ന്യൂഡല്‍ഹി∙ പ്രമാദമായ ശാരദ ചിട്ടി തട്ടിപ്പു കേസില്‍ കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ അറസ്റ്റ് വിലക്കിയുള്ള ഇടക്കാല ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു. സിബിഐ അറസ്റ്റില്‍നിന്നു സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഏഴു ദിവസം രാജീവ് കുമാറിന് സുപ്രീംകോടതി അനുവദിച്ചു. ഏഴു ദിവസത്തിനു ശേഷം ആവശ്യമെങ്കില്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാമെന്ന് കോടതി സിബിഐയെ അറിയിച്ചു. ഇതോടെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.
ശാരദ ചിട്ടി തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ സമയത്ത് തെളിവു നശിപ്പിച്ചെന്ന കേസില്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള ഫെബ്രുവരി അഞ്ചിലെ ഉത്തരവു റദ്ദാക്കണമെന്നും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. ശാരദ കേസ് കൂടാതെ റോസ് വാലി കേസിലും ചോദ്യം ചെയ്യേണ്ടതുണ്ട്. കേസുകളിലെ ഗൂഢാലോചനയുടെ ചുരുള്‍ അഴിയണമെങ്കില്‍ രാജീവ് കുമാറിനെ കസ്റ്റഡിയില്‍ കിട്ടേണ്ടതുണ്ടെന്ന് സിബിഐ വാദിച്ചു.
2000 കോടി രൂപയുടെ ശാരദ കേസ് സിബിഐ ഏറ്റെടുക്കും മുന്‍പ് അതന്വേഷിച്ച ബംഗാള്‍ പൊലീസിന്റെ പ്രത്യേക സംഘത്തലവനായിരുന്നു രാജീവ് കുമാര്‍. ഉന്നതരെ രക്ഷിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. സിബിഐ ചോദ്യം ചെയ്തതിനു ശേഷം രാജീവ് കുമാറിനെ സിഐഡി എഡിജിപി ആക്കിയിരുന്നു. കമ്മിഷണര്‍ സ്ഥാനത്ത് 3 വര്‍ഷം പിന്നിട്ടതിനെ തുടര്‍ന്നാണ് രാജീവ് കുമാറിനെ മാറ്റിയത്.
from Anweshanam | The Latest News From India http://bit.ly/2LROfNk
via IFTTT