Breaking

Tuesday, March 10, 2020

പത്തനംതിട്ടയില്‍ രണ്ടുവയസുകാരി ഐസൊലേഷന്‍ വാര്‍ഡില്‍, റാന്നിയില്‍ ജാഗ്രത

പത്തനംതിട്ട: കോവിഡ് -19 റിപ്പോർട്ട് ചെയ്യപ്പെട്ട പത്തനംതിട്ടയിൽ രണ്ട് വയസുള്ള കുട്ടിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ കുട്ടിക്കാണ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയിൽ അഞ്ചുപേർക്കാണ് നിലവിൽ കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം വ്യാപകമായ ഇറ്റലിയിൽ നിന്നെത്തിയ റാന്നി ഐത്തലയിലെ മൂന്നുപേരും ഇവരുമായി ഇടപഴകിയ കുടുംബാംഗങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇറ്റലിയിൽ നിന്നെത്തിയവരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ 733പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ജില്ലാകളക്ടർ പി.ബി. നൂഹ് പറഞ്ഞു. ഐസൊലേഷൻ വാർഡിൽ നിന്ന് യുവാവ് ചാടിപ്പോയതിനെയും അദ്ദേഹം വിമർശിച്ചു. ഇയാളെ കണ്ടെത്തുന്നത് വരെ അയാൾ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു തുടങ്ങിയവ കണ്ടെത്തി അവരെയൊക്കെ നിരീക്ഷണത്തിൻകീഴിൽ ആക്കേണ്ടിവരും. ഇത്തരത്തിൽ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കാനാണ് സർക്കാർ തീരുമാനം. രോഗം ബാധിച്ചവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയും വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേസമയം രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്ന റാന്നിയിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. റാന്നിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളോട് ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകും. കൊറോണ ഭീതിക്കിടയിലും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ നടക്കും. വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കയില്ലാതെ കുട്ടികൾക്ക് പരീക്ഷയെഴുതാനുള്ള സൗകര്യങ്ങൾ എല്ലാ സ്കൂളിലും ഒരുക്കിയിട്ടുണ്ട്. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട ചികിത്സയിലോ, നിരീക്ഷണത്തിലോ ഉള്ള കുട്ടികളുണ്ടെങ്കിൽ അവർക്കായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു. ഇത്തരത്തിൽ പത്തനംതിട്ട ജില്ലയിൽ രണ്ട് വിദ്യാർഥികൾ വീട്ടുനിരീക്ഷണത്തിൽ ഉണ്ടെന്നാണ് വിവരം. ഇവർക്ക് പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ്മുറികൾ തയ്യാറാക്കും. ഇവർക്കായി അധികൃതർ പ്രത്യേക യാത്രാ സൗകര്യം ഒരുക്കി നൽകിയിട്ടുണ്ട്. കേരളത്തിൽ കോവിഡ് -19 ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമുള്ളപക്ഷം പരീക്ഷാ ഹാളിൽ കുട്ടികൾക്ക് മാസ്കും സാനിറ്റൈസറുകളും കൊണ്ടുപോകാൻ സി.ബി.എസ്.ഇ. അനുവാദം നൽകിയിട്ടുണ്ട്. Content Highlights:Corona Virus, 2-year-old child admitted in the Isolation ward in Pathanamthitta


from mathrubhumi.latestnews.rssfeed https://ift.tt/335p6Ud
via IFTTT