്ത ആശുപത്രിയിലിറങ്ങാമെന്നു പറഞ്ഞ് മുന്നോട്ടുപോന്നു. ഇതിനിടെ വീട്ടിലേക്ക് എന്റെ അടുത്തിരുന്ന ആന്റി വിളിച്ചു. ഞാൻ സഞ്ചരിച്ച ബസിന് അപകടമുണ്ടായതായും മറ്റൊരു ബസിൽ വന്നുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. പിന്നീട് ശ്വാസതടസ്സംമൂലം സംസാരിക്കാനാകാതെ വന്നതോടെ യാത്രക്കാരാണ് വീട്ടുകാരുമായി സംസാരിച്ചത്. ബന്ധുക്കൾ ഉള്ളതിനാൽ പെരുമ്പാവൂരിലിറങ്ങി- ആൻ പറഞ്ഞു. തോളിനുപിന്നിൽ ചെറിയ പൊട്ടലുണ്ടന്നതല്ലാതെ ഗുരുതരമായ പരിക്കുകളൊന്നുമില്ല. മറ്റുള്ള യാത്രക്കാർ ദേഹത്തുവീണതുമൂലമുള്ള ചതവു മാത്രമാണുള്ളതെന്നും ഡോക്ടർമാർ പറഞ്ഞു. ബെംഗളൂരുവിലെ തുമകൂരുവിൽ ബി.ഡി.എസ്. വിദ്യാർഥിനിയാണ് ആൻ. ഹൗസ് സർജൻസിക്കിടെ കിട്ടിയ അവധിക്ക് നാട്ടിലേക്ക് പോരുംവഴിയാണ് അപകടം. ആദ്യംകിട്ടിയത് ഡ്രൈവറിനു തൊട്ടുപുറകിലെ സീറ്റായിരുന്നു. ബസ് കുറച്ചുദൂരം പോന്നശേഷം കണ്ടക്ടർ നിർദേശിച്ചതനുസരിച്ചാണ് ഇടതുവശത്തേക്ക് മാറിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ആ സീറ്റിലിരുന്നയാൾ അപകടത്തിൽ മരിച്ചു. Content Highlights:Ann mary, BDS student injured from the KSRTC Volvo Bus Accident
from mathrubhumi.latestnews.rssfeed https://ift.tt/2V8hleh
via
IFTTT