Breaking

Saturday, May 16, 2020

കുതിരപ്പട്ടാളം ഓർമയാകും; പകരം ടാങ്കുകൾ

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും പഴക്കമേറിയ കുതിരപ്പട്ടാളങ്ങളിലൊന്ന് ഓർമയാവുന്നു. ഇന്ത്യൻ കരസേനയുടെ അശ്വസേനാവിഭാഗമായ 61-ാം കാവൽറി റജിമെന്റിലെ കുതിരകളെ ഒഴിവാക്കി പകരം യുദ്ധടാങ്കുകൾ വിന്യസിക്കാനാണു നീക്കം. ഇതുസംബന്ധിച്ച പദ്ധതിനിർദേശത്തിന് കേന്ദ്ര സർക്കാർ വൈകാതെ അനുമതി നൽകിയേക്കും. കരസേനയുടെ ആക്രമണശേഷി വർധിപ്പിക്കുന്നതിന്റെയും ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായാണിത്. ലഫ്. ജനറൽ (റിട്ട) ഡി.ബി. ശേഖത്കർ അധ്യക്ഷനായ 11 അംഗ സമിതി ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 61-ാം കാവൽറി റജിമെന്റ് കുതിരകളെ ഒഴിവാക്കുന്നതോടെ രാഷ്ട്രപതിയുടെ അംഗരക്ഷകവിഭാഗം മാത്രമാവും ഇനി കുതിരയുള്ള സൈനികവിഭാഗം. 1971-ൽ സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്ത ടി-72 ടാങ്കിന്റെ നവീന പതിപ്പാണ് 61-ാം കാവൽറി റജിമെന്റിൽ കുതിരകൾക്കു പകരം വിന്യസിക്കുന്നതെന്നാണു സൂചന. ജയ്പുരിലുള്ള ആസ്ഥാന യൂണിറ്റിൽ ഇരുനൂറും ഡൽഹിയിലുള്ള യൂണിറ്റിൽ നൂറുമടക്കം ആകെ 300 കുതിരകളാണ് 61-ാം റജിമെന്റിലുള്ളത്. 1953 ഒക്ടോബറിൽ രൂപവത്കൃതമായ ഈ സേനാവിഭാഗം 25 വർഷത്തിനിടെ ഒരു സൈനികനടപടികളിലും പങ്കെടുത്തിരുന്നില്ല. കുതിരകളെ ഉപയോഗിക്കുന്ന കരസേനയുടെ മറ്റൊരു യൂണിറ്റാണ് രാഷ്ട്രപതിയുടെ അംഗരക്ഷകവിഭാഗം (പ്രസിഡന്റ്സ് ബോഡിഗാർഡ്). റിപ്പബ്ലിക്ദിന പരേഡ് ഉൾപ്പെടെയുള്ള ഔപചാരിക ചടങ്ങുകളിൽ ഇവയെ ഉപയോഗിക്കുന്നുണ്ട്. Content Highlights: Army's only cavalry unit to replace horses with tanks


from mathrubhumi.latestnews.rssfeed https://ift.tt/2TbbyCV
via IFTTT