Breaking

Wednesday, July 22, 2020

വിദ്യാർഥികൾക്ക് കോവിഡ്: ഒപ്പം പരീക്ഷയെഴുതിയവരും അധ്യാപകരും ക്വാറന്റീനിൽ

തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാന എൻട്രൻസ് പരീക്ഷ (കീം) എഴുതിയ വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ച കുട്ടികൾ പരീക്ഷയെഴുതിയ ഹാളിലുണ്ടായിരുന്ന വിദ്യാർഥികളോടും അധ്യാപകരോടും ക്വാറന്റീനിൽ കഴിയാൻ ആവശ്യപ്പെട്ടു. തൈക്കാട് ബി.എഡ്. സെന്ററിൽ പരീക്ഷയെഴുതിയ പൊഴിയൂർ സ്വദേശിനിയായ 19-കാരിയാണ് രോഗം ബാധിച്ച ഒരാൾ. ഈ പെൺകുട്ടി രോഗം സ്ഥിരീകരിച്ച ഒരാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലായിരുന്നു. കോളേജിലെ ജനറൽ ഹാൾ ബി-യിലാണ് പരീക്ഷയെഴുതിയത്. ഇവിടെ 20 കുട്ടികൾ പരീക്ഷയെഴുതിയിരുന്നു. കരമന ഗവ. ഗേൾസ് എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ പേരൂർക്കട എ.കെ.ജി. നഗർ സ്വദേശിയായ 18-കാരനാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ പ്രത്യേകം മുറിയിൽ ഒറ്റയ്ക്കാണ് പരീക്ഷയെഴുതിയത്. ഇവിടെയുണ്ടായിരുന്ന അധ്യാപകനെയും രണ്ട് സന്നദ്ധപ്രവർത്തകരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. കോട്ടൺഹിൽ സ്കൂളിൽ വിദ്യാർഥിയെ പരീക്ഷയ്ക്കെത്തിച്ച മണക്കാട് സ്വദേശിയായ രക്ഷിതാവിന് രോഗം സ്ഥിരീകരിച്ചു. പരീക്ഷ കഴിയുന്നതുവരെ ഇദ്ദേഹം സ്കൂൾ പരിസരത്തുതന്നെയുണ്ടായിരുന്നു. ആ സമയം സ്കൂൾ പരിസരത്തുണ്ടായിരുന്നവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കോഴിക്കോട്ട് മലബാർ ക്രിസ്ത്യൻ കോളേജ് ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ വടകര സ്വദേശിയായ വിദ്യാർഥിക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഒളവണ്ണയിലെ അമ്മാവന്റെ വീട്ടിൽനിന്നാണ് വിദ്യാർഥി പരീക്ഷയ്ക്കെത്തിയത്. ഈ വിദ്യാർഥി പരീക്ഷയ്ക്കെത്തിയപ്പോൾ കോവിഡ് ലക്ഷണങ്ങളില്ലായിരുന്നു. അമ്മാവന് വിദേശത്തുപോകാൻ കോവിഡ് ടെസ്റ്റ് ചെയ്തപ്പോൾ കഴിഞ്ഞദിവസം പോസിറ്റീവ് ആയി. തുടർന്ന് വിദ്യാർഥിയെയും ടെസ്റ്റിന് വിധേയമാക്കിയപ്പോഴാണ് കോവിഡ് പോസിറ്റീവായത്. കൂടെ പരീക്ഷയെഴുതിയ 14 കുട്ടികളോടും രണ്ട് അധ്യാപകരോടും പരീക്ഷയ്ക്കുണ്ടായിരുന്ന 10 വൊളന്റിയർമാരോടും രണ്ട് പോലീസുകാരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. Content Highlight: students test positive for covid-19 after KEAM exam


from mathrubhumi.latestnews.rssfeed https://ift.tt/2CtscJ4
via IFTTT