കോഴിക്കോട് : തുടക്കംമുതൽ ഒടുക്കംവരെ ആവേശംനിറഞ്ഞ കേരള പ്രീമിയർ ലീഗ് ഫൈനലിൽ ഗോകുലം കേരള എഫ്.സി.യെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ് ചാമ്പ്യൻമാരായി. സഡൻഡെത്തിലായിരുന്നു (6-5) ബ്ലാസ്റ്റേഴ്സിന്റെ ജയം. ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യകിരീടമാണിത്. ഗോകുലത്തിന്റെ തുടർച്ചയായ മൂന്നാം കെ.പി.എൽ ഫൈനലായിരുന്നു ഇത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും മൂന്നുഗോൾ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിലും ഇരുടീമുകളും അഞ്ചുഗോൾ വീതം നേടി. ഒടുവിൽ സഡൺഡത്തിലെ ആദ്യ കിക്ക് ബ്ലാസ്റ്റേഴ്സിന്റെ ലാൽമിനുലം ഡുംഗൽ വലയിലെത്തിച്ചു. എന്നാൽ ഗോകുലത്തിന്റെ സാമുവൽ ലിങ്ദൊയുടെ ഷോട്ട് പുറത്തുപോയി. ഇരുടീമുകളുടെയും റിസർവ് ടീം അണിനിരന്ന മത്സരത്തിൽ നിശ്ചിതസമയത്ത് ബ്ലാസ്റ്റേഴ്സിനായി റൊണാൾഡൊ അഗസ്റ്റോ രണ്ടു തവണ സ്കോർ ചെയ്തു (13, 64) നേടി. സാമുവൽ ലിങ്ദൊയും (22) സ്കോർ ചെയ്തു. ആതിഥേയർക്കുവേണ്ടി ഘാന താരം സാമുവൽ ബർത്തലോമ ഇരട്ടഗോൾ (6, 41) നേടി. മറ്റൊരു ഗോൾ ലാൽമുനാംസോവ (60) നേടി. ഗോകുലമാണ് ആദ്യം ലീഡുനേടിയത്. തുടർന്ന് രണ്ടുഗോളടിച്ച് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ഇടവേളയ്ക്ക് പിരിയുന്പോൾ 2-2 എന്നനിലയിലായിരുന്നു. രണ്ടാം പകുതിയിൽ ഗോകുലം ലീഡുനേടിയെങ്കിലും 64-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തി. കഴിഞ്ഞസീസണിലെ ഫൈനലിൽ ഗോകുലം കൊച്ചി നേവിയോട് ഷൂട്ടൗട്ടിൽ തോറ്റിരുന്നു. Content Highlights: KPL Kerala Blasters beat Gokulam Kerala FC in final to become champions
from mathrubhumi.latestnews.rssfeed https://ift.tt/2TvDYIo
via
IFTTT