തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുംവിധം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ ഇടപെട്ടുവെന്നത് പുറത്തുവന്നതോടെ സി.പി.എം. നിരീക്ഷണം കർശനമാക്കി. വിവിധ മന്ത്രിമാരുടെ എട്ട് സ്റ്റാഫംഗങ്ങൾ പാർട്ടിയുടെ നിരീക്ഷണത്തിലാണ്. ഇതിനുപിന്നാലെ, മന്ത്രി ഇ.പി. ജയരാജന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.സി. സജീഷ് രാജിവെക്കുകയും ചെയ്തു.എട്ട് സ്റ്റാഫുകളുടെ പ്രവർത്തനം പാർട്ടിക്കോ സർക്കാരിനോ അംഗീകരിക്കാവുന്ന വിധത്തിലല്ലെന്നാണ് വിലയിരുത്തിയിട്ടുള്ളത്. ഇവർക്കെതിരേ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നില്ല. സ്റ്റാഫംഗങ്ങളുടെ പ്രത്യേക യോഗംവിളിച്ച് ‘ശുദ്ധീകരണം’ വരുത്താനാണ് തീരുമാനിച്ചത്. വ്യാഴാഴ്ച യോഗം നടക്കാനിരിക്കേയാണ് മന്ത്രി ഇ.പി. ജയരാജന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി രാജിവെച്ചത്. സജീഷിനെതിരേയും ചില പരാതികൾ ലഭിച്ചിരുന്നു. പാർട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജി നൽകിയതെന്നാണ് സൂചന. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാലാണ് സജീഷ് രാജിവെച്ചതെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.നേരത്തേ ചില പരാതികൾ ലഭിച്ചിരുന്നെങ്കിലും ആവശ്യമായ തിരുത്തലുണ്ടാകണമെന്നു നിർദേശിച്ചതല്ലാതെ മറ്റ് ഇടപെടലിന് സി.പി.എം. തയ്യാറായിരുന്നില്ല. ഇപ്പോൾ ഗൗരവത്തിലെടുത്തിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രി ടി.എം. തോമസ് ഐസക് തന്നെ മന്ത്രിമാരുടെ സ്റ്റാഫുകളിൽ ചിലകാര്യങ്ങൾ തിരുത്തേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയതായാണു വിവരം.
from mathrubhumi.latestnews.rssfeed https://ift.tt/3eN5skc
via
IFTTT