ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറു സീസണുകളിലും ഒരുപോലെ ആകർഷകമായ കളി കാഴ്ചവെച്ച ഒരു ടീമേയുള്ളൂ, എഫ്.സി. ഗോവ. കളിയുടെ സൗന്ദര്യത്തിൽ വെള്ളം ചേർക്കാൻ അവർ ഒരിക്കലും തയ്യാറായില്ല. എന്നാൽ, അർഹതയുണ്ടായിട്ടും കിരീടവിജയം ഇതുവരെ അവരിലേക്ക് എത്തിയതുമില്ല. ഒടുവിൽ നടപ്പുസീസണിൽ ലീഗ് ഘട്ടത്തിലെ ചാമ്പ്യൻമാരായി എ.എഫ്.സി. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുമ്പോൾ അതിലൊരു കാവ്യനീതിയുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ 18 കളികളിൽ 12 ജയവും മൂന്ന് വീതം സമനിലയും തോൽവിയുമാണ് ടീമിനുള്ളത്. മൊത്തം 39 പോയന്റ്. 46 ഗോൾ അടിച്ചപ്പോൾ തിരിച്ചുവാങ്ങിയത് 23 ഗോൾ. ഇത്തവണയും ടീമിന്റെ പ്രകടനം ആധികാരികം. ഇന്ത്യൻ സൂപ്പർ ലീഗ് രാജ്യത്തെ ഒന്നാം ഡിവിഷൻ ലീഗായതിന്റെ ഭാഗമായിട്ടാണ് ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാർക്ക് ചാമ്പ്യൻസ് ലീഗ് ബർത്ത് ലഭിച്ചത്. 50 ലക്ഷം രൂപ പ്രതിഫലമായും ലഭിക്കും. ഒപ്പം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ടുയോഗ്യത നേടിയ ആദ്യ ക്ലബ്ബെന്ന ചരിത്രനേട്ടവും. 2017 മുതൽ ടീമിനൊപ്പമുണ്ടായിരുന്ന, മികച്ച ഫലങ്ങളുണ്ടാക്കിയ സ്പാനിഷ് പരിശീലകൻ സെർജിയോ ലൊബേറയെ പൊടുന്നനെ മാറ്റിയതിന്റെ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് ടീം നേട്ടം കൈവരിക്കുന്നത്. പരിശീലകനോ താരങ്ങളോ അല്ല ക്ലബ്ബും അതിന്റെ തീരുമാനങ്ങളുമാണ് പ്രധാനം എന്ന സൂചനയായിരുന്നു ടീം ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ലൊബേറയുടെ പുറത്താകൽ. ഒരർഥത്തിൽ ബ്രസീൽ ഇതിഹാസം സീക്കോക്കുശേഷം പരിശീലകസ്ഥാനത്തെത്തിയ ലൊബേറയാണ് ഗോവയ്ക്ക് സുശക്തമായ അടിത്തറയുണ്ടാക്കിയത്. ഒരേ മികവിൽ എല്ലാ സീസണിലും കളിക്കാനും ആക്രമണ ഫുട്ബോളിന്റെ ശക്തിയും സൗന്ദര്യവും കളത്തിൽ പ്രകടമാക്കാനും സ്പാനിഷ് പരിശീലകന്റെ ദീർഘവീക്ഷണവും തന്ത്രങ്ങളും വഴി കഴിഞ്ഞു. ലൊബേറയ്ക്കുശേഷമെത്തിയ താത്കാലിക പരിശീലകൻ മുൻ ഇന്ത്യൻ താരം ക്ലിഫോർഡ് മിറാൻഡയ്ക്ക് പഴയ വഴിയിലൂടെ ടീമിനെ തെളിച്ചുകൊണ്ടുപോകേണ്ട ജോലിയേയുള്ളൂ. മിറാൻഡയുടെ കീഴിൽ മൂന്നു മത്സരങ്ങളിൽ ടീം 14 ഗോളാണ് അടിച്ചുകൂട്ടിയത്. വഴങ്ങിയത് മൂന്നുഗോൾ. Content Highlights: FC Goa becomes first Indian club to qualify for AFC Champions League
from mathrubhumi.latestnews.rssfeed https://ift.tt/32gUb72
via
IFTTT