Breaking

Saturday, May 16, 2020

കോവിഡ് വ്യാപനം: മഞ്ചേശ്വരത്തെ സി.പി.എം. നേതാവിന്റെ പേരിൽ കേസ്

കാസർകോട്: മഹാരാഷ്ട്രയിൽനിന്ന് ചരക്കുലോറിയിൽ അതിർത്തി കടന്നെത്തിയ ബന്ധുവിനെ സ്വീകരിച്ച സി.പി.എം. പ്രാദേശിക നേതാവിന്റെ പേരിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. കോവിഡ് രോഗസാധ്യതയുമായി എത്തിയയാളുമായി സമ്പർക്കമുണ്ടായിട്ടും സമൂഹത്തിനു ഭീഷണിയാകുന്ന തരത്തിൽ പെരുമാറിയതിനാണ് കേസെന്ന് ഇൻസ്പെക്ടർ ഇ. അനൂപ് കുമാർ പറഞ്ഞു. മേയ് നാലിനാണ് നേതാവിന്റെ ബന്ധു നാട്ടിലെത്തിയത്. അദ്ദേഹത്തെ നേതാവ് കാറിൽകയറ്റി വീട്ടിലെത്തിക്കുകയായിരുന്നു. മേയ് 11-ന് രോഗലക്ഷണം കാണിച്ചതിനെത്തുടർന്ന് ബന്ധുവിനെ ആശുപത്രിയിലെത്തിച്ചു. ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചശേഷമാണ് നേതാവ് നിരീക്ഷണത്തിൽപ്പോയത്. രോഗം സ്ഥിരീകരിച്ച നേതാവും പഞ്ചായത്തംഗമായ ഭാര്യയും രണ്ടുമക്കളും ചികിത്സയിലാണ്. ഇതിനിടെ, നേതാവ് കാഞ്ഞങ്ങാട് ജില്ലാആശുപത്രിയിൽ മൂന്നുതവണ അർബുദരോഗിയെ സന്ദർശിച്ചു. അവിടത്തെ കാൻസർ വാർഡ്, ലാബ്, എക്സ്-റേ റൂം എന്നിവിടങ്ങളിലും പ്രവേശിച്ചു. ഇയാൾക്ക് രോഗംസ്ഥിരീകരിച്ചതോടെ ജില്ലാആശുപത്രിയിലെ അർബുദരോഗ ഒ.പി. പൂട്ടി. രണ്ട് ഡോക്ടർമാരുൾപ്പെടെ 20 ആരോഗ്യപ്രവർത്തകർക്ക് നിരീക്ഷണത്തിൽപോകേണ്ടിയുംവന്നു. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി -കളക്ടർ ജില്ലാ മെഡിക്കൽഓഫീസറുടെ റിപ്പോർട്ട് കിട്ടിയാലുടൻ പകർച്ചവ്യാധി തടയൽ ഓർഡിനൻസ് പ്രകാരം തുടർനടപടി സ്വീകരിക്കുമെന്ന് കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. രോഗസാധ്യതയുള്ള ആളുമായി അടുത്തിടപഴകിയിട്ടും സി.പി.എം. നേതാവ് ഏഴുദിവസമെങ്കിലും നിരീക്ഷണത്തിൽപ്പോകാത്തത് തെറ്റാണെന്ന് ജില്ലാ മെഡിക്കൽഓഫീസർ ഡോ. എ.വി. രാംദാസ് പ്രതികരിച്ചു. വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് ഡി.എം.ഒ. പറഞ്ഞു. Content Highlight: Corona spreading: Case against CPM leader in Manjeswaram


from mathrubhumi.latestnews.rssfeed https://ift.tt/3bB3BNK
via IFTTT