വാകത്താനം (കോട്ടയം): വസ്തുവിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ എൺപതുകാരൻ സമപ്രായക്കാരനായ അയൽവാസിയെ വീട്ടിൽക്കയറി കോടാലിയുടെ മാടുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. വാകത്താനം പൊങ്ങന്താനം മുടിത്താനംകുന്ന് കരപ്പാറ പുതുപ്പറമ്പിൽ ഔസേപ്പ് ചാക്കോ (കൂഞ്ഞൂഞ്ഞ്) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ മുടിത്താനംകുന്ന് കരിക്കണ്ടത്തിൽ കെ.എം.മാത്യുവിനെ വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു. ഇവർ തമ്മിൽ വസ്തുവും വഴിയുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഔസേപ്പ് ചാക്കോയുടെ വീട്ടിലെത്തിയ മാത്യു അടുക്കളയിൽ കയറി ഗ്യാസ് കണക്ഷൻ വിച്ഛേദിച്ച് തീകൊളുത്തി. പുറത്തിറങ്ങി മുറ്റത്ത് ചീരയില നുള്ളിക്കൊണ്ടുനിന്ന ഔസേപ്പിന്റെ മുഖത്തേക്ക് കുപ്പിയിൽ കരുതിയിരുന്ന ആസിഡ് ഒഴിച്ചു. വീണുപോയ ഔസേപ്പിന്റെ തലയ്ക്കു പിൻഭാഗത്ത് കോടാലിയുടെ മാടിന് അടിച്ചു. പിന്നീട് കാലിനും അടിച്ചു. അടിയുടെ ആഘാതത്തിൽ തലയ്ക്കു പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റ ഔസേപ്പ് സ്ഥലത്തുതന്നെ മരിച്ചു. ചോര പുരണ്ട കോടാലി മുറ്റത്ത് ഉപേക്ഷിച്ച് മാത്യു മടങ്ങി. വീടിനുള്ളിൽ തീപടരുന്നത് കണ്ട അയൽവാസിയായ സ്ത്രീ ബഹളംവെച്ച് ആളെക്കൂട്ടി. വാകത്താനം സി.ഐ. കെ.പി.ടോംസണിന്റെ നേതൃത്വത്തിൽ പോലീസും ചങ്ങനാശ്ശേരിയിൽനിന്ന് അഗ്നിരക്ഷാസേനയുമെത്തി. മാത്യുവിന്റെ വീട്ടിലെത്തിയ പോലീസ് ഇയാളെ അപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. എസ്.സുരേഷ് കുമാർ എന്നിവർ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കോടാലിയിൽനിന്ന് മണം പിടിച്ച നായ നേരേ മാത്യുവിന്റെ വീട്ടിലേക്ക് ഓടിക്കയറി. ഔസേപ്പിന്റെ ഭാര്യ: ഏലിയാമ്മ പരുത്തുംപാറ മള്ളിയിൽ വട്ടമല കുടുംബാംഗം. മക്കൾ: ഷാജി (ഡൽഹി), ഷാബു (അയർലൻഡ്), ഷീബ (ഡൽഹി). മരുമക്കൾ: ലിസി, ലീന, റെജി. ശവസംസ്കാരം പിന്നീട്. Content Highlight: 80 year old man killed neighbor with ax in Kottayam
from mathrubhumi.latestnews.rssfeed https://ift.tt/3fSLZ3b
via
IFTTT