കൊച്ചി: ഒരുമിച്ചുള്ള ഷെഡ്യൂൾ ഒത്തുകിട്ടിയാൽ ബൈജുവിനും ഗിരീഷിനും സന്തോഷമാണ്. സഹായമനഃസ്ഥിതിയും നന്മയുമുള്ള രണ്ടുപേർ. സഹപ്രവർത്തകർ എന്നതിലുപരി നല്ല സുഹൃത്തുക്കളും. ആറുമാസമായി ഇതേ റൂട്ടിൽ ഒരുമിച്ചായിരുന്നു. മരണത്തിലേക്കും ഒരുമിച്ച് പോയെന്ന് വേദനയോടെ സഹപ്രവർത്തകരും നാട്ടുകാരും പറയുന്നു. ഇരുവരെക്കുറിച്ചും നാട്ടുകാർക്കും പറയാൻ നല്ലത് മാത്രം. അയൽക്കാരോട് വളരെ സൗഹാർദപൂർവം പെരുമാറിയിരുന്നവരാണ് രണ്ടുപേരുമെന്ന് വളയൻ ചിറങ്ങരയിലെയും വെളിയാനാട്ടെയും നാട്ടുകാർ പറയുന്നു. അയൽപക്കത്ത് കറന്റുണ്ടോയെന്ന് തിരക്കി ബൈജുവിന്റെ അച്ഛൻ രാവിലെതന്നെ കറന്റുപോയെന്ന പരാതിയുമായാണ് ഇലക്ട്രിസിറ്റി ഓഫീസിലേക്ക് ബൈജുവിന്റെ അച്ഛൻ വി.ആർ. രാജൻ വിളിച്ചത്. പലവട്ടം വിളിച്ചപ്പോൾ അവർ കണക്ഷൻ പുനഃസ്ഥാപിച്ചു. ഇതോടെ രാജൻ ടി.വി. വെച്ചു. ഇതിനോടകം നാട്ടുകാർ കേബിളും വിച്ഛേദിച്ചിരുന്നു. അയൽവീട്ടുകാരാട് ചോദിച്ചപ്പോൾ അവിടെയും കേബിൾ ഇല്ലായെന്ന് മറുപടിയിൽ തൃപ്തനായെങ്കിലും ഉച്ചയായതോടെ രാജനും ഭാര്യ സുമതിക്കും എന്തോ അസ്വഭാവികത തോന്നിത്തുടങ്ങിയിരുന്നു. രാവിലെ ട്രിപ്പ് കഴിഞ്ഞ് മകൻ എത്താൻ വൈകുന്നത് എന്താണെന്ന് പലവട്ടം ഇരുവരും പുറത്തിറങ്ങി നോക്കി. പ്രായമായ മാതാപിതാക്കളെ മരണവിവരം അറിയിക്കാതിരിക്കാൻ ബന്ധുക്കളും സഹപ്രവർത്തകരും ജാഗ്രത പുലർത്തി. മരണവീട്ടിലേക്ക് എത്തിയവരെ നാട്ടുകാർ പറഞ്ഞ് മടക്കി. ഉറ്റബന്ധുക്കൾ സമീപത്തെ വീടുകളിൽത്തന്നെ തങ്ങി. ഭാര്യ കവിതയോട് ബൈജുവിന് അപകടം പറ്റിയെന്നുമാത്രം പറഞ്ഞാണ് അവിനാശിയിലേക്ക് കൊണ്ടുപോയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് കവിത പോയത്. വൈക്കത്ത് കണ്ണാശുപത്രിയിലാണ് കവിത ജോലിചെയ്യുന്നത്. മകൾ ബബിത പത്താംക്ലാസ് മോഡൽ പരീക്ഷ എഴുതാൻ സ്കൂളിലേക്ക് പോയിരുന്നു. പുതിയ വീട്ടിൽ താമസിച്ച് കൊതിതീരാതെ ഗീരീഷ് മൂന്നുവർഷമായതേയുള്ളൂ ഗിരീഷും കുടുംബവും വളയൻചിറങ്ങര വരിക്കാട് പുതിയ വീടുവെച്ച് താമസം തുടങ്ങിയിട്ട്. അമ്മ ലക്ഷ്മി, ഭാര്യ സ്മിത, മകൾ പ്ളസ്വൺ വിദ്യാർഥിയായ ദേവിക എന്നിവർക്കൊപ്പം പുതിയ വീട്ടിലെ സന്തോഷം ഗിരീഷ് പങ്കുവെക്കുമായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. രാവിലെത്തന്നെ നാട്ടുകാർ വിവരമറിഞ്ഞെങ്കിലും ബന്ധുക്കളെ അറിയിച്ചില്ല. എന്നാൽ അച്ഛന് ആദരാഞ്ജലി അർപ്പിച്ചുള്ള ചിത്രം മകൾ ഫെയ്സ്ബുക്കിൽ കാണുകയായിരുന്നു. അതോടെ വീട്ടിൽ കൂട്ടക്കരച്ചിലുയർന്നു. ദേവികയുടെ മോഡൽ പരീക്ഷ കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥിനികളും ദേവികയെ ആശ്വസിപ്പിക്കാൻ വീട്ടലെത്തിയിരുന്നു. പുതിയ വീട്ടിൽ താമസിച്ച് മകന് കൊതി തീർന്നില്ലെന്ന് വിലപിക്കുകയാണ് അമ്മ ലക്ഷ്മി. അകത്തെ മുറിയിൽ സ്മിതയും മകൾ ദേവികയും തളർന്ന് കിടക്കുന്നു. ഗിരീഷിന്റെ അച്ഛൻ മരിച്ചിട്ട് വർഷങ്ങളായി. മൂന്നുസ്ത്രീകൾ മാത്രം ബാക്കിയായ വീട്ടിൽ അവരെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ കുഴയുകയാണ് ബന്ധുക്കളും നാട്ടുകാരും
from mathrubhumi.latestnews.rssfeed https://ift.tt/2Pcb6ma
via
IFTTT