Breaking

Tuesday, July 21, 2020

കൂറുമാറാൻ 35 കോടി വാഗ്ദാനം ചെയ്തെന്ന് എം.എൽ.എ.; വിശ്വാസ്യത തകർക്കാനുള്ള ശ്രമമെന്ന് പൈലറ്റ്

ന്യൂഡൽഹി: രാജസ്ഥാനിൽ വിമതനേതാവ് സച്ചിൻ പൈലറ്റിനെതിരേ ആരോപണവർഷവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോതും കോൺഗ്രസ് എം.എൽ.എ.യും. ബി.ജെ.പി.യിലേക്ക് കൂറുമാറുന്നതിനായി രാജ്യസഭാ തിരഞ്ഞെടുപ്പിനുമുമ്പ് സച്ചിൻ പൈലറ്റ് തനിക്ക് വൻ തുക വാഗ്ദാനം ചെയ്തതായി കോൺഗ്രസ് എം.എൽ.എ. ഗിരിരാജ് സിങ് മലിംഗ ആരോപിച്ചു. പൈലറ്റിന്റെ വീട്ടിൽനടന്ന കൂടിക്കാഴ്ചയിലാണ് സച്ചിൻ പണം വാഗ്ദാനം ചെയ്തതെന്നും ഇക്കാര്യം അപ്പോൾത്തന്നെ മുഖ്യമന്ത്രിയെ അറിയിച്ചതായും മലിംഗ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 30-35 കോടിക്ക് ഇടയിലാണോ വാഗ്ദാനം ചെയ്തതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'നടപ്പുരീതി'യിലുള്ള തുകയെന്നായിരുന്നു മലിംഗയുടെ മറുപടി. 35 കോടി രൂപയാണ് വാഗ്ദാനം ചെയ്തതെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്നത്. വിശ്വാസ്യത തകർക്കാനും അപകീർത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണ് ആരോപണമെന്നും പ്രധാന പ്രശ്നത്തിൽനിന്ന് ശ്രദ്ധതിരിക്കുന്നതിനാണിതെന്നും പൈലറ്റ് പ്രസ്താവനയിൽ പറഞ്ഞു. പൈലറ്റ് ഒന്നിനും കൊള്ളാത്തവനും നിഷ്ക്രിയനും ആണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോതും മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൈലറ്റിനെതിരേ പരസ്യപ്രസ്താവന വേണ്ടെന്ന് ഹൈക്കമാൻഡ് നിർദേശം ഉള്ളപ്പോഴാണ് ഗഹ്ലോതിന്റെ രൂക്ഷവിമർശനം. ഇന്ത്യാചരിത്രത്തിലാദ്യമായാണ് പാർട്ടി അധ്യക്ഷൻതന്നെ സ്വന്തം സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, വിമത എം.എൽ.എ.മാർക്കെതിരേ സ്പീക്കർ നൽകിയ അയോഗ്യതാ നോട്ടീസുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് നീട്ടി. ഉൾപ്പാർട്ടി ചർച്ചകൾ അനുവദനീയമാണെന്നും അതിനെ മൂല്യമില്ലാത്ത കൂറുമാറലായി പരിഗണിക്കരുതെന്നും പൈലറ്റിനും 18 വിമത എം.എൽ.എ.മാർക്കും വേണ്ടി തിങ്കളാഴ്ച ഹാജരായ അഡ്വ. ഹരീഷ് സാൽവേ കോടതിയിൽ പറഞ്ഞു. പാർട്ടിക്കുള്ളിലെ അഭിപ്രായഭിന്നതയ്ക്ക് സ്പീക്കർ എം.എൽ.എ.മാർക്ക് അയോഗ്യതാ നോട്ടീസ് നൽകിയത് നിയമസഭാംഗത്തിന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ ലംഘിക്കലാണെന്ന് സാൽവേ അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 10.30-ന് പൈലറ്റിനും കൂട്ടർക്കുംവേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി വാദം തുടരും. Content Highlights:On MLAs "35 Crore Bribe" Declare, Sachin Pilot Says attempt to undermine credibility


from mathrubhumi.latestnews.rssfeed https://ift.tt/32CCKjF
via IFTTT