Breaking

Friday, May 17, 2019

മമതയ്ക്ക് തിരിച്ചടി: മുന്‍ കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് നീക്കി

ന്യൂഡൽഹി: ശാരദാ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത മുൻ കമ്മീഷണർ രാജീവ് കുമാർ അറസ്റ്റിലായേക്കും. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് സുപ്രീം കോടതി നീക്കി. ഏഴുദിവസത്തിനകം വിലക്ക് ഒഴിവാകും. ഇതിനുശേഷം നിയമാനുസൃത നടപടികളുമായി സി ബി ഐക്ക് മുന്നോട്ടു പോകാമെന്ന് കോടതി പറഞ്ഞു. രാജീവ് കുമാറിനെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയുമായി സി ബി ഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ശാരദാ ചിട്ടിതട്ടിപ്പ് കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ രാജീവ് കുമാർ തെളിവുകൾ നശിപ്പിച്ചുവെന്നും അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്നും സിബിഐ കോടതിയെ ധരിപ്പിച്ചിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തനായ രാജീവ് കുമാറിനെ നേരത്തെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് നാടകീയ സംഭവങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഫെബ്രുവരി അഞ്ചിന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിലക്കാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. രാജീവ് കുമാറിനെ ഷില്ലോങ്ങിൽ ചോദ്യം ചെയ്യാമെന്നും ഫെബ്രുവരി അഞ്ചിലെ ഇടക്കാല ഉത്തരവിൽ കോടതി പറഞ്ഞിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ രാജീവ് കുമാർ സഹകരിക്കുന്നില്ലെന്നാണ് സി ബി ഐയുടെ വാദം. നിസ്സഹകരണ മനോഭാവമാണ് പുലർത്തിയതെന്നും സി ബി ഐ ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാജീവ് കുമാർ ശാരദാ ചിട്ടി തട്ടിപ്പുകേസിലെ പല തെളിവുകളും ലാപ് ടോപ്പ് ഉൾപ്പെടെയുള്ളവ നശിപ്പിച്ചെന്നും അതിനാൽ തന്നെ രാജീവിനെ കസ്റ്റഡിയിൽ വേണമെന്നും സി ബി ഐ കോടതിയിൽ പറഞ്ഞു. 2014ലാണ് ശാരദാ ചിട്ടി തട്ടിപ്പ് കേസ് സി ബി ഐ ഏറ്റെടുക്കുന്നത്. അതിനു മുമ്പ് കേസിന്റെ അന്വേഷണച്ചുമതല രാജീവ് കുമാറിനാണ്. മമതാ ബാനർജിയുമായി അടുത്തബന്ധം പുലർത്തുന്ന ഉദ്യോഗസ്ഥനാണ് രാജീവ് കുമാർ. ഫെബ്രുവരി മൂന്നിന് രാജീവിനെ അറസ്റ്റ് ചെയ്യാൻ കൊൽക്കത്തയിലെ അദ്ദേഹത്തിന്റെ വീടിനു മുന്നിലെത്തിയ സി ബി ഐ ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതേസമയംരാജീവ്കുമാറിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ ന്യൂഡൽഹിയിലേക്ക് അടിയന്തരമായി സ്ഥലം മാറ്റിയിരുന്നു. ബുധനാഴ്ച രാത്രിയാണ് ഉത്തരവിറക്കിയത്. വ്യാഴാഴ്ച രാവിലെ 10-നുതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ ചുമതലയേൽക്കാനാണ് നിർദേശിച്ചത്. തിരഞ്ഞെടുപ്പ് ചുമതലകളുമായി നേരിട്ട് ബന്ധമില്ലെങ്കിലും മമതയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന രാജീവ്കുമാർ അവസാനവോട്ടെടുപ്പ് നടക്കുന്ന മേയ് 19-ന് തന്റെ സ്വാധീനം ഉപയോഗിച്ചേക്കാമെന്ന ആശങ്കയിലാണ് കമ്മിഷൻറെ നടപടിയെന്ന് രാഷ്ട്രീയവൃത്തങ്ങളിൽ സംസാരമുണ്ട്. ഈയിടെ ബി.ജെ.പി. നേതാക്കളുടെ വാഹനങ്ങൾ തുടരെത്തുടരെ പരിശോധിച്ചതിനെതിരേ പരാതികളും കമ്മിഷൻ കണക്കിലെടുത്തിട്ടുണ്ടാവാം എന്നും കരുതുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം രാജീവ്കുമാറിനെ തനിക്ക് സ്വാധീനമുള്ള മേഖലയിൽനിന്ന് മാറ്റിനിർത്തുകയാണ് നടപടിയിലൂടെ കമ്മിഷൻ ചെയ്തിരിക്കുന്നത്. നടപടി രാഷ്ട്രീയ പക്ഷപാതിത്വമുള്ളതാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിട്ടുണ്ട്. content highlights: former kolkata police commissioner rajiv kumar faces arrest in Saradha chit fund scam


from mathrubhumi.latestnews.rssfeed http://bit.ly/2LOaNyz
via IFTTT