ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യാ- ചൈന നിയന്ത്രണ രേഖയ്ക്ക് സമീപം പട്രോളിങ് നടത്തിയിരുന്ന ഇന്ത്യൻ സൈനികരെ ചൈനീസ് സൈനികർ തടഞ്ഞുവെച്ചതായി റിപ്പോർട്ടുകൾ. അതേസമയം ഈ വാർത്തകൾ സൈന്യം നിഷേധിച്ചിട്ടുണ്ട്. ലഡാക്കിൽ രാജ്യങ്ങളിലെയും സൈനികർ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയതിന് പിന്നാലെയാണ് ഇന്ത്യൻ സൈനികരെ ചൈനീസ് സംഘം തടഞ്ഞുവെച്ചതെന്നാണ് റിപ്പോർട്ടുകൾ. കരസേന, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് പട്രോളിങ് നടത്തിയത്. ഇവരുടെ ആയുധമടക്കം ചൈനീസ് സൈന്യം കൈവശപ്പെടുത്തിയെന്നും എന്നാൽ കുറച്ചുനേരത്തിന് ശേഷം എല്ലാവരെയും ആയുധമടക്കം വിട്ടയച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വിവരങ്ങൾ തെറ്റാണെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. അതേസമയം ഇതേപ്പറ്റി സൈനിക നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയുടെ ഭാഗത്ത് പട്രോളിങ് സൗകര്യങ്ങൾക്കായി റോഡ് നിർമിക്കാൻ ഇന്ത്യ ശ്രമിച്ചത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ഇന്ത്യ റോഡ് വെട്ടുന്നത് തങ്ങളുടെ സ്ഥലത്താണെന്നാണ് ചൈനയുടെ വാദം. ഇതേതുടർന്നാണ് സംഘർഷം ഉടലെടുക്കുകയും അത് പരസ്പരം ഏറ്റുമുട്ടുന്നതിലേക്ക് നയിക്കുകയും ചെയ്തത്. പാങ്ങോങ് സൊ തടാകത്തിന് സമീപമാണ് ഇന്ത്യ റോഡ് നിർമിക്കാൻ ശ്രമിക്കുന്നത്. അതേസമയം ചൈന പ്രദേശത്ത് ബങ്കറുകൾ നിർമിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യയ്ക്കും ആശങ്കയുണ്ട്. അതേസമയം ചൈനയുമായി അതിർത്തി തർക്കം വർധിച്ചുവരുന്ന സാഹചര്യത്തിൽ കരസേനാ മേധാവി ലേയിലെ സൈനിക കേന്ദ്രത്തിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു. Content Highlights:reports says Indian patrol party being detained by the Chinese forces in Ladakh
from mathrubhumi.latestnews.rssfeed https://ift.tt/3d0cWA6
via
IFTTT