Breaking

Sunday, November 28, 2021

സിറോ മലബാർ സഭ നേരിടുന്നത് അസാധാരണ സാഹചര്യം

ആലപ്പുഴ: അസാധാരണ സാഹചര്യത്തിലൂടെയാണ് സിറോ മലബാർസഭ കടന്നുപോകുന്നത്. മെത്രാൻമാർക്കിടയിലെ ഭിന്നിപ്പ് മാധ്യമങ്ങളിൽ പരസ്യചർച്ചയാകുന്നത് ഇതാദ്യമാകും. സിനഡ് തീരുമാനത്തിനെതിരേ സിനഡിന്റെ സെക്രട്ടറി കൂടിയായ മാർ ആന്റണി കരിയിൽ വത്തിക്കാനിൽപ്പോയി ഇളവുവാങ്ങിയത് ഔദ്യോഗികപക്ഷത്തിനു ക്ഷീണമായി. സിനഡ് തീരുമാനം എല്ലായിടത്തും നടപ്പാക്കാനായില്ലെന്നതും തിരിച്ചടിയാണ്. മറ്റുരൂപതകളിലും വൈദികർ സംഘടിക്കുന്നതിനും കൂടുതൽ പരസ്യപ്രതികരണം നടത്തുന്നതിനും പുതിയസംഭവങ്ങൾ ഇടയാക്കുമെന്നുറപ്പാണ്. ഫ്രാൻസിസ് മാർപാപ്പയുമായി അരമണിക്കൂറോളം വിഷയം ചർച്ചചെയ്യാൻ അവസരം കിട്ടിയതാണു മാർ കരിയിലിനു നേട്ടമായത്. ആരാധനവിഷയത്തിൽ വിദഗ്ധനും ബഹുഭാഷാപണ്ഡിതനുമായ മോൺ. ആന്റണി നരികുളവും ഒപ്പമുണ്ടായിരുന്നു. മാർ കരിയിലിന്റെ ആവശ്യപ്രകാരമാണ് മോൺ നരികുളം വത്തിക്കാനിലെത്തിയതെന്നാണു സൂചന. പൗരസ്ത്യസഭകളുടെ സിനഡു തീരുമാനത്തെ തിരുത്തുന്ന പതിവ് വത്തിക്കാനില്ല. ഈയൊരു ഉറച്ചവിശ്വാസത്തിലായിരുന്നു ഔദ്യോഗികവിഭാഗം. വത്തിക്കാനിലുള്ള പൗരസ്ത്യതിരുസംഘവും കർദിനാൾ സാന്ദ്രിയുമാണ് സിറോ മലബാർ ഉൾപ്പെടെയുള്ള സഭകളുടെ കാര്യങ്ങൾ തീരുമാനിക്കുക. അവിടെനിന്നു ലഭിച്ച കത്ത് ചൂണ്ടിക്കാട്ടിയാണു കുർബാന ഏകീകരണം സിനഡ് തീരുമാനിച്ചതും നവംബർ 28 മുതൽ നടപ്പാക്കാൻ തീരുമാനിച്ചതും. ഉപദേശ രൂപേണയുള്ള കത്ത് ഉത്തരവായി വ്യാഖ്യാനിച്ച് തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്നാണ് ആദ്യം മുതൽ എറണാകുളത്തെ വൈദികർ ആരോപിച്ചത്. ഇതിനെതിരേയാണ് ഇവർ വത്തിക്കാനെ സമീപിച്ചത്. തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നയാളല്ല ഫ്രാൻസിസ് മാർപാപ്പ. ഏറ്റവും താഴെത്തട്ടിലുള്ള വിശ്വാസികളെയും കേൾക്കണമെന്ന നിലപാടാണ് മാർപാപ്പയുടെത്. ഇവിടെയും സിറോ മലബാർ സഭയുടെ സിനഡ് എടുത്ത തീരുമാനം ലംഘിക്കാൻ വത്തിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഇതിൽനിന്ന് ഇളവു നേടാനുള്ള കാനോനിക നിയമം ഉപയോഗിക്കാനും വിവരം സിനഡിനെ അറിയിക്കാനുമാണു നിർദേശിച്ചിരിക്കുന്നത്. മാർ കരിയിലിനോടുള്ള സിനഡിന്റെ തുടർസമീപനം എന്തായിരിക്കുമെന്നു കാത്തിരുന്നു കാണണം. ഡിസംബർ അഞ്ചിനുശേഷമേ അദ്ദേഹം തിരിച്ചെത്തൂ. പരസ്യപ്രതികരണങ്ങൾക്കു മെത്രാൻമാർക്കു പരിമിതിയുണ്ട്. കുർബാനരീതി ഏകീകരിക്കാനുള്ള സിനഡ് തീരുമാനം ഐകകണ്ഠ്യേനയായിരുന്നില്ലെന്നും പുതിയസംഭവങ്ങൾ തെളിയിക്കുന്നു. കൃത്യമായ തീയതി പ്രഖ്യാപിക്കാതെ കുറച്ചുകൂടി സാവകാശത്തിൽ കാര്യങ്ങൾ മുന്നോട്ടുനീക്കണമായിരുന്നുവെന്ന് അഭിപ്രായമുള്ളവർ ഔദ്യോഗികപക്ഷത്തുമുണ്ട്. ഇതൊരു വലിയവിജയമായി ആഘോഷിച്ച് പ്രകോപിപ്പിക്കാനില്ലെന്ന നിലപാട് എതിർപക്ഷത്തെ മിക്കവർക്കുമുണ്ട്. കുർബാനവിവാദം എന്ത്? മൂന്നുതരം കുർബാനരീതികളാണ് സിറോ മലബാർ സഭയിലുള്ളത്. 1. ജനാഭിമുഖ കുർബാന: വൈദികൻ പൂർണമായും ജനങ്ങളെ അഭിമുഖീകരിച്ചു നിൽക്കുന്നു. എറണാകുളം, തൃശ്ശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, മാനന്തവാടി, താമരശ്ശേരി രൂപതകളിൽ ഈ രീതിയാണ്. 2. അൾത്താരാഭിമുഖ കുർബാന: വൈദികൻ മുഴുവൻസമയവും അൾത്താരാഭിമുഖമായാണു നിൽക്കുക. ചങ്ങനാശ്ശേരി അതിരൂപതയിൽ സ്വീകരിച്ചിരിക്കുന്ന രീതി. 3. രണ്ടും തുല്യമായി ഉപയോഗിക്കുന്ന 50:50 ഫോർമുല: കോതമംഗലം, കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി, തലശ്ശേരി രൂപതകളിലെ രീതി. 1999-ലെ സിനഡാണ് ഏകീകരണ ഫോർമുലയായ 50:50 നിർദേശിച്ചത്. വിവിധ രൂപതകൾ ഇതിൽ ഇളവുവാങ്ങി നേരത്തേ ഉപയോഗിച്ചിരുന്ന രീതി തുടർന്നു. അടുത്തിടെ ചേർന്ന സിനഡ് 1999-ലെ തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചപ്പോഴാണു ജനാഭിമുഖ കുർബാന തുടരുന്ന സ്ഥലങ്ങളിൽനിന്ന് എതിർപ്പുണ്ടായത്.


from mathrubhumi.latestnews.rssfeed https://ift.tt/3HZIjLe
via IFTTT