Image Courtesy: Paramekkavudevaswom.com തൃശ്ശൂർ: ആനപ്രേമികളുടെ പ്രിയങ്കരനായ കൊമ്പൻ പാറമേക്കാവ് രാജേന്ദ്രൻ ചെരിഞ്ഞു. പ്രായാധിക്യത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് രാജേന്ദ്രൻ ചെരിഞ്ഞത്. അമ്പതുവർഷത്തോളം തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും രാജേന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. പാറമേക്കാവ് ക്ഷേത്രത്തിലെ മേൽശാന്തിയായ വേണാട്ട് പരമേശ്വരൻ നമ്പൂതിരി ഭക്തരിൽനിന്നും 4800 രൂപ പിരിച്ചെടുത്താണ് പാറമേക്കാവ് രാജേന്ദ്രനെ വാങ്ങിയത്. ഇതിനാൽ ഭക്തരുടെ സ്വന്തം ആനയെന്നാണ് രാജേന്ദ്രൻ അറിയപ്പെട്ടിരുന്നത്. 1955-ൽ പത്തിരിപ്പാലയിൽനിന്നാണ് രാജേന്ദ്രൻ പാറമേക്കാവിലെത്തുന്നത്. എത്തുമ്പോൾ 12 വയസ്സായിരുന്നു പ്രായം. നിലമ്പൂർ കാടുകളാണ് ജന്മദേശം. ലോറിയിൽ കയറാൻ കൂട്ടാക്കാത്ത ആനകളിലൊന്നായിരുന്നു രാജേന്ദ്രൻ. അതുകൊണ്ടുതന്നെ തൃപ്പൂണിത്തുറവരെയുള്ള ആദ്യകാല യാത്രകൾ കാൽനടയായിട്ടായിരുന്നു. വെടിക്കെട്ടിനെ പേടിയില്ലെന്ന പ്രത്യേകതയും ഇവനുണ്ട്. അതുകൊണ്ടുതന്നെ തൃശ്ശൂർ പൂരം വെടിക്കെട്ടിനു പാറമേക്കാവിന്റെ പന്തലിൽ നിന്നിരുന്നതു രാജേന്ദ്രനാണ്. തൃശ്ശൂരിൽനിന്നും ഏഷ്യാഡിനു പോയ ആനകളിൽ ഒന്നാണ് രാജേന്ദ്രൻ. അന്നു തീവണ്ടികയറി പോകാൻ പക്ഷേ രാജേന്ദ്രന് ബുദ്ധിമുട്ടുണ്ടായില്ല. അക്കാലത്തു വെച്ച മയക്കുവെടിയുടെ പാട് രാജേന്ദ്രന്റെ പുറത്തുണ്ടായിരുന്നു. ആളുകളോട് ഇണങ്ങിനിൽക്കുന്ന പ്രകൃതമാണ് രാജേന്ദ്രന്. ആരെങ്കിലും അടുത്തുവന്ന് രാജു എന്നു വിളിച്ചാൽ ശബ്ദമുണ്ടാക്കി പ്രതികരിക്കും. ഭക്ഷണസാധനങ്ങൾ നൽകിയാൽ മടികൂടാതെ സ്വീകരിക്കും. മധുരത്തോടായിരുന്നു പ്രിയം. തൃശ്ശൂർ നഗരത്തിൽ ആദ്യം എത്തിയ ആനകളിലൊന്നായിരുന്നു രാജേന്ദ്രൻ. ആറാട്ടുപുഴ പൂരത്തിനു പത്തുവർഷത്തോളമെങ്കിലും ശാസ്താവിന്റെ തിടമ്പേറ്റിയിട്ടുണ്ട്. ഊരകം ക്ഷേത്രത്തിലെ ഉത്സവങ്ങൾക്കും നിറസാന്നിദ്ധ്യമായിരുന്നു. 1967ൽ ആണ് രാജേന്ദ്രൻ ആദ്യമായി തൃശ്ശൂർ പൂരത്തിനു പങ്കെടുത്തത്. രാജേന്ദ്രൻ തൃശ്ശൂർ പൂരത്തിൽ പങ്കെടുത്തതിന്റെ അമ്പതാം വാർഷികം തട്ടകം ആഘോഷിച്ചിരുന്നു. കുട്ടിയായിരിക്കുമ്പോഴാണ് പാറമേക്കാവിൽ എത്തിയത് എന്നതിനാൽ നാലമ്പലത്തിനുള്ളിൽവെച്ചാണ് നടയിരുത്തൽ ചടങ്ങുകൾ നടന്നത്. നാടൻ ആനയുടെ സൗന്ദര്യം ഏറ്റവും അധികം ആവാഹിച്ചിരിക്കുന്നതു രാജേന്ദ്രന്റെ ചെവികളിലാണ്. ഗുരുവായൂർ കേശവന്റെ ചെവിപോലത്തെ ചെവികളാണെന്നായിരുന്നു ചിലരുടെ അഭിപ്രായം. Content Highlights: Elephant Paramekkavu Rajendran Dies in Thrissur
from mathrubhumi.latestnews.rssfeed https://ift.tt/2oGwu8L
via
IFTTT