Breaking

Wednesday, May 29, 2019

മദ്യപിച്ച് വാഹനമോടിക്കല്‍; ലൈസന്‍സ് റദ്ദാക്കിയവരുടെ എണ്ണം 170 ശതമാനം വര്‍ധിച്ചു

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമ്പോഴും നിയമം ലംഘിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. മുൻവർഷങ്ങളേക്കാൾ കൂടുതൽ കേസുകളാണ് ഓരോവർഷവും റിപ്പോർട്ട് ചെയ്യുന്നത്. 2018-ൽ മാത്രം മദ്യപിച്ച് വാഹനമോടിച്ചതിന് ലൈസൻസ് റദ്ദാക്കിയവരുടെ എണ്ണം 170 ശതമാനമാണ് വർധിച്ചത്. 32,765 പേരുടെ ലൈസൻസാണ് 2018-ൽ റദ്ദാക്കിയത്. 2017-ൽ 14,881 പേരുടെ ലൈസൻസ് റദ്ദാക്കിയപ്പോൾ 2016-ൽ 12,151 പേരുടെ ലൈസസാണ് ഇതേകാരണത്താൽ റദ്ദാക്കിയത്. പഴയ ലൈസൻസ് റദ്ദായാലും പുതിയ ലൈസൻസ് എടുക്കാൻ അവസരമൊരുങ്ങുന്നതാണ് നിയമം കർശനമാക്കിയിട്ടും മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണം കുറയാത്തതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിരന്തരം മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് ജയിൽശിക്ഷ നൽകാനുള്ള നിയമം വേണമെന്നും വിവിധകോണുകളിൽനിന്ന് ആവശ്യമുയരുന്നുണ്ട്. ബെംഗളൂരു സെൻട്രലിലാണ് മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതൽ. അതേസമയം മറ്റുനിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദാക്കപ്പെടുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. 59 ശതമാനത്തോളമാണ് 2018-ൽ മാത്രം ഇത്തരം ലൈസൻസ് റദ്ദാക്കലുകളിലുണ്ടായ വർധന. 8400 -ഓളം ലൈസൻസുകൾ വിവിധ നിയമലംഘനങ്ങൾക്ക് റദ്ദാക്കി. അമിതവേഗത, സിഗ്നലുകൾ തെറ്റിക്കൽ, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയവയാണ് ഇതിൽ ഭൂരിഭാഗം കേസുകളും. നിയമലംഘനം ആവർത്തിക്കുമ്പോഴാണ് പോലീസ് ലൈസൻസ് റദ്ദുചെയ്യുന്നതിന് ഗതാഗതവകുപ്പിനോട് ശുപാർശ ചെയ്യുക. ഒട്ടേറെത്തവണ മുന്നറിയിപ്പ് നൽകിയിട്ടും നിയമ ലംഘനം ആവർത്തിക്കുന്നത് നഗരത്തിലെ റോഡുകളിൽ അപകടം പെരുകുന്നതിലും ഇടയാക്കുന്നതായി പോലീസ് പറയുന്നു. കോളേജ് വിദ്യാർഥികളും യുവാക്കളുമാണ് നിയമം ലംഘിക്കുന്നവരിൽ ഭൂരിഭാഗവും. Content Highlights; Drunk driving, Traffic rule violations


from mathrubhumi.latestnews.rssfeed http://bit.ly/2QueHeJ
via IFTTT