Breaking

Tuesday, May 28, 2019

സിക്കിമില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിവസം അഞ്ചുദിവസമാക്കി ചുരുക്കി

ഗാങ്ടോക്ക്: സിക്കിമിൽ സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിവസം ആഴ്ചയിൽ അഞ്ചുദിവസമാക്കി ചുരുക്കി. പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങാണ് തിങ്കളാഴ്ച ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അധികാരം ഏറ്റെടുത്തതിനു പിന്നാലെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി. സർക്കാർ ജീവനക്കാരുടെ ആഴ്ചയിലെ പ്രവൃത്തിദിവസങ്ങളുടെ എണ്ണം ആറിൽനിന്ന് അഞ്ചാക്കി കുറയ്ക്കുമെന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ തമാങ്ങിന്റെ പാർട്ടി മുന്നോട്ടുവെച്ച വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് സിക്കിമിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 32 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടിയാണ് തമാങ്ങിന്റെ സിക്കിം ക്രാന്തികാരി മോർച്ച അധികാരത്തിലെത്തിയത്. താനും മന്ത്രിമാരും എം എൽ എമാരും ഔദ്യോഗിക വാഹനമായി സ്കോർപിയോയെ ഉപയോഗിക്കൂവെന്നും തമാങ് പറഞ്ഞു. മുമ്പ് നിയമസഭാ അംഗങ്ങളായിരുന്നവർ ഫോർച്യൂണർ വാഹനങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. നിലവിൽ ഫോർച്യൂണർ വാഹനങ്ങൾ ഉപയോഗിക്കാനേ ഞങ്ങൾക്ക് നിവൃത്തിയുള്ളു. എന്നാൽ സ്കോർപിയോ ലഭിക്കുന്നതോടെ യാത്രകൾ അതിലേക്ക് മാറ്റും. താരതമ്യേന ചെലവു കുറഞ്ഞ സ്കോർപിയോകളിലേക്ക് യാത്ര മാറ്റുന്നതിലൂടെ ആ പണം സിക്കിമിലെ ജനങ്ങളുടെ ഉന്നമനത്തിന് ഉപയോഗിക്കുമെന്നും തമാങ് കൂട്ടിച്ചേർത്തു. content highlights:sikkim government reduces working days of government employees to five days in a week


from mathrubhumi.latestnews.rssfeed http://bit.ly/2QrrSgl
via IFTTT