മെൽബൺ: വനിതകളുടെ ദിനം അവിസ്മരണീയ വിജയദിനമാക്കാൻ തയ്യാറെടുത്ത് ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ക്രിക്കറ്റ് താരങ്ങൾ. വനിതകളുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഞായറാഴ്ച ഓസ്ട്രേലിയയെ നേരിടും. മത്സരം ഉച്ചയ്ക്ക് 12.30 മുതൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ.വനിതാ ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയ ഫൈനൽ കളിക്കുന്നത് ഇത് ആറാം തവണ. നേരത്തേ നാലുതവണ കിരീടം നേടി. സർവോപരി, നിലവിലെ ജേതാക്കളും ആതിഥേയരുമാണ് മെഗ് ലാനിങ് നയിക്കുന്ന ഓസ്ട്രേലിയൻ ടീം. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യയാകട്ടെ, ഫൈനലിലെത്തുന്നത് ഇതാദ്യം. ഇന്ത്യ vs ഓസീസ് ഈ ലോകകപ്പിൽ കളിച്ച നാലുമത്സരങ്ങളും ജയിച്ച ടീമാണ് ഇന്ത്യ. പ്രാഥമികഘട്ടത്തിൽ, ഓസ്ട്രേലിയയെ തോൽപ്പിച്ചുകൊണ്ട് തുടങ്ങി. ബംഗ്ലാദേശ്, ന്യൂസീലൻഡ്, ശ്രീലങ്ക ടീമുകളെയും തോൽപ്പിച്ചു. എന്നാൽ, സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു. അതുകൊണ്ടുതന്നെ എട്ടുദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും കളിക്കാനിറങ്ങുന്നത്. നോക്കൗട്ട് ഘട്ടത്തിൽ കളിക്കാതിരുന്നത് ആത്മവിശ്വാസത്തെയും ബാധിക്കും. പ്രാഥമികഘട്ടത്തിൽ ശ്രീലങ്ക, ന്യൂസീലൻഡ്, ബംഗ്ലാദേശ് ടീമുകളെ തോൽപ്പിച്ച ഓസ്ട്രേലിയ, സെമിയിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. വലിയ ടൂർണമെന്റുകളിലെ പരിചയസമ്പത്തും സ്വന്തം നാട്ടിലാണ് കളി എന്നതും ഓസ്ട്രേലിയയ്ക്ക് അനുകൂലമാണ്. ബാറ്റിങ് വര: എൻ.എൻ. സജീവൻ ഓപ്പണർ ഷെഫാലി വർമ എന്ന പതിനാറുകാരി നൽകിയ മിന്നുന്ന തുടക്കത്തിലൂടെയാണ് ഇന്ത്യ ഇതുവരെ മുൻതൂക്കം നേടിയത്. എന്നാൽ, മധ്യനിര ബാറ്റിങ് ശരിക്കും പരീക്ഷിക്കപ്പെട്ടിട്ടില്ല. പ്രധാന താരം സ്മൃതി മന്ഥാനയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ശ്രദ്ധേയ ഇന്നിങ്സ് കളിച്ചിട്ടില്ല. നാല് ഇന്നിങ്സിൽ 161 റൺസടിച്ച ഷെഫാലി പരാജയപ്പെട്ടാൽ ഇന്ത്യയുടെ പദ്ധതികൾ താളംതെറ്റും. 161 സ്ട്രൈക്ക് റേറ്റിൽ 161 റൺസടിച്ച ഷെഫാലി, സ്ട്രൈക്ക് റേറ്റിൽ ഏറെ മുന്നിലാണ്. ഓപ്പണർ ബെത്ത് മൂണിയാണ് ഓസ്ട്രേലിയയെ ഇതുവരെ മുന്നോട്ടുനയിച്ചത്. അഞ്ച് ഇന്നിങ്സിൽ 181 റൺസടിച്ച മൂണി സ്കോറിങ്ങിൽ മൂന്നാംസ്ഥാനത്ത് നിൽക്കുന്നു. ഇതിൽ രണ്ട് അർധസെഞ്ചുറിയുണ്ട്. മറ്റൊരു ഓപ്പണർ അലിസ ഹീലി അഞ്ച് ഇന്നിങ്സിൽ 161 റൺസടിച്ചു. ബൗളിങ്ങിൽ, നാല് ഇന്നിങ്സിൽ ഒമ്പതുവിക്കറ്റെടുത്ത ഇന്ത്യയുടെ ലെഗ് സ്പിന്നർ പൂനം യാദവ് വിക്കറ്റ് വേട്ടയിൽ ഒന്നാമതാണ്. സ്പിന്നർമാരായ രാധാ യാദവ്, രാജേശ്വരി ഗെയ്ക്വാദ് എന്നിവരും പേസ് ബൗളർ ശിഖ പാണ്ഡെയും മികച്ച പിന്തുണ നൽകുന്നു. അഞ്ചു കളിയിൽ ഒമ്പതുവിക്കറ്റെടുത്ത പേസ് ബൗളർ മെഗൻ സ്കട്ട് ഓസ്ട്രേലിയൻ ടീമിന് കരുത്തേകുന്നു. പരിക്ക് ഓൾറൗണ്ടർ എലിസ പെറി പരിക്കേറ്റ് മടങ്ങിയത് ഓസ്ട്രേലിയയ്ക്ക് വലിയ നഷ്ടമായി. പേസർ ടായ്ല വ്ളാമിങ്കും പരിക്കുകാരണം ടീം വിട്ടു. ഇന്ത്യയുടെ സ്മൃതി മന്ഥാന പരിക്കുമാറി തിരിച്ചെത്തി. കാലാവസ്ഥ സിഡ്നിയിൽനടന്ന സെമിഫൈനലിനെ മഴ ബാധിച്ചിരുന്നു. ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചപ്പോൾ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തിലും മഴ ഇടപെട്ടു. ഞായറാഴ്ച മെൽബണിൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. മഴയാണെങ്കിൽ റിസർവ് ദിനമായ തിങ്കളാഴ്ച കളി തുടരും. അന്നും മഴ മുടക്കിയാൽ ഇരുടീമുകളെയും സംയുക്തവിജയികളായി പ്രഖ്യാപിക്കും. പിച്ച് ഫ്ളാറ്റ് പിച്ചാണ് ഫൈനലിനുവേണ്ടി ഒരുക്കിയത്. സ്കോറിങ് എളുപ്പമാവുമെന്നാണ് വിലയിരുത്തൽ. Content Highlights:T20 Womens Cricket Final Shafali Verma
from mathrubhumi.latestnews.rssfeed https://ift.tt/2TuWPmV
via
IFTTT