ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കാൻ സി.പി.എം തീരുമാനിച്ചു. ഏഴു മണ്ഡലങ്ങളിലും എ.എ.പി സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്നും അവരുടെ വിജയത്തിനായി രംഗത്തിറക്കുമെന്നും സി.പി.എം ഡൽഹി സംസ്ഥാന സെക്രട്ടറി കെ.എം.തിവാരി അറിയിച്ചു. അതേസമയം, എ.എ.പിയെ പരസ്യമായി പിന്തുണയ്ക്കാൻ സി.പി.ഐ തയാറായില്ല. ബി.ജെ.പിയെ പരാജയപ്പെടുത്താൻ മതേതര-ജനാധിപത്യ സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്നാണ് സി.പി.ഐ സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ചിട്ടുള്ള പ്രസ്താവന. വയനാട്ടിൽ ഇടതിനെതിരെ രാഹുൽ ഗാന്ധി മത്സരിച്ചതിലുള്ള കടുത്ത നീരസവും എതിർപ്പും സി.പി.എം പ്രസ്താവനയിൽ പ്രകടമായി. കേരളത്തിൽ ഇടതുപക്ഷത്തിനായിരുന്നു എ.എ.പിയുടെ പിന്തുണ. ബി.ജെ.പിക്കെതിരെ വിശ്വാസയോഗ്യമായ വെല്ലുവിളിയാവാൻ കോൺഗ്രസിനു കഴിയില്ലെന്ന് സി.പി.എം ഡൽഹി സംസ്ഥാന സെക്രട്ടറി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കോൺഗ്രസിനു ഡൽഹിയിൽ വലിയ ബഹുജന പിന്തുണയില്ല. ബി.ജെ.പിയല്ല, എ.എ.പിയാണ് മുഖ്യശത്രുവെന്ന നിലയിലാണ് കോൺഗ്രസിന്റെ പ്രവർത്തനം. ഇതിനെല്ലാം പുറമെ, മൃദു ഹിന്ദുത്വസമീപനം പുലർത്തുകയും രാഹുൽ ഗാന്ധി വയനാട്ടിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഡൽഹിയിൽ കോൺഗ്രസിന്റെ ഒരു സ്ഥാനാർഥിയെയും പിന്തുണയ്ക്കില്ലെന്ന് കെ.എം.തിവാരി വ്യക്തമാക്കി. ഏഴു മണ്ഡലങ്ങളിലും ബി.ജെ.പിക്കെതിരെ എ.എ.പിയുടെ വിജയം ഉറപ്പാക്കാൻ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്നും സി.പി.എം ആഹ്വാനം ചെയ്തു. അതേസമയം, ബി.ജെ.പിയെ പരാജയപ്പെടുത്താൻ മതനിരപേക്ഷ പാർട്ടികളെ പിന്തുണയ്ക്കുമെന്ന നിലപാടിലാണ് സി.പി.ഐ. ഫാസിസ്റ്റ് പ്രവണത പുലർത്തുന്ന ആർ.എസ്.എസ്- ബി.ജെ.പി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ പാർട്ടി രംഗത്തിറങ്ങും. ബി ജെ.പിയെ തോൽപിക്കാൻ പാകത്തിലുള്ള മതേതര-ജനാധിപത്യ പാർട്ടികളെ പിന്തുണയ്ക്കുമെന്നും സി.പി.ഐ ഡൽഹി സംസ്ഥാന നേതൃത്വം പ്രസ്താവിച്ചു. ഈ മാസം 12നാണ് ഡൽഹിയിൽ വോട്ടെടുപ്പ്. കോൺഗ്രസും എ എ.പിയും സഖ്യ ചർച്ച നടന്നെങ്കിലും അവസാന നിമിഷം പാളി. ഹരിയാണയിലെ കൂട്ടുകെട്ട് കോൺഗ്രസ് സമ്മതിക്കാത്തതിനാൽ എ.എ.പി പിൻവാങ്ങുകയായിരുന്നു. Content Highlights:Loksabha Election 2019; CPM Support AAP in Delhi
from mathrubhumi.latestnews.rssfeed http://bit.ly/2H0V0qD
via
IFTTT