Breaking

Monday, March 9, 2020

കേരളത്തില്‍ കാര്‍ഷിക എന്‍ജിനീയറിങ് കോഴ്‌സുണ്ട്; പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലിയില്ല

കോട്ടയ്ക്കൽ: കാർഷിക എൻജിനീയറിങ് കോഴ്സുള്ള കേരളത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനമായ കേളപ്പജി കോളേജ് ഓഫ് ആഗ്രിക്കൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്ക്നോളജിയിൽനിന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ ജോലി ലഭിക്കാതെ കഷ്ടപ്പെടുന്നു. കോളേജിൽ ഒരു വിദ്യാർഥിക്ക് കോഴ്സ് പൂർത്തിയാക്കാൻ സർക്കാർ ഏകദേശം 20 ലക്ഷത്തിലേറെ രൂപ ചെലവാക്കുന്നുണ്ടെങ്കിലും കാർഷികമേഖലയിൽ ഇവരുടെ സേവനം ലഭ്യമാക്കാൻ കഴിയുന്നില്ല. ഇറിഗേഷണൽ വിഭാഗം, സോയിൽ കൺസർവേഷൻ വിഭാഗം, പഞ്ചായത്തിലെ എൽ.എസ്.ജി.ഡി. അസിസ്റ്റന്റ് എൻജിനീയർ തസ്തിക, മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലെ എൻജിനീയർ തസ്തിക, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിലെ എൻജിനീയർ തസ്തിക എന്നിവയിലേക്കാണ് അഗ്രിക്കൾച്ചറൽ എൻജിനീയറിങ് കോഴ്സ് പൂർത്തിയാക്കിയവരെ പരിഗണിക്കേണ്ടതെങ്കിലും ഈ തസ്തികകളിലേക്ക് ഇവർക്കിപ്പോൾ അപേക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 1990-ലാണ് കോളേജിൽനിന്നും എൻജിനീയറിങ് പൂർത്തിയാക്കിയ ആദ്യബാച്ച് പുറത്തിറങ്ങുന്നത്. മേൽപ്പറഞ്ഞ തസ്തികകളിലേക്ക് കാർഷിക എൻജിനീയർമാരുടെ അഭാവത്തിൽ മെക്കാനിക്കൽ, സിവിൽ എൻജിനീയർമാരെയും ബി.എസ്സി. ആഗ്രിക്കൾച്ചർ കോഴ്സ് പൂർത്തിയാക്കിയവരെയുമാണ് പരിഗണിച്ചിരുന്നത്. ഇന്ന് വർഷത്തിൽ 40 കുട്ടികളെങ്കിലും അഗ്രിക്കൾച്ചറൽ എൻജിനീയറിങ് പൂർത്തിയാക്കി പുറത്തിറങ്ങുന്നുണ്ടെങ്കിലും മേൽപ്പറഞ്ഞ തസ്തികകളിലേക്കുള്ള നിയമനത്തിൽ പഴയ നില തുടരുകയാണ്. പ്രളയവും ഉരുൾപ്പൊട്ടലുമുണ്ടാവുന്ന കേരളത്തിൽ സോയിൽ കൺസർവേഷൻ പ്രധാനപ്പെട്ട വിഭാഗമാണ്. എന്നാൽ ഇവരെ സോയിൽ കൺസർവേഷൻ ഓഫീസേഴ്സ് തസ്തികയിലേക്ക് പരിഗണിക്കുന്നില്ലെന്ന് തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ അസി.പ്രൊഫ. ഡോ. രാജേഷ് പറഞ്ഞു. യു.പി.എസ്.സിയിൽ ഇന്ത്യയൊട്ടാകെ സോയിൽ കൺസർവേഷൻ ഓഫീസർ തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിനുവേണ്ട യോഗ്യത ബി.ടെക്ക് അഗ്രിക്കൾച്ചർ, എം.എസ്സി. ആഗ്രോണമി, എം.എസ്സി. സോയിൽ സയൻസ് എന്നിവയാണ്. എന്നാൽ, ഈ തസ്തികയ്ക്ക് യു.പി.എസ്.സി പരിഗണിക്കാത്ത ബി.എസ്സി. അഗ്രിക്കൾച്ചർ ബിരുദമാണ് കേരളത്തിൽ യോഗ്യതയായി പരിഗണിച്ചിരിക്കുന്നത്. പഞ്ചായത്തുകളിലും കൃഷിഭവനുകളിലും കോടിക്കണക്കിന് രൂപയുടെ കാർഷിക യന്ത്രങ്ങളാണ് ശരിയായ പരിചരണം ലഭിക്കാത്തതിനാൽ തുരുമ്പെടുത്ത് നശിക്കുന്നത്. കാർഷിക എൻജിനീയർമാരുണ്ടായിരുന്നെങ്കിൽ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്ന് കോളേജിലെ വിദ്യാർഥികൾ പറയുന്നു. പരിമിതമായ സീറ്റുകൾ ആയതിനാൽ കീം എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്കുള്ള വിദ്യാർഥികളാണ് കോഴ്സിന് ചേരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ കാർഷിക എൻജിനീയറിങ് വിഭാഗംതന്നെ നിലവിലുണ്ട്. എന്നാൽ, കേരളത്തിൽ ഇങ്ങനെയൊരു വിഭാഗമില്ല. ഓരോ പഞ്ചായത്തിലും കൃഷി ഓഫീസർ ഉണ്ടെങ്കിലും കാർഷിക എൻജിനീയർമാർ ഒരുജില്ലയിൽ രണ്ടുപേർ മാത്രമാണ്. ബ്ലോക്ക് തലത്തിൽ ഒരു കാർഷിക എൻജിനീയർ എന്നരീതിയിൽ നിയമനം നടത്തണമെന്നാണ് ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നത്. Content Highlights: Agricultural Engineering graduates in Kerala facing job crisis


from mathrubhumi.latestnews.rssfeed https://ift.tt/333wFuK
via IFTTT