Breaking

Thursday, July 16, 2020

74 ടയറുകള്‍, ദിവസം സഞ്ചരിക്കുന്നത് 5 കിലോമീറ്റര്‍; ഈ ലോറി കേരളത്തിലെത്താന്‍ ഒരുവര്‍ഷമെടുത്തു

തിരുവനന്തപുരം: വി.എസ്.എസ്.സി.യിലേക്കുള്ള ഭീമൻ യന്ത്രവുമായി ഒരു ലോറി മഹാരാഷ്ട്രയിൽനിന്നും കേരളത്തിലേക്ക് പുറപ്പെട്ടിട്ട് ഒരു വർഷമായി. നാല് സംസ്ഥാനങ്ങൾ പിന്നിട്ടായിരുന്നു യാത്ര. ഒരു ദിവസം അഞ്ചു കിലോമീറ്റർ മാത്രം സഞ്ചരിക്കുന്ന വാഹനം നീങ്ങുന്നത് 74 ടയറുകളുടെ ബലത്തിലാണ്. മറ്റ് വാഹനങ്ങൾക്ക് ഇടംനൽകാതെ, റോഡിലൂടെ പോകുന്ന ലോറിയെ നിയന്ത്രിക്കുന്നത് 32 ജീവനക്കാരാണ്. എയ്റോസ്പേസ് ഓട്ടോ ക്ലേവ് എന്ന യന്ത്രമാണ് വി.എസ്.എസ്.സി.ക്കു വേണ്ടി ലോറിയിൽ കൊണ്ടുവരുന്നത്. 70 ടൺ ഭാരമുള്ള യന്ത്രത്തിന് 7.5 മീറ്റർ ഉയരവും 6.65 മീറ്റർ വീതിയുമുണ്ട്. ഭാരവും ഭീമാകാരവും കാരണം സാധാരണ റോഡിലൂടെയുള്ള ഗതാഗതം ക്ലേശകരമാണ്. ഇതിനാലാണ് ലോറി ഒരു ദിവസം അഞ്ചുകിലോമീറ്റർ സഞ്ചരിക്കുന്നത്. ലോറിക്കു കടന്നുപോകാൻ റോഡിനു കുറുകേയുള്ള വൈദ്യുത ലൈനും വശങ്ങളിലെ മരച്ചില്ലകളും മാറ്റേണ്ടിവരുന്നു. പോലീസും വൈദ്യുതി ബോർഡ് ജീവനക്കാരുമാണ് എല്ലായിടത്തും ലോറിയെ കടത്തിവിടാൻ പ്രയത്നിച്ചത്. ജൂലൈ ആദ്യവാരത്തിൽ അതിർത്തി കടന്ന വാഹനം കഴിഞ്ഞ ദിവസം തിരുവനന്തരപുരം നഗരത്തിലെത്തി. ദിവസങ്ങൾക്കുള്ളിൽ വണ്ടി ലക്ഷ്യസ്ഥാനത്തെത്തും. നാസിക്കിൽ നിർമിച്ച എയ്റോസ്പേസ് ഓട്ടോക്ലേവാണ് വട്ടിയൂർക്കാവ് വി.എസ്.എസ്.സി. കേന്ദ്രത്തിലേക്ക് എത്തിക്കുന്നത്. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലേക്ക് ഭാരം കുറഞ്ഞതും വലുപ്പമേറിയതുമായ വിവിധ ഉപകരണങ്ങൾ നിർമിക്കുന്നതിനായാണ് ഓട്ടോക്ലേവ് എത്തിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ വട്ടിയൂർക്കാവ് കേന്ദ്രത്തിലെത്തിച്ച് കമ്മിഷൻ ചെയ്യുമെന്ന് വി.എസ്.എസ്.സി. അധികൃതർ അറിയിച്ചു. Content Highlights: Truck with 74 wheels travelling through kerala


from mathrubhumi.latestnews.rssfeed https://ift.tt/2OrIOD5
via IFTTT