ന്യൂഡൽഹി: നാട്ടിലേക്കു പോകാനുള്ള സ്പെഷ്യൽ ട്രെയിൻ കാത്തു മടുത്ത് നടപ്പുസമരം പ്രഖ്യാപിച്ച് ഡൽഹിയിലെ മലയാളി വിദ്യാർഥികൾ.സർക്കാർ വാഗ്ദാനങ്ങളിൽ പ്രതീക്ഷ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച കേരളത്തിലേക്ക് നടത്തം ആരംഭിക്കാനാണ് ജെ.എൻ.യു, ജാമിയ മിലിയ, ഡൽഹി സർവകലാശാല എന്നിവിടങ്ങളിലെ ഒരു വിഭാഗം വിദ്യാർഥികളുടെ തീരുമാനം. വെള്ളിയാഴ്ച സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി ഈ വാർത്ത പങ്കുവെക്കപ്പെട്ടു. ഡൽഹിയിൽനിന്നു പ്രത്യേക വണ്ടിയുണ്ടാവുമെന്നും വിദ്യാർഥികൾക്കു നടക്കേണ്ടിവരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചെങ്കിലും നടപ്പുസമരം പിൻവലിച്ചിട്ടില്ല. ഏപ്രിൽ 29 മുതൽ നോർക്കയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന തങ്ങൾക്ക് പ്രത്യേക വണ്ടിയെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് നടക്കാൻ നിശ്ചയിച്ചവരിൽ ഒരാളായ ഡി.യു. വിദ്യാർഥിനി സ്നേഹ സാറ ഷാജി ‘മാതൃഭൂമി’യോടു പറഞ്ഞു.ഇതിനോടകം അമ്പതു വിദ്യാർഥികൾ കേരളത്തിലേക്ക് നടക്കാൻ സന്നദ്ധരായിട്ടുണ്ട്. മൂന്നാംഘട്ട ലോക്ഡൗൺ അവസാനിക്കുന്ന ഞായറാഴ്ച നടന്നു തുടങ്ങാനാണ് തീരുമാനം. പ്രത്യേക തീവണ്ടിയുടെ കാര്യത്തിൽ വ്യക്തതയും ഉറപ്പുമില്ലാതെ പിന്മാറ്റമില്ലെന്നും വിദ്യാർഥികൾ പ്രഖ്യാപിച്ചു. വിദ്യാർഥികൾ ഇതിനകം രണ്ടുവട്ടം കേരള ഹൗസ് അധികൃതരുമായി ചർച്ച നടത്തി. കേന്ദ്രസർക്കാർ ഭാഗികമായി ട്രെയിനുകൾ പുനരാരംഭിച്ചതിനാൽ നേരത്തേ നിശ്ചയിച്ച യാത്രക്കാരുടെ പട്ടികയിൽ ആശയക്കുഴപ്പമുണ്ടായെന്ന് ഉദ്യോഗസ്ഥർ വിദ്യാർഥികളോടു പറഞ്ഞു. പട്ടികയിലെ പലരും ആ ട്രെയിനുകളിൽ പോയിട്ടുണ്ടാവാമെന്നാണ് അവരുടെ വാദം. എങ്കിൽ, പോവേണ്ടവരുടെ പട്ടിക തങ്ങൾ തയ്യാറാക്കി നൽകാമെന്ന് വിദ്യാർഥി പ്രതിനിധികൾ അറിയിച്ചു. അന്നുതന്നെ പട്ടിക തയ്യാറാക്കി സമർപ്പിക്കാമെന്നും അവർ പറഞ്ഞു. തുടർന്ന്, വൈകീട്ടോടെ 297 പേരുടെ പട്ടിക തയ്യാറാക്കിയെന്നും സ്‌നേഹ പറഞ്ഞു. അപ്പോൾ, ഇനി വണ്ടിയുടെ കാര്യത്തിൽ ഞങ്ങൾക്കൊരു റോളുമില്ലെന്നായിരുന്നു കേരള ഹൗസ് അധികൃതരുടെ മറുപടി.ചർച്ചയിൽ മറ്റൊരു പ്രശ്നവും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. പ്രത്യേക ട്രെയിനിനു റെയിൽവെയിൽ 15 ലക്ഷം അടയ്ക്കണമെന്നും സർക്കാർ തുക വഹിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അവർ വിദ്യാർഥികളെ അറിയിച്ചു. എന്നാൽ, ഡി.പി.സി.സി, കെ.എം.സി.സി. സംഘടനകൾ തുക വഹിക്കാമെന്നു വാഗ്ദാനം നൽകിയതു വിദ്യാർഥികൾ പറഞ്ഞു. അപ്പോൾ മത-രാഷ്ട്രീയ സംഘടനകളുടെ പണം കൈപ്പറ്റുന്നതു വിവാദങ്ങൾക്കു കാരണമാവുമെന്ന് ഉദ്യോഗസ്ഥർ വാദിച്ചു. ഇങ്ങനെ, പട്ടികയുടെയും ചെലവിന്റേയും പേരു പറഞ്ഞ് പ്രത്യേക വണ്ടിക്കുള്ള സാധ്യതകളെക്കുറിച്ച് കേരള സർക്കാർ ഉദ്യോഗസ്ഥർ കൈമലർത്തിയതിനാലാണ് തങ്ങൾക്കു നടപ്പു സമരം പ്രഖ്യാപിക്കേണ്ടിവന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു.നടപടി തുടങ്ങിവിദ്യാർഥികളുടെ പ്രശ്നം പരിഹരിക്കാൻ നടപടിയുമായി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലേക്ക് ട്രെയിൻ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികളും ഒറ്റപ്പെട്ടുപോയവരും വിവരം ശനിയാഴ്ചയ്ക്ക് മുന്പ് 7289940944, 8800748647, എന്നീ നമ്പറുകളിൽ വിവരമറിയിക്കണമെന്ന് കേരള ഹൗസ് റസിഡന്റ് കമ്മിഷണർ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3dHKBPc
via
IFTTT