Breaking

Friday, May 3, 2019

ബുര്‍ഖ ധരിക്കല്‍; മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണം: മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരം: ബുര്‍ഖ ധരിക്കുന്ന വിഷയത്തില്‍ മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് നിലവില്‍ മന്ത്രിയുടെ ഈ പ്രതികരണം. ബുര്‍ഖ നിരോധനത്തില്‍ എംഇഎസിനെ പിന്തുണയ്ക്കുന്നതാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ നിലപാട്. മാത്രമല്ല മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്നും, ഹജ് ചെയ്യുമ്പോഴും നിസ്‌കരിക്കുമ്പോഴും മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ലെന്നും അദ്ദേഹം അറിയിച്ചു. 

സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്ന് ഇസ്ലാം മതം പറയുന്നു. എന്നിട്ടും ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നു. ഇത് ശരിയായ നടപടി അല്ലെന്നും വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അതേസമയം ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ മത സംഘടനകള്‍ തന്നെ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത അധ്യായന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് എംഇഎസ് കോളെജുകളില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ളത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എംഇഎസ് പ്രസിഡന്റ് ഡോ. പി കെ ഫസല്‍ ഗഫൂറാണ് സര്‍ക്കുലര്‍ പുറത്തുവിട്ടിരിക്കുന്നത്. പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത മതാചാരങ്ങളുടെ പേരിലോ, ആധുനികതയുടെ പേരിലോ ഉള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
 



from Anweshanam | The Latest News From India http://bit.ly/2Wk93Ob
via IFTTT