തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾ അവസാനിച്ചു, അന്തിമ ഫലസൂചനകൾ നൽകി എക്‌സിറ്റ് പോൾ പ്രവചനങ്ങളും വന്നു ഇനി രാജ്യമൊട്ടാകെ മെയ് 23 എന്ന ദിവസത്തിനായി കാത്തിരിക്കുന്നു . വിവിധ സർവേ ഏജൻസികൾ പുറത്തുവിട്ട പ്രവചനങ്ങൾ അനുസരിച്ച് രാജ്യത്ത് വീണ്ടും എൻ.ഡി.എയുടെ ഭരണത്തുടർച്ചക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. പുറത്തുവന്ന എല്ലാ സർവേ ഫലങ്ങളിലും കോൺഗ്രസിന് കാര്യമായ മുന്നേറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇവിടെ എടുത്ത് പറയേണ്ട പ്രധാന വസ്തുത ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ എൻഡിഎ , യുപിഎ ഇതര കക്ഷികളായ പ്രാദേശിക പാർട്ടികളുടെ മുന്നേറ്റമാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. അതിനാൽ ഇത്തരം പ്രാദേശിക കക്ഷികളെ ഒപ്പം ചേർത്ത് ബിജെപി ഇതര സർക്കാർ ഉണ്ടാക്കുകയാണ് കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്, അതിനായുള്ള കരുനീക്കങ്ങൾ രാജ്യത്തൊട്ടാകെ കോൺഗ്രസ് ആരംഭിച്ചു കഴിഞ്ഞു. ബിജെപിയെ താഴെയിറക്കാൻ വേണ്ടിവന്നാൽ പ്രധാനമന്ത്രി പദം പോലും വിട്ടുനൽകാൻ കോൺഗ്രസ് തയാറായേക്കും എന്നുപോലും റിപ്പോർട്ടുകൾ ഉണ്ട് . തെരഞ്ഞെടുപ്പ് ഫലം വരുന്ന ഈ മാസം 23ന് സോണിയഗാന്ധി പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.
എൻഡിഎ 306 സീറ്റ് നേടുമെന്നു ടൈംസ് നൗ – വിഎംആർ എക്സിറ്റ് പോൾ പ്രവചിക്കുന്നു. എൻഡിടിവി– 300, ജൻകി ബാത്ത് പോൾ– 305, റിപ്പബ്ലിക് സീ വോട്ടർ– 287 തുടങ്ങിയവയും എൻഡിഎ വ്യക്തമായ മേധാവിത്വം നേടുമെന്നു പറയുന്നു . യുപിഎയ്ക്ക് 132 സീറ്റുകളാണു ടൈംസ് നൗ – വിഎംആർ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. എൻഡിടിവി– 126, ജൻകി ബാത്ത് പോൾ– 125, റിപ്പബ്ലിക് സീ വോട്ടർ– 128 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രവചനം. പ്രാദേശിക കക്ഷികളായ ടി.ആർ.എസ് , ടി.ഡി.പി, വൈ.എസ്.ആർ കോൺഗ്രസ് , തൃണമൂൽ കോൺഗ്രസ് , എസ്.പി , ബി .എസ.പി എന്നിവരുടെ നിലപാട് ഇത്തവണ നിർണ്ണായകമാകും.
കേരളത്തിലേക്ക് വന്നാൽ യുഡിഎഫിന്റെ ശക്തമായ മുന്നേറ്റം തന്നെയാണ് എക്‌സിറ്റ് പോൾ സൂചനകൾ നൽകുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം കേരളത്തിൽ ഒട്ടാകെ കോൺഗ്രസിന് ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ ഇടതുമുന്നണിയുടെ കുത്തക മണ്ഡലങ്ങളിൽ കോൺഗ്രസ് ഇത്തവണ അട്ടിമറി വിജയം നേടുമെന്നുവരെ സൂചനകൾ പറയുന്നു ആകെയുള്ള 20 സീറ്റുകളിൽ യുഡിഎഫിന് 13 മുതൽ 15 വരെയും എൽഡിഎഫിന് 2 മുതൽ 4 വരെയും സീറ്റുകളിൽ ജയസാധ്യതയും ബിജെപിക്ക് ഒരു സീറ്റിനും സാധ്യത കൽപ്പിക്കുന്നു. എന്നാൽ ന്യൂസ് 18 - ഇപ്‌സോസ് സർവേ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ ഇടത് മുന്നണിക്ക് മേൽകൈ ഉണ്ടാകുമെന്നാണ് പ്രവചനം.11-13 സീറ്റുകൾ എൽഡിഎഫ് നേടും യുഡിഎഫ് ഏഴു മുതൽ ഒമ്പത് സീറ്റുകൾ വരെ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. ബിജെപി അക്കൗണ്ട് തുറന്നേക്കുമെന്നും സർവേയിൽ വ്യക്തമാക്കുന്നു.
ശബരിമല കേരളത്തിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കിയില്ലയെന്നാണ് ഭൂരിഭാഗം സർവേ റിപ്പോർട്ടുകളും പറയുന്നത് വോട്ട് വിഹിതത്തിൽ ബിജെപിക്കും കോൺഗ്രസിനും ഇതിലൂടെ ഗുണം ഉണ്ടായേക്കാം.
ഒരു പക്ഷെ ബിജെപി കേവലഭൂരിപക്ഷം നേടുന്ന സാഹചര്യത്തിലും വിശാലസഖ്യം രൂപീകരിച്ച് ഭരണം പിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞാൽ അതിശയപ്പെടേണ്ടി വരില്ല . മെയ് 23 ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായകമായ ദിവസം തന്നെയാകും.
from Anweshanam | The Latest News From India http://bit.ly/2HDcPfr
via IFTTT