തിരുവനന്തപുരം: സംസ്ഥാനത്ത് രോഗികളുടെ എണ്ണംകൂടുന്നതിൽ ആശങ്കയുണ്ടെന്നും സമ്പർക്കംവഴി രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കാതെ കൂട്ടംകൂടിനിൽക്കുന്ന പ്രവണത പലയിടത്തുമുണ്ട്. ചിലസ്ഥലങ്ങളിൽ ഉത്സവം നടത്താൻ ആലോചിക്കുന്നു. ചില ആരാധനാലയങ്ങളിൽ കൂട്ടപ്രാർഥനയ്ക്ക് പദ്ധതിയിടുന്നതായും അറിയുന്നു. എവിടെയായാലും കൂടുതലാളുകൾ സമ്മേളിക്കരുത്. ആൾക്കൂട്ടത്തിന്റെ കാര്യത്തിൽ ഒരു ഇളവും തത്കാലം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ക്വാറികളിൽ ജോലിക്ക് കർണാടകത്തിൽനിന്ന് ആളുകളെ ഊടുവഴികളിലൂടെ എത്തിക്കുന്നതായി പരാതിയുണ്ട്. ഇവരിലാരെങ്കിലും രോഗവാഹകരായാൽ അപകടമാണ്. ഇക്കാര്യത്തിൽ ക്വാറി ഉടമകൾക്ക് കർശനനിർദേശം നൽകും.പ്രവാസികൾക്കും മറ്റും ക്വാറന്റീൻ ഏർപ്പെടുത്തുന്ന കാര്യത്തിൽ സർക്കാരിന് ആശയക്കുഴപ്പമില്ല. സംസ്ഥാനത്ത് ഇത് ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. നിരീക്ഷണത്തിൽ വാർഡുതല സമിതികൾക്ക് പ്രധാന പങ്കാണുള്ളത്. അവർക്ക് ജോലിയിൽ പ്രയാസമോ മടുപ്പോ ഉണ്ടാകുമ്പോൾ അടുത്ത സംഘത്തെ നിയോഗിക്കേണ്ടിവരും. സമിതി സ്ഥിരമാണ്. സമിതിയുടെ നിർദേശമനുസരിച്ച് പ്രവർത്തിക്കാനുള്ള വൊളന്റിയർമാർക്കാണ് മാറ്റം. സർക്കാർസംവിധാനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ വരുന്നവരെ വാർഡുതല സമിതികൾ ഇടപെട്ട് ക്വാറന്റീൻ ചെയ്യണം.ആകെ നിരീക്ഷണത്തിലുള്ള 48,825 പേരിൽ 48,287-ഉം വീടുകളിലാണ്. രോഗം പടരുന്നത് പിടിച്ചുനിർത്താനായതിന്റെ പ്രധാന കാരണം ക്വാറന്റീൻതന്നെയാണ്. രോഗലക്ഷണമില്ലാത്തവർക്ക് പെയ്ഡ് ക്വാറന്റീൻ ആകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.ക്വാറന്റീൻ ലംഘിക്കുന്നവരെ പിടിക്കാൻ മോട്ടോർസൈക്കിൾ ബ്രിഗേഡ്ക്വാറന്റീൻ ലംഘിക്കുന്നവരെ കണ്ടെത്താൻ എല്ലാ ജില്ലകളിലും പോലീസിന്റെ മോട്ടോർസൈക്കിൾ ബ്രിഗേഡ് വരുന്നു. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലും സമീപത്തും ബൈക്കുകളിൽ പട്രോളിങ് നടത്തും. വീടുകളിലെത്തി കാര്യങ്ങൾ അന്വേഷിക്കും. കഴിഞ്ഞദിവസം ക്വാറന്റീൻ ലംഘിച്ചതിന് 65 കേസ് രജിസ്റ്റർചെയ്തു. തിരുവനന്തപുരത്ത് 53-ഉം കാസർകോട്ട് 11-ഉം കോഴിക്കോട്ട് ഒരു കേസും രജിസ്റ്റർ ചെയ്തു.മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ മറ്റുകാര്യങ്ങൾ * പോലീസ്, ആരോഗ്യപ്രവർത്തകർ തുടങ്ങി വിശ്രമരഹിതമായി ജോലിചെയ്യുന്നവർക്ക് ഏതുതരത്തിൽ വിശ്രമം ഉറപ്പാക്കാൻ കഴിയുമെന്ന് പരിശോധിക്കും.* ബ്യൂട്ടിപാർലറുകളും ബാർബർേഷാപ്പുകളും ശുചിയാക്കാൻ അനുമതി നൽകും.* തടി ലേലത്തിനെടുത്തവർക്ക് തറവാടകയും പലിശയും ഒഴിവാക്കണമെന്ന ആവശ്യം പരിശോധിച്ച് തീരുമാനമെടുക്കും. ശനിയാഴ്ച വയനാട്ടിൽ തീരുമാനിച്ച തടിലേലം മാറ്റിവെക്കും.* ആരോഗ്യപ്രവർത്തകരുടെയും പോലീസുകാരുടെയും സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പ്രാധാന്യം നൽകും.* ആശുപത്രികളിലെ ഒ.പി.കളിൽ ആൾത്തിരക്ക് ഓൺലൈൻ സംവിധാനത്തിലൂടെ ക്രമപ്പെടുത്താൻ കഴിയുമോ എന്നുപരിശോധിക്കും.* ജലഗതാഗതം പൊതുഗതാഗതസംവിധാനം തുറന്നാൽമാത്രമേ പുനരാരംഭിക്കൂ.* 15 ശതമാനം ടെക്‌സ്റ്റൈൽ ഷോപ്പുകൾ മാത്രമാണു തുറന്നത്. ഇത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയുള്ള ഉത്തരവിൽ എന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ അത് പുതുക്കിയിറക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3dPlpWT
via
IFTTT