Breaking

Friday, September 10, 2021

പുണെ സംഘമെത്തി, വവ്വാലുകളെ ഇന്നു പിടിക്കും

കോഴിക്കോട് : നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകളുടെ ഭാഗമായി വെള്ളിയാഴ്ച വവ്വാലുകളെ പിടിക്കും. പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സംഘാംഗങ്ങളുടെ സാന്നിധ്യത്തിൽ വനംവകുപ്പുദ്യോഗസ്ഥർ അതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. നിപ ബാധിച്ചുമരിച്ച ചാത്തമംഗലം പാഴൂർ മുന്നൂരിലെ മുഹമ്മദ് ഹാഷിമിന്റെ വീട്ടുപറമ്പിലും വവ്വാലുകളുടെ ആവാസസ്ഥലത്തും സംഘം പരിശോധന നടത്തി. ചേന്ദമംഗലത്തും കൊടിയത്തൂരിലും സംഘമെത്തി. വവ്വാലുകൾ പറക്കുന്ന പാതയും സമ്പർക്കസാധ്യതയും വിലയിരുത്തി. വീട്ടുപറമ്പിലെ അടയ്ക്കകൾ വവ്വാലുകൾ കടിച്ചത് വ്യക്തമായതിനാൽ അതിൽനിന്നാണോ വൈറസ് വ്യാപനമുണ്ടായതെന്ന പരിശോധന വേണമെന്നും സംഘം അഭിപ്രായപ്പെട്ടിട്ടുണ്ട്. എൻ.ഐ.വി.യിൽ നിന്നുള്ള ബാറ്റ് സർവേസംഘം തലവൻ ഡോ. മംഗേഷ് ഗോഖലെ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർമാരായ ഡോ. അജേഷ് മോഹൻദാസ്, ഡോ. അരുൺ സത്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ചത്തെ നടപടികൾ. പുണെയിൽനിന്ന് കൂടുതൽ പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച കോഴിക്കോട്ടെത്തും. വവ്വാലുകളുടെ സഞ്ചാരപാതയിൽ നിയന്ത്രണംമുന്നൂരിൽ മൃഗസംരക്ഷണവകുപ്പിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസിൽ നിന്നുള്ള വിദഗ്ധസംഘവും സന്ദർശനം നടത്തി. ഡിസീസ് ഇൻവെസ്റ്റിഗേഷൻ ചീഫ് ഓഫീസർ ഡോ. മിനി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീടും പരിസരവും റമ്പൂട്ടാൻ മരം സ്ഥിതിചെയ്യുന്ന സ്ഥലവും സന്ദർശിച്ചു. വവ്വാലുകൾ കഴിച്ച് താഴെവീണ അടയ്ക്കയുടെ സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. റമ്പൂട്ടൻ മരത്തിനടുത്തേക്കുള്ള വവ്വാലുകളുടെ സഞ്ചാരപാതയ്ക്കരികിൽ കന്നുകാലികളെ മേയ്ക്കുന്നതും മീൻപിടിക്കുന്നതും നിർത്തിവെക്കാൻ നിർദേശിച്ചിട്ടുണ്ട്.നിപ സ്ഥിരീകരിച്ചതോടെ കൺടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശത്തെ ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കുമെന്ന് സംഘം പറഞ്ഞു. ക്ഷീരകർഷകർ പാൽ വിൽപ്പന നടത്താൻ കഴിയാതെ ഒഴുക്കിക്കളയുകയായിരുന്നു. പാൽ അളക്കാനും ഇത് ആർ.ആർ.ടി. വൊളന്റിയർമാരെ ഉപയോഗിച്ച് ക്ഷീരസഹകരണസംഘത്തിലും വീടുകളിലും എത്തിക്കാനുമുള്ള സംവിധാനം ഏർപ്പെടുത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ കെ. രമാദേവി, ഡോ. സ്വപ്ന സൂസൻ എബ്രഹാം, ഡോ. എസ്. നന്ദകുമാർ, ഡോ. കെ.കെ. ബേബി എന്നിവരും സംഘത്തിലുണ്ടായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3E0Ryc1
via IFTTT