Breaking

Saturday, July 4, 2020

എഫ്.ബി. പോസ്റ്റിന്റെ പേരിൽ മുൻ ഡി.വൈ.എഫ്.ഐ. നേതാവിനെ സി.പി.എം. പുറത്താക്കി

കണ്ണൂർ: പാർട്ടി ആത്മവിമർശം നടത്തണമെന്നാവശ്യപ്പെട്ട് പാർലമെന്റ് തിരഞ്ഞെടുപ്പ് ദിവസം ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട ബൂത്ത് സെക്രട്ടറിയെ സി.പി.എം. പാർട്ടിയിൽനിന്ന് പുറത്താക്കി. ചെറുകുന്ന് സൗത്ത് ലോക്കലിലെ കുന്നനങ്ങാട് ബ്രാഞ്ചംഗമായ എൻ.അജിത്ത്കുമാറിനെയാണ് പുറത്താക്കിയത്. ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ സെക്രട്ടറിയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം ചെറുകുന്ന് സൗത്തിൽ ഒരു ബൂത്തിന്റെ പാർട്ടി ചുമതലയുണ്ടായിരുന്ന അജിത്ത്കുമാർ വോട്ടിങ്ങിൽ അപകടം മണക്കുന്നുവെന്ന് ഫെയ്‌സ് ബുക്കിൽ എഴുതി. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മുന്നണിക്കുണ്ടായ വൻ പരാജയത്തെക്കുറിച്ച് വിശദമായും ഫെയ്‌സ്ബുക്കിലെഴുതി. തോറ്റാലും തോറ്റിട്ടില്ലെന്ന പരമ്പരാഗത വിശദീകരണം ഇനിയെങ്കിലും മാറ്റണം, പാർട്ടിനേതാക്കൾ മിതത്വം പാലിക്കണം, ബഹുജനബന്ധം ശക്തിപ്പെടുത്തണം, കടക്കൂ പുറത്തെന്നല്ല, കടന്നിരിക്കിൻ എന്നാണ് മറ്റുള്ളവരോട് പറയേണ്ടത് എന്നെല്ലാമായിരുന്നു പോസ്റ്റ്.ഫെയ്‌സ് ബുക്ക് പോസ്റ്റ് സംഘടനാവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമാണെന്നാരോപിച്ച് ഏരിയാ കമ്മിറ്റി അജിത്ത്കുമാറിനെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചു. എന്നാൽ തന്റെ ഘടകമായ ബ്രാഞ്ചിൽ ചർച്ചചെയ്യാതെയും പറയാനുള്ളത് കേൾക്കാതെയും നടപടിയെടുത്തത് അന്യായമാണെന്ന് കാട്ടി അജിത്ത്കുമാർ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകി. ഇതേത്തുടർന്ന് നടപടി മരവിപ്പിക്കുകയായിരുന്നു. പിന്നീട് നടപടിക്രമങ്ങൾ പാലിച്ച് ബ്രാഞ്ചിൽ ചർച്ച നടത്തിയശേഷമാണ് ഇപ്പോൾ പുറത്താക്കിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3dSOPmI
via IFTTT