ന്യൂഡൽഹി: കോൺഗ്രസ് നിലകിട്ടാതെ ഒഴുകുകയാണെന്ന ജനങ്ങളുടെ വിചാരം ഇല്ലാതാക്കാൻ നേതൃത്വപ്രതിസന്ധി പരിഹരിക്കുന്നതിന് പാർട്ടി മുൻഗണന നൽകണമെന്ന് ശശി തരൂർ പറഞ്ഞു. ദീർഘകാല അധ്യക്ഷനെക്കുറിച്ചുള്ള അനിശ്ചിതത്വം പരിഹരിക്കുകയെന്നത് പാർട്ടിയുടെ തിരിച്ചുവരവിനു നിർണായകമാണെന്ന് കോൺഗ്രസ് എം.പി.യായ അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐ.യോടു പറഞ്ഞു. കോൺഗ്രസ് അധ്യക്ഷനായി തിരിച്ചെത്തണമോയെന്നു തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. അദ്ദേഹം നിലപാടുമാറ്റുന്നില്ലെങ്കിൽ, സജീവമായ പൂർണസമയ നേതൃത്വത്തെ പാർട്ടി കണ്ടെത്തണം. എന്നാലേ രാജ്യം പ്രതീക്ഷിക്കുന്നപോലെ പാർട്ടിക്ക് മുന്നോട്ടുപോകാൻ കഴിയൂ. ബി.ജെ.പി. സർക്കാരിന്റെ വിഭജനനയങ്ങൾക്കുള്ള ദേശീയബദൽ കോൺഗ്രസാണ്. രാഷ്ട്രീയപ്പാർട്ടിയെന്ന നിലയിൽ അത് നിലകിട്ടാതൊഴുകുകയാണ് എന്ന തോന്നൽ ചില വോട്ടർമാരെ മറ്റു തിരഞ്ഞെടുപ്പുകൾ നടത്താൻ പ്രേരിപ്പിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഡൽഹിയിൽ കണ്ടത്. പൊതുജനത്തിന്റെ ഈ ധാരണയെ അഭിസംബോധന ചെയ്യേണ്ടത് അടിയന്തരാവശ്യമാണ്. കോൺഗ്രസിനെ എഴുതിത്തള്ളുന്ന മാധ്യമങ്ങളുടെ മനോഭാവും മാറേണ്ടതുണ്ട്. അതിനു ഞങ്ങൾ ചെയ്യേണ്ടത് നേതൃത്വപ്രശ്നങ്ങൾ പരിഹരിക്കുകയെന്നതാണ്. ഇടക്കാല അധ്യക്ഷയ്ക്കു പകരം ദീർഘകാല നേതാവിനെ തിരഞ്ഞെടുത്തുകൊണ്ട് ഞങ്ങൾ തുടങ്ങണം. അതിനൊപ്പം പ്രവർത്തകസമിതിയിലേക്കും തിരഞ്ഞെടുപ്പു നടത്തണം -അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്ക് പാർട്ടിയിൽ എപ്പോഴും പ്രത്യേകസ്ഥാനമുണ്ടാകും. പാർട്ടിയെ ഒന്നിച്ചുനിർത്തി മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിനാകും എന്ന വിശ്വാസം കോൺഗ്രസിനുണ്ട്. അതുകൊണ്ടാണ് ഞങ്ങളിലേറെപ്പേരും അദ്ദേഹം തുടരണമെന്നു പറയുന്നത്. പാർട്ടിയെ തിരിച്ചുകൊണ്ടുവരാൻ അദ്ദേഹത്തെക്കാൾ മികച്ചയാളില്ലെന്ന് ഞങ്ങൾ കരുതുന്നതും അതുകൊണ്ടാണ് -തരൂർ പറഞ്ഞു. രാഹുൽ അധ്യക്ഷജോലി ഏറ്റെടുത്തില്ലെങ്കിൽ പ്രിയങ്കയെ തിരഞ്ഞെടുക്കുമോ എന്ന ചോദ്യത്തിന് ഏതു കോൺഗ്രസ് നേതാവിനും കടന്നുവരാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിയങ്കയ്ക്ക് വ്യക്തിപ്രഭാവവും സംഘടനാ അനുഭവവുമുണ്ട്. പക്ഷേ, അധ്യക്ഷസ്ഥാനത്തേക്കു വരണോയെന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണ് -അദ്ദേഹം പറഞ്ഞു. രാഹുലിന്റെ തിരിച്ചുവരവിന് സമയമായെന്ന് റാവത്ത് ന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചുവരാൻ ഉചിതസമയമായെന്ന് മുതിർന്ന നേതാവ് ഹരീഷ് റാവത്ത്. പുതിയ തിരഞ്ഞെടുപ്പ് നടത്താൻ പ്രവർത്തക സമിതി വിളിച്ചുചേർക്കണമെന്ന ശശി തരൂരിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ വീണ്ടും അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാണ് കോൺഗ്രസിലെ മുഴുവനാളുകളുടെയും താത്പര്യം. രാജ്യം ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്ന ഈ സന്ദർഭമാണ് അതിന് ഏറ്റവും ഉചിതം -ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി കൂടിയായ റാവത്ത് പറഞ്ഞു. Content Highlights:Shashi Tharoor Congress
from mathrubhumi.latestnews.rssfeed https://ift.tt/2w24e44
via
IFTTT