Breaking

Sunday, May 19, 2019

വടകരയില്‍ മുരളിയെയും ആറ്റിങ്ങലില്‍ അടൂർപ്രകാശിനെയും നിര്‍ത്തിയതെന്തിന്?

തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ ശശി തരൂർ തോറ്റാൽ ? തികച്ചും സാങ്കല്പികമാണു ചോദ്യം. അങ്ങനെയൊരു തോൽവിയുണ്ടായാൽ എന്താവും അതിനു കാരണം എന്നതു മാത്രമാണ് ഇവിടെ ഉന്നയിക്കുന്ന ചോദ്യം. ആരാവും കാരണമെന്ന ചോദ്യവും ഉയരുന്നുണ്ട്. വളരെ പ്രതീക്ഷയോടെയാണ് സിറ്റിങ് എം.പി ശശിതരൂർ തിരുവനന്തപുരത്ത് വീണ്ടും സ്ഥാനാർത്ഥിയായത്. ശക്തമായൊരു പോരാട്ടത്തിന് അങ്കം കുറിച്ച് സിപിഐയിലെ സി.ദിവാകരനും രംഗത്തെത്തി. അതിനു ശേഷമാണ് മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഷരൻ ബിജെപി സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയത്. രംഗമാകെ ചൂടുപിടിച്ചു. ലക്ഷണമൊത്ത ഒരു ത്രികോണ മത്സരമെന്ന പേരിൽ തിരുവനന്തപുരം ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. അപ്പോഴാണ് വടകരയിൽ സിപിഎം നേതാവ് പി.ജയരാജനെ നേരിടാൻ തയ്യാറാണെന്നു പറഞ്ഞ് തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് എം.എൽ.എ. കെ.മുരളീധരൻ മുന്നോട്ടു വരുന്നത്. ഉടൻ തന്നെ പാർട്ടി നേതൃത്വം ഉഷാറായി. രാത്രിവണ്ടിക്ക് വടകരയിലേയ്ക്കു തീവണ്ടി കയറിയ മുരളിക്ക് പിറ്റേന്ന്വെളുപ്പിന് വടകര റെയിൽവെ സ്റ്റേഷനിൽ വമ്പൻ സ്വീകരണവും കിട്ടി. തുടക്കം അതിഗംഭീരമായി. മുരളിയുടെ അസാന്നിധ്യം തരൂർ ക്യാമ്പിൽ പെട്ടെന്നു പ്രകടമായി. പ്രചാരണ യന്ത്രം അപ്പാടെ മന്ദീഭവിച്ചു. മുരളിയോടൊപ്പം എപ്പോഴുമുണ്ടായിരുന്ന ഒരു സംഘം നേരെ വടകരയ്ക്കു വണ്ടി കയറി. സംഘടനാ തലത്തിൽ പല കുഴപ്പങ്ങളുമുണ്ടായി. എവിടെയും ഒരു ആശയക്കുഴപ്പം പ്രകടമായിരുന്നു. അപകടം മനസ്സിലാക്കിയ തരൂർ ഹൈക്കമാന്റിനെ സമീപിച്ച് സഹായം അഭ്യർത്ഥിച്ചു. വടകരയിൽ പ്രവർത്തകർക്ക് ആദ്യം കണ്ട ആവേശം പിന്നീട് ഇല്ലാതായെന്ന് മുരളിയും പരിഭവപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും തരൂർ ഹൈക്കമാന്റിനെ സമീപിച്ചതാണ്. അന്നു നേമം നിയോജകമണ്ഡലമായിരുന്നു വിഷയം. ആ സമയത്തുമാത്രം കേരളാ കോൺഗ്രസ് വിട്ടു ജനതാദളിലേയ്ക്ക് കുടിയേറിയ സുരേന്ദ്രൻ പിള്ളയെയാണ് നേമത്തുള്ള സ്ഥാനാർത്ഥിയായി കോൺഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നത്. സുരേന്ദ്രൻ പിള്ളയ്ക്കു പോലും മത്സരക്കാൻ താത്പര്യമില്ലായിരുന്നു. ബിജെപിയാവട്ടെ തങ്ങളുടെ ഏറ്റവും മുതിർന്ന നേതാവായ ഒ രാജഗോപാലിനെത്തന്നെ അവിടെ നിർത്തി സിപിഎം സ്ഥാനാർത്ഥി വി.ശിവൻകുട്ടിയും. സ്വന്തം ലോക്സഭാ സീറ്റിലെ ഒരു നിയമസഭാ മണ്ഡലമെന്ന നിലയ്ക്ക് നേമത്തു കോൺഗ്രസ് കരുത്തനായ സ്ഥാനാർത്ഥിയെത്തന്നെ നിർത്തണമെന്നായിരുന്നു തരൂരിന്റെ ആവശ്യം. അദ്ദേഹം ഡൽഹിയിലെത്തി ഹൈക്കമാന്റിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. നേമത്ത് ബിജെപിയുടെ ദേശീയ നേതാവായ ഒ രാജഗോപാലിനെതിരെ കരുത്തനായ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ വേണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഹൈക്കമാന്റ് ഇക്കാര്യം ഗൗരവത്തോടു കൂടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ വേണമെന്നായിരുന്നു ഹൈക്കമാന്റ് നിർദേശിച്ചത്. പക്ഷേ സംസ്ഥാന നേതൃത്വം അതു ഗൗനിക്കാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളായിക്കഴിഞ്ഞുവെന്നും നേമത്തു മാത്രം പുതിയൊരു സ്ഥാനാർത്ഥിയെ കണ്ടുപിടിക്കാൻ നിന്നാൽ എല്ലാം വൈകുമെന്നുമായിരുന്നു മറുപടി. ഹൈക്കമാന്റ് പിന്നെ അനങ്ങിയില്ല. നേമത്ത് ഒ. രാജഗോപാൽ ജയിച്ചത് ചരിത്രമായി. സംസ്ഥാന നിയമസഭയിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറക്കുകയായിരുന്നു. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നെങ്കിലും പിടിച്ചെടുത്ത് അക്കൗണ്ട് തുറക്കാൻ ബിജെപി ജീവൻമരണ പോരാട്ടം നടത്തുമ്പോഴാണ് കോൺഗ്രസ് നേതൃത്വം കെ. മുരളീധരനെ ഇവിടെ നിന്ന് അടർത്തിമാറ്റി വടകരയ്ക്കയച്ചത്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽപ്പെട്ട കോന്നിയിൽ നിന്ന് അടൂർ പ്രകാശിനെ ആറ്റിങ്ങലിൽ പോരിനിറക്കിയതും സമാനമായ സാഹചര്യത്തിലായിരുന്നു. ആറ്റിങ്ങലിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അടൂർ പ്രകാശ് അറിയിച്ചിരുന്നു. പക്ഷേ അവിടെ സമ്പത്തിനോട് ഏറ്റുമുട്ടാൻ പ്രാപ്തിയുള്ള മറ്റൊരു നേതാവിനെ, അതും ആറ്റിങ്ങൽ മേഖലയിലുള്ള ഒരാളെ, കണ്ടെത്താൻ കോൺഗ്രസിനായില്ല. ആറ്റിങ്ങൽ, വടകര, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിൽ യോജിച്ച സ്ഥാനാർത്ഥികളെ കണ്ടുവെയ്ക്കുന്നതിന് കാലേക്കൂട്ടി ഗൃഹപാഠം ചെയ്യാനും കോൺഗ്രസ് നേതൃത്വത്തിനായില്ല. അവസാന നിമിഷങ്ങളിലെ തിടുക്കത്തിൽ പല തീരുമാനങ്ങളും പെട്ടെന്നെടുക്കേണ്ടി വന്നുവെന്നു സംസ്ഥാന നേതൃത്വത്തിനു സമാധാനം പറയാം. പക്ഷേ പത്തനംതിട്ടയിൽ ബിജെപിയുടെ പ്രസ്റ്റീജ് സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രനാണ് മത്സരിക്കുന്നതെന്നും ശബരിമലയുടെ അടിവാരത്തുള്ള ഈ മണ്ഡലത്തിൽ കോൺഗ്രസിന്റെ സിറ്റിങ്ങ് എം.പി. ആന്റോ ആന്റണിക്ക് സർവ സന്നാഹവും ഒരുക്കേണ്ടത് കോൺഗ്രസ് തന്നെയാണെന്നും നേതൃത്വത്തിനു നന്നായറിയാം. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ ഒരു നെടുംതൂൺ തന്നെയാണ് അടൂർ പ്രകാശ്. ആ വലിയ നെടുംതൂൺ ഇല്ലാതെയാണ് പത്തനംതിട്ടയിൽ കോൺഗ്രസ് പ്രചാരണം നടത്തിയത്. പത്തനംതിട്ടയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണി ജയിച്ചേക്കാം. തിരുവനന്തപുരത്ത് ശശി തരൂരും. എങ്കിലും വലിയ ചോദ്യങ്ങൾ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനു മുന്നിൽ ഉയർന്നു നിൽക്കുന്നുണ്ട്. പത്തനംതിട്ടയിൽ ബിജെപിയുടെ കെ. സുരേന്ദ്രനെതിരെ തീ പാറുന്ന പോരാട്ടത്തിൽ ഏർപ്പെട്ടിരുന്ന ആന്റോ ആന്റണിയ്ക്കു പിന്തുണ നൽകേണ്ടിയിരുന്ന അടൂർ പ്രകാശിനെ ആറ്റിങ്ങലിലേയ്ക്കു വിട്ടതിന്റെ രാഷ്ട്രീയ ലക്ഷ്യം എന്തായിരുന്നു? സുരേന്ദ്രനെ തോൽപ്പിക്കുക, ആന്റോ ആന്റണിയെ വിജയിപ്പിക്കുക എന്നീ ലക്ഷ്യത്തിനപ്പുറത്ത് ആറ്റിങ്ങലിൽ സിപിഎം സ്ഥാനാർത്ഥി എ. സമ്പത്തിനെ പരാജയപ്പെടുത്തുക എന്നതായിരുന്നുവോ? വടകരയിൽ സിപിഎം നേതാവ് പി.ജയരാജനെ പരാജയപ്പെടുത്തുക എന്ന വലിയ ലക്ഷ്യത്തിനു മുമ്പിൽ തിരുവനന്തപുരത്ത് ശശി തരൂരിനെ വിജയിപ്പിക്കുക, വലിയ വെല്ലുവിളിയുമായി വന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തുക എന്ന രണ്ടു സുപ്രധാന ലക്ഷ്യങ്ങൾ കോൺഗ്രസ് വിട്ടുകളഞ്ഞുവോ? ചോദ്യങ്ങൾ കാമ്പുള്ളവ തന്നെയാണ് പ്രസക്തവും. content highlights:K Muraleedharan in Vatakara, Adoor prakash in Attingal, Politics behind the decision


from mathrubhumi.latestnews.rssfeed http://bit.ly/2EjN6b7
via IFTTT