Breaking

Saturday, May 16, 2020

കാലവർഷം ജൂൺ അഞ്ചിനെത്തും

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷം ജൂൺ അഞ്ചിന് എത്തുമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പ്. നാലുദിവസം നേരത്തേയാകാനോ വൈകാനോ സാധ്യതയുണ്ട്. ജൂൺ ഒന്നിനാണ് തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണ തുടങ്ങാറ്. കഴിഞ്ഞവർഷം ജൂൺ ആറിന് എത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ, എട്ടിനാണെത്തിയത്. ഇത്തവണ കാലവർഷം സാധാരണ തോതിലായിരിക്കുമെന്ന് നേരത്തേ കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു. ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) കരയിലേക്ക് ആദ്യം കടക്കുന്നത് കേരളത്തിലാണ്. അന്തമാൻ കടലിൽ മേയ് 22-ന് കാലവർഷം എത്തണം. ഇപ്പോൾ അവിടെ ശക്തമായ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയോടെ അത് അംഫാൻ ചുഴലിക്കാറ്റായി മാറും. ഈ മാറ്റം കാലവർഷത്തിന്റെ കടന്നുവരവിന് അനുയോജ്യമാണെന്നും കാലാവസ്ഥാവകുപ്പ് വിലയിരുത്തുന്നു. പുതിയ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് പലയിടത്തും കാലവർഷം വ്യാപിക്കുന്ന തീയതികൾ കാലാവസ്ഥാവകുപ്പ് നേരത്തേ പുതുക്കിയിരുന്നു. നേരത്തേ എത്തുമെന്ന് സ്വകാര്യ ഏജൻസികൾ കാലവർഷം മേയ് 28-ന് കേരളത്തിലെത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ 'സ്കൈമെറ്റ്' വിലയിരുത്തുന്നത്. രണ്ടുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാം. മറ്റൊരു ഏജൻസിയായ വെതർചാനലിന്റെ പ്രവചനം 31-ന് എത്തുമെന്നാണ്. ദീർഘകാല ശരാശരിയുടെ 105 ശതമാനംവരെ മഴ ലഭിക്കാമെന്നും വെതർചാനൽ വിലയിരുത്തുന്നു. Content Highlights: Onset of monsoon over Kerala likely to be delayed by four days: IMD


from mathrubhumi.latestnews.rssfeed https://ift.tt/3dNZob6
via IFTTT