Breaking

Tuesday, May 28, 2019

മോദിയുടെ ജനപ്രിയതയ്ക്ക് കാരണം ഗാന്ധിയന്‍ മൂല്യമുള്ള ഭരണം; വീണ്ടും മോദിയെ വാഴ്ത്തി അബ്ദുള്ളക്കുട്ടി

കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി അധികാരത്തിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി കോൺഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അബ്ദുള്ളക്കുട്ടി നരേന്ദ്ര മോദിയെ സ്തുതിച്ചത്. ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചതാണ് മോദിയെ ജനപ്രിയനാക്കുയതെന്ന് അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റിൽ വിലയിരുത്തുന്നു. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ വികസന അജണ്ടയുടെ അംഗീകാരം തന്നെയാണ് ഈ തിരഞ്ഞെടുപ്പ് വിജയം. നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമിക്കുക എന്ന ഗാന്ധിയൻ മൂല്യം മോദി ഭരണത്തിൽ പകർത്തി. സ്വച്ഛ് ഭാരതും ഉജ്വല യോജന സ്കീമും ഇതിന് ഉദാഹരണമാണ്. നാമെല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസർജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം. മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു. സ്മാർട്ട് സിറ്റികളും ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെ നിരവധി സ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതെ പോകരുത്. പല വികസിത സമൂഹത്തിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോർത്ത് നിൽക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചർച്ചക്ക് എടുക്കാൻ സമയമായെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടുന്നു. മുൻ സി.പി.എം നേതാവായ അബ്ദുള്ളക്കുട്ടി നേരത്തെയും മോദി അനുകൂല പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. മോദിയുടെ വികസനത്തെ കുറിച്ചുള്ള ഒരു പ്രസ്താവനയാണ് അബ്ദുള്ളക്കുട്ടി സി.പി.എമ്മുമായി അകലാൻ കാരണമായത്. content highlights:AP Abdullakutty, Congress, Narendra Modi, BJP, CPIM


from mathrubhumi.latestnews.rssfeed http://bit.ly/2M9SHHm
via IFTTT