Breaking

Wednesday, December 8, 2021

സി.പി.ഐ. വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നയാളുടെ വീടിനുനേരേ ഗുണ്ടാ ആക്രമണം; പ്രത്യാക്രമണം

മൂന്നാർ: വട്ടവട ചിലന്തിയാറിൽ സി.പി.ഐ.യിൽനിന്ന് വിട്ട് സി.പി.എമ്മിൽ ചേർന്നയാളുടെ വീടിന് നേരേ ഗുണ്ടാ ആക്രമണം. സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങൾക്ക് സാരമായി പരിക്കേറ്റു. സി.പി.ഐ. നേതാവിന്റെ സഹോദരനും തമിഴ്നാട്ടിൽനിന്നെത്തിയ ഗുണ്ടാ സംഘവുമാണ് ആക്രമണം അഴിച്ചുവിട്ടത്. പ്രകോപിതരായ നാട്ടുകാരും സി.പി.എം. പ്രവർത്തകരും സംഘടിച്ചെത്തി ഗുണ്ടാസംഘത്തിന്റെ ജീപ്പ് കത്തിച്ചു. തടിലോഡിങ് കരാറുകാരൻ കൂടിയായ സി.പി.ഐ. നേതാവിന്റെ തൊഴിലാളികളെ താമസിക്കുന്നിടത്ത് കയറി മർദിച്ചു. പ്രത്യാക്രമണത്തിനിരയായവർ അക്രമി സംഘത്തിൽ ഉണ്ടായിരുന്നവരല്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ചരമുതലുണ്ടായ തുടർസംഘർങ്ങളിൽ 11 പേർക്കാണ് പരിക്കേറ്റത്. ചിലന്തിയാർ സ്വദേശിയായ ഗണേശൻ മാസങ്ങൾക്ക് മുൻപ് പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നിരുന്നു. ഇതു സംബന്ധിച്ച് സി.പി.ഐ. നേതാവും തടി ലോഡിങ് കരാറുകാരനുമായ കരുണാകരമൂർത്തിയുമായി വൈരമുണ്ടായിരുന്നു. ലോഡ് ലോറിയിൽ കയറ്റുന്നതിന് അമിതകൂലി വാങ്ങുന്നത് ഗണേശൻ എതിർത്തു. ഇതിന്റെ വാശിയിലാണ് തിങ്കളാഴ്ച കരുണാകരമൂർത്തിയുടെ തമിഴ്നാട്ടിലുള്ള സഹോദരൻ കുട്ടിയപാണ്ഡ്യനും മറ്റു മൂന്നുപേരും വാഹനത്തിൽ ഗണേശന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ഇവരുടെ ആക്രമണത്തിൽ ഗണേശൻ, മാതാവ് രാജകനി, മാതൃസഹോദരി മാരിയമ്മ, സഹോദരൻ മനോജ് കുമാർ എന്നിവർക്ക് പരിക്കേറ്റു. വീടിന് കേടുപാടുകളും വരുത്തി. വിവരമറിഞ്ഞ് രാത്രി ദേവികുളം പോലീസെത്തിയാണ് പരിക്കേറ്റു കിടന്നവരെ ആശുപത്രിയിലെത്തിച്ചത്. ഇതിനുശേഷം രാത്രി 12-നാണ് നാട്ടുകാർ സംഘടിച്ചത്. ഇവർ സി.പി.ഐ. നേതാവിന്റെ വീടിന് സമീപം നിർത്തിയിട്ടിരുന്ന ഗുണ്ടാ സംഘത്തിന്റെ ജീപ്പ് കത്തിച്ചു. കൂടാതെ കരുണാകര മൂർത്തിയുടെ ജോലിക്കാർ താമസിച്ചിരുന്ന വീട്ടിലും ആക്രമണം നടത്തി. വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന മറയൂർ ഗുഹനാഥപുരം സ്വദേശികളായ വിവേക്, സുരേഷ്, ഗജേന്ദ്രൻ, മണി, ഗോപാൽ, ശേഖർ, മാരിയപ്പൻ എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. മൂന്നാർ ഡിവൈ.എസ്.പി. കെ.ആർ. മനോജ്, ദേവികുളം എസ്.ഐ. ജോയി ജോസഫ് എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിൽ കേസെടുത്തതായും തമിഴ്നാട്ടിൽ നിന്നെത്തിയ സംഘത്തിനായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഏതാനും മാസങ്ങളായി വട്ടവടയിൽ സി.പി.എം.-സി.പി.ഐ. തർക്കം നിലനിൽക്കുന്നുണ്ട്. സി.പി.എം. മുൻ ഏരിയാ കമ്മിറ്റിയംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി. രാമരാജും സംഘവും സി.പി.ഐ.യിൽ ചേർന്നതു മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിന്റെ തുടർച്ചയാണ് തിങ്കളാഴ്ചയുണ്ടായ സംഘർഷവും.


from mathrubhumi.latestnews.rssfeed https://ift.tt/3pEqMQb
via IFTTT