ന്യൂഡൽഹി: സംഘർഷാവസ്ഥ തുടരുന്ന ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി ഇന്ത്യൻ സൈനിക മേധാവി ജനറൽ എം.എം. നർവണെ വെള്ളിയാഴ്ച സന്ദർശിച്ചു. ഇന്ത്യയുടെ സുരക്ഷിതത്വവും പരമാധികാരവും ഏതു വിധേനയും സംരക്ഷിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് കരസേനമേധാവി ലഡാക്കിലെ സൈനിക ആസ്ഥാനമായ ലേയിൽ സന്ദർശനം നടത്തിയത്. ഇന്ത്യ-ചൈന അതിർത്തിയിലെ നിയന്ത്രണരേഖയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ കുറിച്ചും സൈനികവിന്യാസത്തെ കുറിച്ചുമുള്ള അവലോകനത്തിനായാണ്നർവണെ ലേയിലെത്തിയത്. ലഡാക്ക്, സിക്കിം മേഖലകളിൽ ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ കടന്നതായുള്ള ചൈനയുടെ ആരോപണം നിലനിൽക്കുന്നുണ്ട്. കൂടാതെ ഇന്ത്യൻ മേഖലകളിൽ ചൈനയുടെ സേന പട്രോളിങ് നടത്തുന്നതായി ഇന്ത്യ ആരോപണം ഉന്നയിച്ചതായും ചൈന കുറ്റപ്പെടുത്തിയിട്ടുമുണ്ട്. മെയ് ആദ്യവാരം മുതൽ സിക്കിം അതിർത്തിയ്ക്ക് സമീപം ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യൻ സേന തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണം ചൈന കൂടുതൽ സൈന്യത്തെ വിന്യസിച്ചതെന്നും ചൈന അറിയിച്ചു. മെയ് 5, 6 തീയതികളിൽ പാങോങ് സോയിൽ ഇരു സൈന്യങ്ങളും നേർക്ക് നേരെ വന്നതിനെ തുടർന്ന് ലഡാക്കിലെ ഗാൽവൻ താഴ്വരയിലുൾപ്പെടെ ഇരുരാജ്യങ്ങളും അധികസേനാവിന്യാസം നടത്തിയിട്ടുണ്ട്. ചൈന അതിർത്തിയ്ക്ക് സമീപം ഇന്ത്യ കൂടുതൽ സൈനിക ഒരുക്കങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. പാങോങ് സോയിലുണ്ടായ സംഘർഷത്തിൽ 250 ഓളം സൈനികർ ഏറ്റുമുട്ടിയിരുന്നു. ഏതാനും സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. Content Highlights: Army chief visits Ladakh after border tentions at LAC
from mathrubhumi.latestnews.rssfeed https://ift.tt/2A6D3GY
via
IFTTT