Breaking

Saturday, May 4, 2019

20 വര്‍ഷം മുമ്പൊരു ചുഴലിക്കാറ്റിന്റെ ഓര്‍മയ്ക്ക്, 1999 ല്‍ ഒഡീഷയെ തകര്‍ത്ത മരണദൂത്

ഫോനി ചുഴലിക്കാറ്റ് ഒഡീഷയിൽ ആഞ്ഞുവീശുമ്പോൾ ഒരുപക്ഷെ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പുനടന്ന മറ്റൊരു ചുഴലിക്കാറ്റിന്റെ നടുക്കുന്ന ഓർമകൂടിയാണ് പുതുക്കപ്പെടുന്നത്. 20 വർഷം മുമ്പ് 1999 ഒക്ടോബർ 29 നായിരുന്നു മരണത്തിന്റെ ദൂതുമായി സൂപ്പർ സൈക്ലോൺ എന്ന് വിശേഷിപ്പിക്കുന്ന ചുഴലിക്കാറ്റ് വീശിയടിച്ചത്. അന്ന് ഒഡീഷയെ ഒറീസ എന്നായിരുന്നു വിളിച്ചിരുന്നത്. ഒറ്റദിവസം കൊണ്ട് സംസ്ഥാനത്തിന്റെ പലഭാഗങ്ങളെയും കശക്കിയെറിഞ്ഞ ചുഴലിക്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടത് 10,000 ആളുകൾക്കായിരുന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഇപ്പോൾ വീശുന്ന ചുഴലിക്കാറ്റ് കര തൊട്ടപ്പോൾ 200 കിലോമീറ്ററായിരുന്നു വേഗതയെങ്കിൽ 20 വർഷം മുമ്പെത്തിയ ചുഴലിക്കാറ്റിന് മണിക്കൂറിൽ 260 കിലോമീറ്ററായിരുന്നു വേഗം. മരണത്തിന്റെ മുഴുവൻ രൗദ്രതയും ആർജിച്ചായിരുന്നു സൂപ്പർ സൈക്ലോൺ എത്തിയത്. ചുഴലിക്കാറ്റ് വരുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും മുന്നൊരുക്കങ്ങളുടെ അഭാവമാണ് അതൊരു ദുരന്തമായി പര്യവസാനിക്കുന്നതിലേക്കെത്തിയത്. ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയെപ്പറ്റി അന്ന് പലവിധത്തിലുമുള്ള അവ്യക്തതകളുമുണ്ടായിരുന്നു. മാത്രമല്ല കാറ്റിന്റെ കരുത്തിനെപ്പറ്റി വലിയ ധാരണകളും ഭരണകൂടത്തിനുണ്ടായിരുന്നില്ല. ചുഴലിക്കാറ്റ് കരയിലേക്കെത്തുന്നതിന് രണ്ടുദിവസം മുമ്പാണ് താഴേക്കിടയിലേക്ക് മുന്നറിയിപ്പ് എത്തുന്നത്. അന്ന് 2000 പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന 21 അഭയകേന്ദ്രങ്ങൾ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. 12 ജില്ലകളാണ് അന്ന് കാറ്റിൽ ആടിയുലഞ്ഞത്. നിസ്സഹായതയുടെ മൂന്നു ദിവസങ്ങൾ ചുഴലിക്കാറ്റ് വരുന്നുണ്ടെന്ന് അറിയിച്ചിട്ടും കുറഞ്ഞ സമയത്തിനുള്ളിൽ ജനങ്ങളെ മാറ്റി താമസിപ്പിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. ഭൂരിഭാഗം ആളുകളും അധികൃതരുടെ നിർദ്ദേശങ്ങൾ അവഗണിച്ചു. താമസസ്ഥലങ്ങളും ആസ്തികളും വിട്ട് മാറിതാമസിക്കാൻ പലരും തയ്യാറായില്ല. ഇവരെ ചുഴലിക്കാറ്റ് നിർദാക്ഷിണ്യം വിഴുങ്ങി. 1999 ഒക്ടോബർ 29 ന് പാരദീപിലാണ് സൂപ്പർ സൈക്ലോൺ കരതൊട്ടത്. ഭുവനേശ്വർ അല്ലെങ്കിൽ കട്ടക് എന്നിവിടങ്ങിളിൽ എവിടെയെങ്കിലുമായിരിക്കും സൂപ്പർ സൈക്ലോൺ എത്തുകയെന്നായിരുന്നു അന്ന് കരുതിയിരുന്നത്. എന്നാൽ അത് സംഭവിച്ചില്ല. കാറ്റിന്റെ വേഗം പ്രതീക്ഷിച്ചതിലും പതിന്മടങ്ങാണെന്ന് തിരച്ചറിഞ്ഞതോടെ അധികൃതർ നിസ്സഹായരായി. ചുഴലിക്കാറ്റ് ഗ്രാമങ്ങളെ കശക്കിയെറിയുന്നത് നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ ഭരണ സംവിധാനങ്ങൾക്ക് സാധിച്ചുള്ളു. ഭുവനേശ്വറും കട്ടക്കും ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞു. കാറ്റിന്റെ വേഗതയിൽ വാർത്താ വിനിമയ സംവിധാങ്ങൾ അപ്പാടെ തകർന്നു. അന്ന് മുഖ്യമന്ത്രിയ്യിരുന്ന ഗിരിധർ ഗമാങ് എന്തെങ്കിലും സഹായത്തിനായി നിരന്തരം പുറത്തേക്ക് ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ വസതിയിലെ രണ്ട് ഫോണുകൾ മാത്രമായിരുന്നു സംസ്ഥാനത്ത് അന്ന് പ്രവർത്തിച്ചിരുന്നത്. പകൽ 11 മണിയോടെ രണ്ട് ഫോണുകൾ വഴിയുമുള്ള ബന്ധം നിലച്ചു. അതോടെ സംസ്ഥാനം പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. സാധാരണ ഗതിയിൽ ചുഴലിക്കാറ്റുകൾ എട്ടുമണിക്കൂറോളമാണ് വീശുക എന്നാണ് കണക്കുകൾ. എന്നാൽ 1999 ലെ സൂപ്പർ സൈക്ലോൺ വീശിയത് ഏതാണ്ട് 24 മണിക്കൂറുകളോളമായിരുന്നു. ഒരുദിവസം മുഴുവനും സംസ്ഥാനത്തെ ഗ്രാമങ്ങളെയും നഗരങ്ങളെയും തകർത്തുകൊണ്ട് വീശിയടിച്ചുകൊണ്ടേയിരുന്നു. അടുത്ത രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ടെലിഫോൺ ബന്ധം പുനഃസ്ഥാപിക്കപ്പെട്ടത്. ഇതോടെയാണ് ഒഡീഷ നേരിട്ട ദുരന്തത്തിന്റെ വ്യാപ്തി ലോകം അറിയുന്നത്. 10,000 ആളുകൾ മരിച്ചുവെന്നാണ് പുറത്തുവന്ന വിവരങ്ങൾ. 3.5 ലക്ഷം വീടുകൾ കാറ്റിൽ തകർന്നു. ചില ഗ്രാമങ്ങൾ പൂർണമായും തുടച്ചുനീക്കപ്പെട്ടു. രണ്ടുലക്ഷത്തോളം വളർത്തുമൃഗങ്ങൾ ചത്തുമലച്ചു. 25 ലക്ഷം ആളുകൾ വഴിയാധാരമായി. ഇതിനെല്ലാം പുറമെയാണ് അടിസ്ഥാന സൗകര്യങ്ങൾ തകർന്ന സംസ്ഥാനത്തിന്റെ അവസ്ഥയും. ചുഴലിക്കാറ്റിന് പിന്നാലെ ഭക്ഷ്യദൗർബല്യം സംസ്ഥാനത്തെ ബാധിച്ചു. ഭക്ഷണത്തിന് വേണ്ടി കലാപങ്ങളുണ്ടായി. ഇത്തരമൊരു ദുരന്തം നേരിട്ട് പരിചയമില്ലാതിരുന്ന ഉദ്യോഗസ്ഥർ ഭക്ഷ്യവിതരണം ഏറ്റെടുത്തതോടെ പ്രശ്നങ്ങൾ രൂക്ഷമായി. ആളുകൾക്ക് എളുപ്പം എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളിലേക്ക് മാത്രമേ ഭക്ഷണവും മരുന്നും മറ്റും എത്തിക്കാൻ അധികൃതർക്ക് സാധിച്ചുള്ളു. ദിവസങ്ങൾക്ക് ശേഷമാണ് ഭക്ഷണവും മരുന്നും, പണവുമടക്കമുള്ള സഹായങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സംസ്ഥാനത്തേക്കും പിന്നീട് ജനങ്ങളിലേക്കും എത്തിയത്. ഉയർത്തെഴുന്നേൽപ്പ്, പുതിയ ഒഡീഷ ചില സംഭവങ്ങൾ ചിലരുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കാറുണ്ട്. അതേപോലെയാണ് ഒഡീഷയുടെ കാര്യത്തിലുമുണ്ടായത്. ചുഴലിക്കാറ്റുകളെ നേരിടാനുള്ള സംവിധാനങ്ങൾ പിന്നീട് യുദ്ധകാലാടിസ്ഥാനത്തിലാണ് തയ്യാറായത്. രണ്ട് പതിറ്റാണ്ടിനു മുമ്പ് ദുരന്തം കാറ്റായി വീശിയടിച്ചപ്പോൾ 21 അഭയ കേന്ദ്രങ്ങൾ മാത്രമായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ ഫോനി ചുഴലിക്കാറ്റ് എത്തിയപ്പോൾ ആ സ്ഥാനത്ത് 900 സുരക്ഷിത അഭയകേന്ദ്രങ്ങൾ സജ്ജമായിരുന്നു. പ്രകൃതി ദുരന്തങ്ങൾ നേരിടാനായി ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചു. ഇന്ത്യയിലാദ്യമായി ഈ സംവിധാനം സജ്ജമാക്കിയത് ഒഡീഷയായിരുന്നു. ഇങ്ങനെ സുസജ്ജമായിരുന്നതുകൊണ്ടാണ് 2013 ൽ ഫെയ്ലിൻ ചുഴലിക്കാറ്റ് ഒഡീഷയിൽ വീശിയപ്പോൾ അതിനെ വിജയകരമായി മറികടക്കാനായി. ഒഡീഷയുടെ മുന്നൊരുക്കങ്ങളെ അന്ന് ഐക്യരാഷ്ട്ര സഭ പോലും പ്രശംസിക്കുകയുണ്ടായി. ഇപ്പോൾ ഫോനി ചുഴലിക്കാറ്റെത്തിയപ്പോഴും മരണ നിരക്ക് വളരെ കുറഞ്ഞുനിൽക്കുന്നതും ഈ സംവിധാനങ്ങൾ സുസജ്ജമായിരിക്കുന്നതുകൊണ്ടാണ്. Content Highlights:1999 Odisha cyclone, 10,000 peoples lost their life


from mathrubhumi.latestnews.rssfeed http://bit.ly/2Y72y1B
via IFTTT