ന്യൂഡൽഹി: തിങ്കളാഴ്ച അടച്ചിടലിന്റെ നാലാംഘട്ടം തുടങ്ങുമ്പോൾ ഹോട്സ്പോട്ടുകളിലൊഴികെ തീവണ്ടി, ആഭ്യന്തരവിമാനം എന്നിവയുൾപ്പെടെയുള്ള പൊതുഗതാഗത സൗകര്യങ്ങൾ പുനരാരംഭിക്കണമെന്ന് സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഹോട്സ്പോട്ടുകൾ തീരുമാനിക്കാനുള്ള അധികാരം പൂർണമായും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായിരിക്കുമെന്ന് അധികൃതർ വെള്ളിയാഴ്ച പറഞ്ഞു. സ്കൂൾ, കോളേജ്, മാൾ, സിനിമാതിയേറ്റർ എന്നിവ രാജ്യത്തൊരിടത്തും തുറക്കാൻ അനുവദിക്കില്ല. സലൂൺ, ബാർബർേഷാപ്പ്, കണ്ണടക്കട എന്നിവ ചുവപ്പുമേഖലകളിലും തുറക്കാൻ അനുവദിച്ചേക്കും. എന്നാൽ, അതിതീവ്രമായ കണ്ടെയ്ൻമെന്റ് പ്രദേശങ്ങളിൽ ഇവ തുറക്കാൻ സമ്മതിക്കില്ല. മൂന്നാംഘട്ട അടച്ചിടൽ ഞായറാഴ്ച അവസാനിക്കാനിരിക്കേ ഇനി എങ്ങനെ മുന്നോട്ടുപോകണമെന്നതുസംബന്ധിച്ച് നിർദേശങ്ങൾ നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരോട് നിർദേശിച്ചിരുന്നു. ഒരു സംസ്ഥാനവും അടച്ചിടൽ പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും സാമ്പത്തികപ്രവർത്തനങ്ങൾ പടിപടിയായി തുടങ്ങാൻ ആഗ്രഹമുണ്ടെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സർക്കാർ കേന്ദ്രങ്ങൾ പറഞ്ഞു. സമ്പദ്രംഗം പുനരുജ്ജീവിപ്പിക്കാനായി, രോഗം തീവ്രമായ ഇടങ്ങളിലൊഴികെ ഭൂരിപക്ഷം മേഖലകളിലും ഇളവ് അനുവദിക്കണമെന്നാണ് ആന്ധ്രാപ്രദേശ്, കേരളം, ഡൽഹി, കർണാടക, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ നിർദേശിച്ചിട്ടുള്ളത്. തമിഴ്നാട്ടിൽ കടകളിലും സ്വകാര്യസ്ഥാപനങ്ങളിലുംമറ്റും തൊഴിൽസമയം ദീർഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാനസർക്കാർ പുറപ്പെടുവിച്ചു. ഗുജറാത്ത് പ്രധാന നഗരങ്ങളുടെ പ്രവർത്തനം സാധാരണനിലയിലാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. തീവണ്ടിയോട്ടവും ആഭ്യന്തര വിമാനസർവീസുകളും പൂർണമായും പുനരാരംഭിക്കുന്നതിനോട് ബിഹാർ, തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങൾക്ക് യോജിപ്പില്ല. ഈ മാസം അവസാനംവരെയെങ്കിലും ഇവ പുനരാരംഭിക്കരുതെന്നാണ് അവ ആവശ്യപ്പെട്ടിരിക്കുന്നത്. െറേസ്റ്റാറന്റുകളും ഹോട്ടലുകളും തുറക്കാൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഓട്ടോ, ടാക്സി സർവീസുകൾ പുനരാരംഭിക്കണമെന്ന് ഡൽഹി സർക്കാർ ആവശ്യപ്പെട്ടു. നാലാംഘട്ട അടച്ചിടൽ പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തന്റെ തീരുമാനം വ്യക്തമാക്കിക്കഴിഞ്ഞു. തകർന്നുപോയ ഗ്രാമീണമേഖലയുൾപ്പെടെ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകുമെന്നാണ് അവർ പറഞ്ഞിട്ടുള്ളത്. എന്നാൽ, മറ്റുസംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ തിരിച്ചെത്തിയതോടെ കോവിഡ്-19 രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ബിഹാർ, ജാർഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളും അസമും പഞ്ചാബും അടച്ചിടലിൽ ഒരുവിധ ഇളവും വേണ്ടെന്ന തീരുമാനത്തിലാണ്. ആയിരത്തിനുമേലെ മരണം റിപ്പോർട്ടുചെയ്ത മഹാരാഷ്ട്ര ഇളവുകൾ പ്രഖ്യാപിക്കുന്നതിൽ വിയോജിപ്പ് അറിയിച്ചു. Content Highlights:Lockdown public transport
from mathrubhumi.latestnews.rssfeed https://ift.tt/2zMKOlh
via
IFTTT