ന്യൂഡൽഹി: മധ്യപ്രദേശ് കോൺഗ്രസിൽ വിമതസ്വരം പരസ്യമാക്കിയ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേരുമെന്ന് സൂചന. തിങ്കളാഴ്ച രാത്രി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയതായ റിപ്പോർട്ടുകൾ പുറത്തുവന്നു. തന്നെ അനുകൂലിക്കുന്ന 18 എംഎൽഎമാരെ ബെംഗളൂരുവിലേക്ക് മാറ്റിയാണ് സിന്ധ്യ വിമതസ്വരം പരസ്യമാക്കിയത്. അനുരഞ്ജനത്തിനായി കോൺഗ്രസ് നേതൃത്വം തിരക്കിട്ട ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും സിന്ധ്യ ചർച്ചക്ക് തയ്യാറായിട്ടില്ല. ഇതിനിടയിലാണ് സിന്ധ്യ കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച വിവരം പുറത്തുവരുന്നത്. ബിജെപി നേതാവ് നരോത്തംമിശ്ര ഇന്നു രാവിലെ സിന്ധ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുക്കൊണ്ട് പ്രസ്താവന നടത്തുകയും ചെയ്തു. സിന്ധ്യ വലിയ നേതാവാണെന്നും അദ്ദേഹത്തെ ബിജെപിയിലുള്ള എല്ലാവരും സ്വീകരിക്കുമെന്നും നരോത്തംമിശ്ര വ്യക്തമാക്കി. സിന്ധ്യയുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് മുതിർന്ന നേതാവ് ദിഗ് വിജയ് സിങും അറിയിച്ചിരുന്നു. തങ്ങൾ സിന്ധ്യയെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിന് പന്നിപ്പനിയാണെന്ന് പറയുന്നു. അതുക്കൊണ്ട് സംസാരിക്കാൻ കഴിയില്ലെന്നാണ് അറിയിച്ചത് ദിഗ് വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശിലെ വോട്ടർമാരുടെ ഉത്തരവിനെ അവഹേളിക്കുന്നവർ ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ധർമ്മബോധമുള്ള ആളുകൾ പാർട്ടിയിൽ തുടരുമെന്നും ദിഗ് വിജയ് സിങ് വ്യക്തമാക്കി. അതേ സമയം എംഎൽഎമാരെ മാറ്റിയ വിഷയം കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങളാണെന്നും കമൽനാഥ് സർക്കാരിനെ താഴെ ഇറക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നുമാണ് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ പ്രതികരിച്ചത്. രാജ്യസഭാ സീറ്റ്, പിസിസി അധ്യക്ഷ സ്ഥാനം തുടങ്ങിയ വിഷയങ്ങളെ ചൊല്ലിയാണ് ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമൽനാഥും തമ്മിൽ ഭിന്നതയുള്ളത്.ഇതിനിടെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകീട്ട് ഭോപ്പാലിൽ ചേരും. സിന്ധ്യയെ പിസിസി അധ്യക്ഷനാക്കുന്നതിൽ എതിർപ്പില്ലെന്ന് കമൽനാഥ് ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. Content Highlights:Jyotiraditya Scindia may join BJP-Sources
from mathrubhumi.latestnews.rssfeed https://ift.tt/2Q2mLEg
via
IFTTT