Breaking

Thursday, August 30, 2018

പ്രളയത്തിന് കാരണം പ്രകൃതി ക്ഷോഭം മാത്രമല്ല; പുനർനിർമാണത്തിന് ഇറങ്ങുന്ന സർക്കാർ അറിയാൻ ചിലകാര്യങ്ങൾ

മഹാപ്രളയം സംസ്ഥാനത്തിനുണ്ടാക്കിയത് തീരാനഷ്ടങ്ങളാണ്. എന്നാൽ ഈ നഷ്ടങ്ങൾക്ക് കാരണം കേവലം പ്രകൃതിക്ഷോഭമല്ല. കാലങ്ങളായി തുടർന്ന് വരുന്ന കയ്യേറ്റങ്ങളും അനധികൃത ഖനനവും ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ച്ചയും ഇതിന്റെ മുഖ്യ കാരണങ്ങളാണ്. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് വേണം കേരളത്തെ പുനർനിർമിക്കേണ്ടത്. ഡാം നടത്തിപ്പിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ചകളുണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണമല്ല, പകരം ഇത് സംബന്ധിച്ച വസ്തുതാ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കത്തക്ക വിധം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഒരു വിദഗ്ദ്ധ സമിതി ഉണ്ടാക്കുകയാണ് വേണ്ടതെന്ന് എറണാകുളത്ത് കൂടിയ സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്‌മയിൽ ആവശ്യമുയർന്നിട്ടുണ്ട്. 

അഡ്വ. ജോൺ ജോസഫ്, പി ടി ജോൺ, എം ഗീതാനന്ദൻ, മാഗ്ലിൻ ഫിലോമിന, അനിൽ ജോസ്,  ജോർജ് മുല്ലക്കര, വിളയോടി വേണുഗോപാൽ, കെ ജി ജഗദീശൻ, ഫാ. വർഗീസ് മുഴുത്തേറ്റ്, ഡോ ജോസ്കുട്ടി ജെ ഒഴുകയിൽ,  പ്രൊഫ. ജോസ് മാത്യു, ജയശ്രീ ചാത്തനാത്ത്, എൻ സുബ്രമണ്യൻ, അഡ്വ. ജോഷി ജേക്കബ്, എസ് രാമകൃഷ്ണൻ, ജിയോ ജോസ് തുടങ്ങിയ നിരവധി സാമൂഹ്യ പ്രവർത്തകരാണ് എറണാകുളത്ത് നടന്ന യോഗത്തിൽ പങ്കെടുത്തത്. ചർച്ചയിൽ ഉയർന്ന് വന്ന പ്രധാന തീരുമാനങ്ങൾ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം കൂടാൻ തീരുമാനിച്ചതിന്റെ വെളിച്ചത്തിൽ കേരളത്തിലെ എംഎൽഎമാർക്ക് നിർദേശങ്ങളായി സമർപ്പിച്ചിട്ടുണ്ട്.

എംഎൽഎമാർക്ക് നൽകിയ നിർദേശങ്ങൾ

1.    ദുരന്തത്തിന്റെ ആഘാതം വർധിച്ചതിന് മുഖ്യകാരണം ഡാമുകളുടെ മാനേജ്മെന്റിൽ ഉണ്ടായ വീഴ്ചയാണ്. ജൂൺ 30 ന് ഇടുക്കി ഡാമിലെ ജലനിരപ്പ് 2130 അടി ആയിരുന്നു. അതിനു അനുസൃതമായ ജലനിരപ്പായിരുന്നു മറ്റു ഡാമുകളിലും എന്ന കരുതാവുന്നതാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വൻമഴയുടെ സാധ്യതയെക്കുറിച്ച് കാലാവസ്ഥാ പ്രവചനങ്ങൾ ദിവസവും വന്നുകൊണ്ടിരുന്നു. അവ ശ്രദ്ധാപൂർവം കണക്കിലെടുത്ത് വെള്ളം തുറന്നുവിടുന്നതിന് വിവിധ ഡാമുകളിൽ ഏർപ്പാടുകൾ ചെയ്തിരുന്നുവെങ്കിൽ തുടർച്ചയായി വൻമഴ ഉണ്ടായിരുന്ന ദിവസങ്ങളിൽ ജലനിർഗമനം ക്രമീകരിച്ച് പ്രളയത്തിന്റെ ആക്കം കുറക്കാൻ കഴിയുമായിരുന്നു. KSEB യും മേജർ, മൈനർ ഇറിഗേഷൻ ഡിപ്പാർട്മെന്റുകളുമാണ് കുറ്റകരമായ അനാസ്ഥയ്ക്ക് ഉത്തരവാദികൾ.

ഇത് സംബന്ധിച്ച വസ്തുതാ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കത്തക്ക വിധം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഒരു വിദഗ്ദ്ധ സമിതി പ്രവർത്തിക്കുന്നതാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കുന്നതിനേക്കാൾ ഫലപ്രദം. ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണത്തെ കാലതാമസം ഉണ്ടാക്കുന്നതും ശുപാർശകൾക്ക് നിയമപരമായ കരുത്ത് കുറവുള്ളതുമാണ്. ഗവർമെന്റിനു ശുപാർശകൾ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാനാകും. 

ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഇക്കാര്യം ചെയ്യുന്നതിന് സർക്കാർ തന്നെ നടപടി എടുക്കുകയോ സർക്കാർ അതിന് തയ്യാറാകാത്ത പക്ഷം പ്രതിപക്ഷ നേതാവിന് കോടതിയെ സമീപിച്ച് ഇക്കാര്യം ചെയ്യിക്കുന്നതിന് ശ്രമം നടത്താവുന്നതാണ്. സർക്കാരിന് തന്നെ അഡ്വക്കേറ്റ് ജനറൽ വഴി കോടതിയെ സമീപിക്കാവുന്നതാണ്. 

2.    പ്രളയത്തിന്റെ രൂക്ഷത വർദ്ധിപ്പിച്ച മറ്റൊരു കാരണം അണക്കെട്ടുകളുടെ പ്രാന്തപ്രദേശങ്ങളിലും നദികളുടെ ഓരങ്ങളിലും ഉണ്ടായിട്ടുള്ള നിയമവിരുദ്ധ കയ്യേറ്റങ്ങളാണ്. ഈ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ അടിയന്തിര നടപടി ഇപ്പോഴെങ്കിലും സ്വീകരിക്കേണ്ടതാണ്. മത സ്ഥാപനങ്ങളും പ്രാർത്ഥനാലയങ്ങളും നടത്തിയ കയ്യേറ്റങ്ങൾ രാജ്യത്തെമ്പാടും ഒഴിപ്പിക്കാൻ സുപ്രീം കോടതി കർശന നിർദേശം നൽകിയിട്ടുള്ളത് ഇക്കാര്യത്തിൽ മാതൃകയാക്കാവുന്നതാണ്. എല്ലാ കയ്യേറ്റങ്ങളും കൃത്യമായി കണ്ടെത്തുന്നതിന് സമഗ്രമായ പരിശോധന നടത്താൻ നിയമസഭാ കമ്മിറ്റി രൂപീകരിച്ച് അതിനുകീഴിൽ ഉദ്യോഗസ്ഥന്മാരുടെ ഒരു സംവിധാനം ഉണ്ടാക്കേണ്ടതാണ്. 

3.    ഇറിഗേഷൻ ഡാമുകളിൽ നിന്ന് കാർഷികാവശ്യങ്ങൾക്ക് വെള്ളം നൽകുന്നില്ലെന്ന വസ്തുത നിയമസഭാ സജീവമായി പരിഗണിക്കുകയും അതിന്റെ കാര്യങ്ങൾ തിട്ടപ്പെടുത്തി ആ നയം മാറ്റി കർഷകർക്ക് വെള്ളം ലഭ്യമാക്കുന്നതിന് സത്വര നടപടി സ്വീകരിക്കാൻ നിയമസഭ സർക്കാരിനോട് ആവശ്യപ്പെടുകയും വേണം. കൃഷിയാവശ്യങ്ങൾക്ക് വെള്ളം കിട്ടാതിരിക്കുമ്പോഴും പ്രളയ ദുരന്തം മൂലം ഏറ്റവും കൂടുതൽ കെടുതികളും കഷ്ട നഷ്ടങ്ങളും ഉണ്ടായത് കർഷകർക്കാണെന്ന് നിയമസഭാ കണക്കിലെടുക്കണം.

4.    ദുരിതാശ്വാസ നടപടികളിൽ discrimination ഉണ്ടെന്നുള്ളത് നിയസഭ പരിഗണിക്കണം. ദുരന്തത്തിന് വിധേയമായ ആദിവാസി കോളനികളിൽ ഏറിയ പങ്കും ഇപ്പോഴും ആലംബവും സർക്കാരിന്റെ കൈത്താങ്ങും വേണ്ടത്ര ലഭിക്കാതെ ബുദ്ധിമുട്ടിൽ തന്നെ തുടരുകയാണ്

5.    നവകേരള നിർമ്മിതി എന്നതിൽ 'നവകേരളം' എന്ന പ്രയോഗം പ്രത്യേകിച്ച് ഉള്ളടക്കമൊന്നും ഉള്ളതായി പ്രതിഫലിപ്പിക്കുന്നില്ല. ആ പ്രയോഗത്തിന് പകരം പുനഃനിർമാണത്തിന്റെ ദിശ വ്യക്തമായി സൂചിപ്പിക്കുന്ന ഒരു പ്രയോഗം കണ്ടത്തേണ്ടതാണെന്ന് നിയമസഭ ശുപാർശ ചെയ്യണം. 

6.    സുനാമിയും ഓഖിയും നൽകിയ പാഠങ്ങൾ ഉൾക്കൊള്ളാൻ അതികൃതർ തയ്യാറായിട്ടില്ലെന്നത് ഇപ്പോഴത്തെ ദുരന്തം കൈകാര്യം ചെയ്ത രീതി വ്യക്തമാക്കുന്നുണ്ട്. ഇത്തവണയെങ്കിലും അതിന് മാറ്റം വരുത്താൻ നിയമസഭാ തന്നെ നിർദേശങ്ങൾ ആവിഷ്ക്കരിക്കണം.

7.    പുഴകളും കായലുകളും കടലും പ്രളയംമൂലം മാലിന്യകൂമ്പാരങ്ങളായി മാറിയിട്ടുണ്ട്. അവ മാലിന്യ മുക്ത മാക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കാൻ നിയമസഭ ശുപാർശ ചെയ്യണം.

8.    കുട്ടനാട്ടിലെ ജലനിർഗമനത്തിനുള്ള തടസ്സങ്ങൾ യഥാകാലം നീക്കാത്ത ഉദ്യോഗസ്ഥന്മാർ - തോട്ടപ്പിള്ളി സ്പിൽ വേ, തണ്ണീർമുക്കം ബണ്ട് - കർശനമായ നടപടികൾക്ക് വിധേയരാകുന്നു എന്നുറപ്പുവരുത്താൻ നിയമസഭ നടപടി സ്വീകരിക്കണം.

9.    തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ സർക്കാർ കവർന്നെടുത്തിട്ടുള്ളതും, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിയും  റദ്ദാക്കാൻ തക്കവിധം സർക്കാരിന്റെ കണ്ണ് തുറപ്പിക്കാൻ നിയമസഭയിലെ ചർച്ച പ്രയോജനപ്പെടുത്തണം. 

10.    മുല്ലപ്പെരിയാർ ഒഴികെയുള്ള എല്ലാ ഡാമുകളുടെയും ഡീസിൽറ്റിംഗിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിയമസഭ ശുപാർശ ചെയ്യണം.

11.    പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ പാറ ഖനനം അവസാനിപ്പിക്കുകയും അല്ലാതുള്ള പ്രദേശങ്ങളിൽ പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ ചെറിയ പാറമടകൾ ഉപയോഗപ്പെടുത്തി ആവശ്യമായ കല്ല് സംഭരിക്കുകയും വേണം. വൻതോതിലുള്ള ഖനനം പ്രകൃതിയുടെ സന്തുലിതാവസ്ഥ അപകടപ്പെടുത്തുകയും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമാകുകയും ചെയ്യുന്നു എന്നാണ് വിദഗ്ദ്ധർ ചൂണ്ടികാണിച്ചിട്ടുള്ളത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ പകുതിയലധികവും ഉരുൾപൊട്ടൽമൂലവും മണ്ണിടിച്ചിൽ മൂലവുമാണെന്ന് ഓർക്കേണ്ടതുണ്ട്. കൂടുതൽ കരിങ്കല്ല് ആവശ്യമായി വരുന്ന വൻകിട നിർമാണങ്ങൾ പാടെ ഉപേക്ഷിക്കുകയും പ്രകൃതി സൗഹൃദ നിർമാണ വസ്തുക്കളും സാമഗ്രികളും സാർവത്രികമാക്കാനും സർക്കാർ തയ്യാറാക ണമെന്നും നിയമസഭ ശുപാർശ ചെയ്യണം. ബയോണിക്സ് ശാസ്ത്ര ശാഖ കേരളത്തിൽ വളർത്തിക്കൊണ്ട് വരുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും നിയമസഭ ശുപാർശ  ചെയ്യണം.

12.    ഗാഡ്ഗിൽ റിപ്പോർട്ട് പുനർവായനക്ക് സർക്കാരും രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളും മത സമുദായ നേതാക്കളും റിപ്പോർട്ടിനെതിരെ നിലപാടെടുത്ത കർഷകരും തയ്യാറാകുന്നതിനുള്ള മുൻകൈ സർക്കാർ എടുക്കണം. സത്യങ്ങൾ ജനസമക്ഷം സമർപ്പിക്കാതെ നിക്ഷിപ്ത താൽപര്യക്കാരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി തെറ്റിദ്ധാരണകൾ പരത്തി ജനങ്ങളെ പ്രക്ഷോഭകാരി കളാക്കുയായിരുന്നെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ നിയമസഭ യെങ്കിലും തയാറാകണം. അതിന് നിയമസഭാ അംഗങ്ങൾ മുൻകൈ എടുക്കണം. മുല്ലപ്പെരിയാർ പ്രക്ഷോഭത്തെ സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധിന്യായത്തിലുള്ള പരാമർശങ്ങൾ ഈ അവസരത്തിലെങ്കിലും ബോധ്യപ്പെടുത്തുന്നതിന്  നേതൃത്വത്തിന് കഴിയണം. കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പാപ്പര ത്തത്തെ അതിനിശിതമായി വിധിന്യായത്തിൽ വിമര്ശിച്ചിട്ടുള്ള സംഗതി രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണ് തുറപ്പിക്കാൻ പോന്നതാണ്. ജനപക്ഷത്ത് നിൽക്കാൻ ആഗ്രഹിക്കുന്ന MLAമാർ ഇതിന് മുൻകൈ എടുക്കേണ്ടതാണ്.

13.    പുനരധിവാസ - പുനർനിർമാണ പദ്ധതികളിൽ ദുരന്തംമൂലം ജീവിതായോധന മാർഗങ്ങൾ നഷ്ടപ്പെട്ടിട്ടുള്ള ആളുകൾക്ക് അത് തിരിച്ച് പിടിക്കുന്നതിന് ഒന്നാമത്തെ മുൻഗണന നൽകേണ്ടതുണ്ട്. ആ ഗണത്തിൽ പെടുന്നവർക്ക് ഓരോ ദിവസത്തെ ജീവിതവും ഭാരമായി മാറുന്നു എന്നത് കണക്കിലെടുക്കണം. 

14.    കൃഷിയോഗ്യമല്ലാതായ ഭൂമി ജൈവിക രീതിയിൽ കൃഷിയോഗ്യ മാക്കി മാറ്റാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകളും നടപടികളും ഉപയോഗപ്പെടുത്തണം. കർഷകരുടെ പുനരുദ്ധാ രണത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കാൻ നിയമസഭ സർക്കാരിനോട് ശുപാർശ ചെയ്യണം
 



from Anweshanam | The Latest News From India https://ift.tt/2CcuF9V
via IFTTT