Breaking

Wednesday, May 29, 2019

ഹൈസ്ക്കൂൾ - ഹയർസെക്കണ്ടറി ലയനം: ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും; എതിർപ്പുമായി പ്രതിപക്ഷ അധ്യാപക സംഘടനകൾ

തിരുവനന്തപുരം: ഹൈസ്ക്കൂൾ - ഹയർസെക്കണ്ടറി ലയനം ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഒന്നു മുതൽ 12 വരെ ക്ലാസുകൾ ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യൂക്കേഷനെന്ന ഒറ്റ കുടക്കീഴിലാക്കാനാണ് സർക്കാർ നീക്കം. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ശക്തമായ എതിർപ്പിനിടെയാണ് ഖാദർ കമ്മിറ്റിയുടെ പ്രധാന ശുപാർശകൾ നടപ്പാക്കാനുള്ള സർക്കാർ തീരുമാനം. 

മൂന്ന് ശുപാർശകൾ ഈ വർഷം തന്നെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. പൊതു പരീക്ഷ ബോ‍ർഡ് രൂപീകരിക്കും. ഹൈസ്ക്കൂളും ഹയർസെക്കണ്ടറിയും ഉള്ള സ്കൂളിലെ സ്ഥാപനമേധാവി പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പൽ ഹെഡ്മാസ്റ്ററുമായിരിക്കും. എന്നാൽ, വേണ്ടത്ര ചർച്ചയില്ലാതെ ശുപാർശകൾ നടപ്പാക്കുന്നതിൽ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ എതിർപ്പ് ഉയർത്തി. 

ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം പുതിയ ഡയറക്ടർക്കായിരിക്കും ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി വിഎച്ച്എസ്ഇ പരീക്ഷ ബോർഡുകളുടെ ചുമതല. പക്ഷെ ചില ശുപാർശകൾ നടപ്പാക്കില്ലെന്നാണ് മന്ത്രിയുടെ ഉറപ്പ്. ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എൽപി, യുപി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് മാറ്റമുണ്ടാകില്ല. എഇഒ, ഡിഇഒ ഓഫീസുകൾ നിർത്തലാക്കില്ല. 

അതേസമയം, അധ്യാപകരുടെ സമരം ഏറ്റെടുക്കാനാണ് യുഡിഎഫിന്റെ തീരുമാനം. വിഷയം ഇന്ന് നിയമസഭയിലും പ്രതിപക്ഷം പ്രശ്നം ഉന്നയിക്കും. സ്കൂൾ തുറക്കുന്ന ദിവസം മുതൽ സമരത്തിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ അറിയിച്ചു. പ്രവേശനോത്സവം അടക്കം ബഹിഷ്ക്കരിക്കുന്ന സമരവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നീക്കം.
 
 



from Anweshanam | The Latest News From India http://bit.ly/30IXwdU
via IFTTT