Breaking

Wednesday, July 22, 2020

അക്കൗണ്ടുകളിൽ ഫൈസൽ ഫരീദ് ‘സംപൂജ്യൻ’

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച കസ്റ്റംസ് ഞെട്ടി. മൂന്നു ബാങ്കുകളിലെ അക്കൗണ്ടുകളിൽ ശേഷിക്കുന്നത് 3000 രൂപയിൽതാഴെ മാത്രം. ഒരു ബാങ്കിൽനിന്നു വാഹനവായ്പയെടുത്തത് തിരിച്ചടയ്ക്കാത്തതിന് ജപ്തിനടപടിയുമായി. 50 ലക്ഷം രൂപ വായ്പയെടുത്ത സഹകരണബാങ്കിൽ തിരിച്ചടയ്ക്കാനുള്ളത് 37 ലക്ഷം രൂപ. ഫൈസൽ ഫരീദിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കസ്റ്റംസ് തൃശ്ശൂരിലെ മൂന്ന് പ്രധാന ബാങ്കുകൾക്ക് നോട്ടീസ് അയച്ചത്. കയ്പമംഗലത്തെ ബാങ്കുകളിൽ ഫൈസൽ ഫരീദിന് അക്കൗണ്ടുകളുണ്ടെന്ന് മൂന്നുപീടികയിലെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ കസ്റ്റംസ് കണ്ടെത്തിയിരുന്നു. അക്കൗണ്ടുകളിലൊന്നും വർഷങ്ങളായി ഇടപാടുകൾ നടന്നിട്ടില്ല. ഒരു ബാങ്കിൽ വർഷങ്ങൾക്കുമുമ്പ് എൻ.ആർ.ഐ. അക്കൗണ്ട് തുറന്നിരുന്നു. ഇതിലും ഇടപാടുകളൊന്നും നടന്നിട്ടില്ല. ഇടപാടുകളില്ലാത്ത എൻ.ആർ.ഐ. അക്കൗണ്ടിന്റെ വിവരങ്ങൾ റിസർവ് ബാങ്കിനു കൈമാറണം. ഇതിനുള്ള നടപടികളിലാണ് ബാങ്ക്. ഫൈസൽ ഫരീദ് ബാങ്കുകളിൽ നൽകിയ കെ.വൈ.സി. വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. തൃശ്ശൂർ മതിലകത്തെ സഹകരണ ബാങ്കിൽനിന്ന് ഫൈസലിന്റെ പിതാവ് പരീത് വർഷങ്ങൾക്കു മുമ്പ് രണ്ടുതവണയായി 25 ലക്ഷം രൂപ വീതം വായ്പയെടുത്തിരുന്നു. ഇത് കൃത്യമായി തിരിച്ചടച്ചതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് വായ്പാപരിധി 50 ലക്ഷമാക്കി ഉയർത്തി. എന്നാൽ, ഇതിൽ ഇപ്പോഴും 37 ലക്ഷം തിരിച്ചടയ്ക്കാനുണ്ട്. പിതാവ് ദുബായ് മുനിസിപ്പാലിറ്റിയിൽ ജോലിക്കാരനായിരുന്നതിനാൽ പത്താംക്ലാസിനു ശേഷം ദുബായിൽ സ്ഥിരതാമസമാക്കിയതാണ് ഫൈസൽ. മൂന്ന് സഹോദരന്മാരും കുടുംബവും ഉൾപ്പെടെ എല്ലാവരും ദുബായിലാണ്. ഇടയ്ക്കിടെ നാട്ടിൽ വന്നുപോകാറുള്ള ഫൈസൽ ഒന്നരവർഷം മുമ്പാണ് ഒടുവിലെത്തിയത്. Content Highlight:Gold smuggling case: account details of Faisal Fareed


from mathrubhumi.latestnews.rssfeed https://ift.tt/3jzqmqP
via IFTTT